എ.കെ.ജി സെന്റർ ആക്രമണം: ഹർജി വീണ്ടും പരിഗണിക്കണം

Sunday 30 June 2024 1:56 AM IST

തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ടുള്ള സ്വകാര്യ ഹർജി തള്ളിയ കീഴ്‌‌കോടതി നടപടി ശരിയല്ലെന്നും ഹർജി വീണ്ടും പരിഗണിക്കണമെന്നും ജില്ലാ കോടതി. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിന്റെ നടപടികളെയാണ് ഒന്നാം അ‌ഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.പി.അനിൽ കുമാർ തള്ളിയത്.


2022 ജൂൺ 30ന് രാത്രി 11.45ന് എ.കെ.ജി സെന്ററിന് നേരെയുണ്ടായ പടക്കമേറിൽ വൻ സ്‌ഫോടന ശബ്ദമാണ് കേട്ടതെന്ന ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജന്റെയും മുൻമന്ത്രി പി.കെ.ശ്രീമതിയുടെയും പ്രസ്താവനകൾ കലാപ ആഹ്വാനമാണെന്നും കേസ് എടുക്കണമെന്നുമുള്ള ഹർജിയാണ് മജിസ്‌ട്രേറ്റ് കോടതി തളളിയത്. ഇതിനെതിരെയാണ് കണിയാപുരം സ്വദേശി നവാസ് ജില്ലാ കോടതിയെ സമീപിച്ചത്.

ഹർജി വീണ്ടും പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നാണ് ജില്ലാ കോടതി നിർദ്ദേശം. സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കാതെ ഹർജി തളളിയ നടപടി ശരിയല്ലെന്നും നിരീക്ഷിച്ചു. ഹർജി വീണ്ടും പരിഗണിക്കുമ്പോൾ മജിസ്‌ട്രേറ്റിന് സ്വതന്ത്രമായ തീരുമാനം എടുക്കാമെന്നും ജില്ലാ കോടതി നിരീക്ഷണങ്ങൾ അതിന് തടസമല്ലെന്നും ഉത്തരവിൽ പറയുന്നു.

Advertisement
Advertisement