അന്യഗ്രഹജീവികളുടെ പേടകം? രാത്രിയിൽ കണ്ട വിചിത്ര ദൃശ്യം പകർത്തി ദമ്പതികൾ, അമ്പരന്ന് ജനങ്ങൾ

Sunday 30 June 2024 12:25 PM IST

ഇന്നും പൂർണമായി മനുഷ്യന് കണ്ടെത്താൻ കഴിയാത്ത നിരവധി കാര്യങ്ങൾ നമ്മുടെ ഭൂമിയിലും പ്രപഞ്ചത്തിലുമുണ്ട്. എത്രതന്നെ പരീക്ഷണങ്ങൾ നടത്തിയാലും ഇന്നും പല ചോദ്യത്തിനും ഉത്തരമില്ല. ഇപ്പോഴിതാ അടുത്തിടെ ഒരു കനേഡിയൻ ദമ്പതികൾ കണ്ട വിചിത്രമായ പ്രകാശത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. കഴിഞ്ഞ മേയ് 14നാണ് ദമ്പതികൾ ഈ വീഡിയോ പങ്കുവച്ചത്. മാനിറ്റോബയിലെ ഫോർട്ട് അലക്‌സാണ്ടറിലെ വിന്നിപെഗ് നദിയിലാണ് സംഭവം നടക്കുന്നത്.

മഞ്ഞ വെളിച്ചമുള്ള ഒരു അജ്ഞാത പറക്കുന്ന വസ്തുവാണ് ഇവർ കണ്ടത്. ശബ്‌ദമില്ലാതെ വായുവിൽ സൂര്യന് സമാനമായി ഒരു വസ്തു നിൽക്കുന്നത് പുറത്തുവന്ന വീഡിയോയിൽ കാണാം. നദിയുടെ മുകളിലൂടെ ഇത് സഞ്ചരിച്ച് ഒരു ഭാഗത്ത് നിൽക്കുന്നതും അപ്പുറത്ത് നിന്ന് മറ്റൊരു പറക്കുന്ന വസ്തു പറന്നുവരുന്നതും വീഡിയോയിൽ കാണാം. ഇത് എന്താണെന്ന് വീഡിയോ എടുത്തയാൾ ചോദിക്കുന്നുമുണ്ട്. രണ്ട് മിനിട്ടുള്ള വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. നിരവധി കമന്റും വരുന്നുണ്ട്.

'അന്യഗ്രഹജീവികളുടെ പേടകമാണോ?', 'സെെനിക പരിശീലമായിരിക്കും', 'കണ്ടിട്ട് തന്നെ പേടിയാകുന്നു', 'ഇത്തരത്തിലുള്ള പേടകം എന്റെ വീട്ടിന്റെ അടുത്ത് കണ്ടിട്ടുണ്ട്', തുടങ്ങിയ കമന്റുകളാണ് വരുന്നത്.

ഇത്തരത്തിൽ ഒരു വസ്തു കഴിഞ്ഞ ആഴ്ച തന്റെ ട്രക്കിന് മുകളിലൂടെ പിന്തുടർന്നെന്നും ഏകദേശം അഞ്ച് മിനിട്ടിന് ശേഷമാണ് അത് പോയതെന്നും ഒരാൾ പ്രതികരിച്ചു. ഒരു സയൻസ് ഫിക്ഷൻ സിനിമപോലെ തോന്നിയെന്നാണ് ദമ്പതികൾ പറയുന്നത്. ശരിക്കും അത് എന്താണെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Advertisement
Advertisement