സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റിയിട്ടും ആര്‍ത്തി, പോക്‌സോ പ്രതിയുടെ വെളിപ്പെടുത്തലില്‍ 'റാക്കറ്റ്' പൊളിഞ്ഞേക്കും

Sunday 30 June 2024 10:08 PM IST

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിക്ക് ജാമ്യം ലഭിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് വനിതാ അഭിഭാഷക ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപ. സംഭവത്തില്‍ ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സിലിലെ മുഴുവന്‍ അഭിഭാഷകര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഗുരുതരമായ ആരോപണങ്ങളുമായി വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം ബാര്‍ അസോസിയേഷനാണ് പരാതിയുമായി രംഗത്ത് വന്നത്.

തിരുവനന്തപുരം പോക്‌സോ കോടതിയില്‍ അരങ്ങേറിയ നാടകീയമായ രംഗങ്ങള്‍ വമ്പന്‍ റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ 52കാരന്‍ മണിയന്‍ പ്രതിയായ പോക്‌സോ കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. പാചകത്തൊഴിലാളിയായ മണിയന് വേണ്ടി ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ അംഗമായ അഡ്വക്കേറ്റ് സ്വപ്‌നയുടെ ജൂനിയറായ വക്കീല്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തു. ഈ സമയത്ത് താനാണ് പ്രതിയുടെ അഭിഭാഷകന്‍ എന്ന് കോടതിയിലുണ്ടായിരുന്ന അഫ്‌സല്‍ ഖാന്‍ ജഡ്ജിയെ അറിയിച്ചു.

തുടര്‍ന്ന് പ്രതിയോട് ജഡ്ജി നേരിട്ട് ആര്‍ക്കാണ് വക്കാലത്ത് നല്‍കിയതെന്ന് ചോദിച്ചപ്പോഴാണ് വമ്പന്‍ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. 2024 ഏപ്രില്‍ 11ന് മണിയനെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ ജയിലില്‍ പ്രതി റിമാന്‍ഡില്‍ കഴിയുമ്പോഴാണ് ലീഗല്‍ സര്‍വീസസ് അഭിഭാഷകയായ തനിക്ക് സര്‍ക്കാര്‍ അഭിഭാഷകരില്‍ സ്വാധീനമുണ്ടെന്നും പറഞ്ഞാണ് തന്നെ സമീപിച്ചതെന്നാണ് പ്രതി വെളിപ്പെടുത്തിയത്. ജാമ്യമെടുക്കാനും കേസില്‍ നിന്ന് രക്ഷിക്കാനും സഹായിക്കാമെന്ന് വാഗ്ദാനം ചെയ്‌തെന്നും ഇതിനായി രണ്ട് ലക്ഷം രൂപ നല്‍കിയാല്‍ മതിയെന്നും ആവശ്യപ്പെട്ടു.

നിലവിലുള്ള വക്കാലത്ത് ഒഴിയണമെന്നും നിര്‍ദ്ദേശിച്ചിരുന്നുവെന്നാണ് പോക്‌സോ കോടതിയില്‍ പ്രതി വെളിപ്പെടുത്തിയത്. ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കീഴിലുള്ള ലീഗല്‍ ഡിഫന്‍സ് എയ്ഡ് അംഗങ്ങളായ അഭിഭാഷകര്‍ സര്‍ക്കാര്‍ നല്‍കുന്ന ശമ്പളം കൈപ്പറ്റിയ ശേഷമാണ് സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍മാരെ വരെ പരിചയമുണ്ടെന്ന വ്യാജ അവകാശവാദങ്ങളുന്നയിച്ച് പ്രതികളെ സമീപിക്കുകയും ലക്ഷങ്ങള്‍ തട്ടുകയും ചെയ്യുന്നതെന്ന് ബാര്‍ അസോസിയേഷന്‍ ആരോപിക്കുന്നു.

തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസിന്റെ കീഴില്‍ പ്രാക്ടീസ് ചെയ്യുന്ന ലീഗല്‍ എയിഡ് ഡിഫെന്‍സ് കൗണ്‍സല്‍മാര്‍ സ്ഥിരമായി വെച്ച് നടത്തി വരുന്ന ഒരു പരിപാടിയാണ് അഡ്വ അഫ്‌സല്‍ ഖാന്‍ നേരിട്ട് കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയത്. പോക്‌സോ ജില്ലാ ജഡ്ജ് ഈ കാര്യം ഓര്‍ഡര്‍ ഷീറ്റില്‍ രേഖപ്പെടുത്തുകയും ചെയ്തു. കഷ്ടപ്പെട്ട് പഠിച്ചു വക്കീല്‍ പണി നടത്തി ഉപജീവനം നടത്തുന്ന വക്കീലന്മാരുടെ തൊഴിലിനോടുള്ള പ്രതിബദ്ധതയും വിശ്വാസവും ആണ് ലീഗല്‍ എയിഡ് കൗണ്‍സല്‍മാര്‍ ഇല്ലാതാക്കിവരുന്നതെന്നും ബാര്‍ അസോസിയേഷന്‍ ആരോപിക്കുന്നു.

