കൊച്ചിയിൽ കേരള പൊലീസിനെ മണിക്കൂറുകൾ മുട്ടിടിപ്പിച്ചത് 25 നായ്ക്കൾ, ഒടുവിൽ സംഭവിച്ചത്

Sunday 30 June 2024 11:40 AM IST

കൊച്ചി: അക്രമകാരികളായ 25 ലധികം നായ്ക്കൾ. വീണ്ടെടുക്കേണ്ട തൊണ്ടിമുതലാകട്ടെ ഇവയുടെ കൂട്ടിലും ! കടവന്ത്രയിലെ സ്പാ ജീവനക്കാരിയെ മർദ്ദിച്ച് അവശയാക്കി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ തെളിവെടുപ്പിന് എത്തിയപ്പോഴാണ് നായ്ക്കൾ പൊലീസിന് വെല്ലുവിളിയായത്. പ്രതികളിൽ ഒരാളായ തൃശൂർ സ്വദേശി ആകാശ് വർഗീസിന്റെ (30) ചുവന്നമണ്ണിലെ വീട്ടിലെ നായ്ക്കളുടെ ഫാമിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. നായ്ക്കളെയെല്ലാം അഴിച്ചിട്ടിരിക്കുകയായിരുന്നു. നായ്ക്കളെ മെരുക്കാൻ പലവിധ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഒടുവിൽ ആകാശിന്റെ സഹോദരിയെ സ്ഥലത്തെത്തിച്ച് നായ്ക്കളെ ഇവിടെ നിന്ന് മാറ്റി. ആകാശ് അറസ്റ്റിലായതിന് ശേഷം നായ്ക്കൾക്ക് വെള്ളംപോലും നൽകിയിരുന്നില്ല. വെള്ളിയാഴ്ചയായിരുന്നു തെളിവെടുപ്പ്.

ഈമാസം 14 പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. കതൃക്കടവിലെ സി.ബി.ഐ ക്വാട്ടേഴ്‌സിന് സമീപം സ്പായിൽ ജോലിചെയ്യുന്ന ഉദയംപേരൂർ സ്വദേശിനിയായ ജീവനക്കാരിയാണ് അക്രമത്തിന് ഇരയായത്. എറണാകുളം കറുകപ്പള്ളി സ്വദേശിയും തൃശൂർ സ്വദേശിയുമായിരുന്നു സ്പാ ഉടമകൾ. സൈബർ രംഗത്ത് വിദഗ്ദ്ധനായ കറുകപ്പള്ളി സ്വദേശിയോട് പ്രതികൾ ഒരു പ്രവാസിയുടെ വിവരങ്ങൾ ഹാക്ക് ചെയ്ത് നൽകാമോയെന്ന് ആവശ്യപ്പെട്ടിരുന്നു. വിസമ്മതിച്ചതിലെ വിരോധമാണ് ആക്രമണത്തിന് പിന്നിൽ.യുവതിയുമായുള്ള കറുകപ്പള്ളി സ്വദേശിയുടെ അടുപ്പം മനസിലാക്കിയായിരുന്നു ആക്രമണം.

പരാതി ലഭിച്ച് മണിക്കൂറുകൾക്കകം നോർത്ത് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. തൃശൂർ പെരുങ്ങാട്ടുകര അയ്യാണ്ടി വീട്ടിൽ രാകേഷ് (കൈക്കുരു രാകേഷ്), തൃശൂർ പാലുശേരി പ്രാമംഗലം വീട്ടിൽ നിഖിൽ വിജയസത്യാനന്ദൻ (30), തൃശൂർ പാടൂർ മമ്മശ്രയത്തിൽ വീട്ടിൽ സിയാദ് സലാം (27) എന്നിവരാണ് മറ്റു പ്രതികൾ.

ഗൂർഖാ കത്തിയും വടിവാളും കണ്ടെടുത്തു

പ്രതികൾ ഉപയോഗിച്ചിരുന്നു ഗൂർഖാ കത്തിയും വടിവാളും ഇരുമ്പ് വടികളും പൊലീസ് കണ്ടെടുത്തു. സ്പായ്ക്ക് സമീപത്തെ കൂട്ടിയിട്ടിരുന്ന വാട്ടർഅതോറിട്ടിയുടെ കുടിവെള്ള പൈപ്പിനുള്ളിലാണ് ഇവ ഒളിപ്പിച്ചത്. ഇവർ ഉപയോഗിച്ച കാർ കോയമ്പത്തൂരിലേക്ക് മാറ്റിയെന്നായിരുന്നു ആദ്യമൊഴി. കാർ പിന്നീട് തൃശൂർ അന്തിക്കാട് അമ്പലക്കാട് ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

Advertisement
Advertisement