കഴിഞ്ഞ കുറെ നാളുകളായി ഇക്കൂട്ടര്‍, ഏതെങ്കിലും പ്രതികളുടെ കസ്റ്റഡി വിവരം അറിഞ്ഞാല്‍ ഉടന്‍ അതാതു പോലീസ് സ്റ്റേഷനുകളിലേക്ക് കടന്നു ചെല്ലുകയും, 'സൗജന്യ നിയമ സഹായം' എന്ന ലേബലില്‍ പ്രതികളെ പറഞ്ഞു പറ്റിച്ചു സ്വന്തം നിലയില്‍ കേസ് കൈക്കലാക്കുകയുമാണ് ചെയ്യുന്നത്. സര്‍ക്കാര്‍ ശമ്പളത്തിന് പുറമേ ഇത്തരം കേസുകളിലെ പ്രതികളില്‍ നിന്നുള്ള തുകയും കൈപ്പറ്റുകയും മറ്റ് അഭിഭാഷകര്‍ക്ക് കേസ് ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നാണ് പ്രധാന ആരോപണമായി ബാര്‍ അസോസിയേഷന്‍ ഉന്നയിക്കുന്നത്.

സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ഭീമമായ ശമ്പളം വാങ്ങി പോക്കറ്റില്‍ ഇട്ടുകൊണ്ടതാണ് ഈ പരിപാടിയെന്നും ബാര്‍ അസോസിയേഷന്‍ പറയുന്നു. പ്രതിയില്‍ നിന്നും ഭീമമായ വക്കീല്‍ ഫീസ് ഇതിലൂടെ കൈക്കലാക്കുന്ന ഇവര്‍, തങ്ങള്‍ സര്‍ക്കാര്‍ വക്കീലാണ് , പ്രോസിക്യൂട്ടര്‍മാര്‍ എല്ലാവരും തങ്ങളുടെ ആള്‍ക്കാര്‍ ആണ് , കൂടാതെ ജഡ്ജിമാരെല്ലാം നമുക്ക് വേണ്ടപ്പെട്ടവരാണ് തുടങ്ങിയ അവകാശവാദങ്ങള്‍ നിരത്തി, ഒരിക്കലും വക്കീല്‍പ്പണിക്ക് നിരക്കാത്ത രീതിയില്‍ കേസുകള്‍ തട്ടിയെടുത്താണ് ഇവര്‍ മറ്റ് വക്കീലന്മാരെ തൊഴില്‍മേഖലയില്‍ തകര്‍ക്കുകയും തളര്‍ത്തുകയും ചെയ്തു വരുന്നത് .

ആരും പ്രതിക്കാതിരുന്ന സാഹചര്യം ഇക്കൂട്ടര്‍ ശരിക്കും മുതലെടുത്തു വന്നിരുന്നു. കഴിഞ്ഞ ആഴ്ച കോടതിയില്‍ അരങ്ങേറിയ നാടകീയ രംഗങ്ങളാണ് ആദ്യമായി ലീഗല്‍ എയിഡ് ഡിഫെന്‍സ് കൗണ്‍സല്‍മാരെ കുടുക്കിയിരിക്കുന്നത്. വിഷയത്തില്‍ വാക്കാലത്തു ഇട്ടിരിക്കുന്നത് അറിയാതെ ജയിലില്‍ ഒരു പ്രതിയെ സന്ദര്‍ശിച്ചു രണ്ട് ലക്ഷം രൂപ വക്കീല്‍ ഫീസ് ആവശ്യപ്പെട്ടതാണ് ലീഗല്‍ എയിഡ് കൗണ്‍സല്‍മാര്‍ക്ക് വിനയായത്. ഇക്കാര്യം റിമാന്‍ഡ് പ്രതി തന്നെ കോടതിക്ക് മൊഴി നല്‍കുകയും ചെയ്തു. ഇതോടെയാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി സമര്‍പ്പിക്കുന്ന ഘട്ടത്തിലേക്ക് ബാര്‍ അസോസിയേഷന്‍ എത്തിയത്.

എന്നാല്‍ പ്രതിക്ക് നിയമസഹായം നല്‍കാന്‍ കോടതിയില്‍ നിന്നും അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും, കോടതി അന്വേഷിക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അഭിഭാഷകയായ സ്വപ്ന പ്രതികരിച്ചു.

Advertisement
Advertisement