ഇന്ത്യൻ കല്യാണങ്ങളിൽ കോടികളുടെ കിലുക്കം

Monday 01 July 2024 12:56 AM IST

കൊച്ചി: ആഘോഷങ്ങൾക്ക് ആവേശമേറിയതോടെ ഇന്ത്യൻ കല്യാണ വിപണിയുടെ മൂല്യം പത്ത് ലക്ഷം കോടി രൂപ കവിഞ്ഞു. കൊവിഡിന് ശേഷം ഇന്ത്യക്കാരുടെ കല്യാണ ആഘോഷങ്ങൾ ആർഭാടത്തിന്റെ അവസാന വാക്കായി മാറുകയാണെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. അതിസമ്പന്നർ മുതൽ ഗ്രാമീണ മേഖലകളിലെ സാധാരണക്കാർ വരെ കല്യാണ വിപണിയിൽ മുടക്കുന്ന പണത്തിൽ വലിയ വർദ്ധന കഴിഞ്ഞ വർഷങ്ങളിൽ ദൃശ്യമായി. സാങ്കേതികവിദ്യയടെ വികാസവും സോഷ്യൽ മീഡിയയുടെ സ്വാധീനവും രാജ്യത്തെ വിവാഹ വിപണിയിൽ വിപ്ളവകരമായ മാറ്റങ്ങളുണ്ടാക്കി. ഭക്ഷ്യ, പലവ്യഞ്ജന മേഖല കഴിഞ്ഞാൽ ഏറ്റവുമധികം മൂല്യമുള്ള വിപണിയാണ് വിവാഹ ആഘോഷങ്ങൾ.

പ്രതിവർഷം 80 ലക്ഷം മുതൽ ഒരു കോടി വരെ വിവാഹങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്. ചൈനയിൽ പ്രതിവർഷ വിവാഹങ്ങളുടെ എണ്ണം 70 - 80 ലക്ഷം മാത്രമാണ്. അമേരിക്കയിലിത് ശരാശരി 20 - 25 ലക്ഷം വരെയാണ്.

അമേരിക്കയിലെ കല്യാണ വിപണിയുടെ ഇരട്ടി വലുപ്പമാണ് ഇന്ത്യയിലേതെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ജെഫ്രീസിന്റെ റിപ്പോർട്ട് പറയുന്നു. അമേരിക്കയിൽ വിവാഹ ചടങ്ങുകളോട് അനുബന്ധിച്ച് പ്രതിവർഷം 7,000 കോടി ഡോളറും ചൈനയിൽ 17,000 കോടി ഡോളറുമാണ് ചെലവഴിക്കുന്നത്. ഇന്ത്യയിലിത് 13,000 കോടി ഡോളറാണ്.

പ്രത്യേക വിഭാഗമായി കണക്കിലെടുത്താൽ 68,100 കോടി ഡോളർ മൂല്യമുള്ളതാണ് ഇന്ത്യൻ കല്യാണ വിപണി.

വിദ്യാഭ്യാസ മേഖലയ്ക്കായി ചെലവഴിക്കുന്നതിന്റെ ഇടട്ടിയിലധികം തുകയാണ് കുടുംബങ്ങൾ ഇന്ത്യയിൽ വിവാഹത്തിനായി ചെലവഴിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ദിവസങ്ങൾ നീളുന്ന ആഘോഷങ്ങൾ

ഉത്തരേന്ത്യയിൽ വിവിധ വിഭാഗങ്ങൾ രണ്ട് ദിവസം മുതൽ മാസങ്ങൾ വരെ നീളുന്ന ആഘോഷങ്ങളുമായാണ് വിവാഹം കൊണ്ടാടുന്നത്. കല്യാണ നിശ്ചയം മുതൽ താലികെട്ടും പിന്നീടുള്ള വിരുന്നുകളും വരെ പരമാവധി വർണാഭമാക്കും. വസ്ത്രങ്ങൾ, ആഭരണങ്ങൾ, വാഹനങ്ങൾ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, ഭക്ഷണം, സോഷ്യൽ മീഡിയ, ഫോട്ടോഗ്രഫി തുടങ്ങിയ വിപണികളിൽ വലിയ വ്യാപാരം വിവാഹത്തോടനുബന്ധിച്ച് നടക്കും. സെലിബ്രിറ്റികളെ പങ്കെടുപ്പിക്കുന്നതിനും പ്രചാരണങ്ങൾ നടത്തുന്നതിനും കല്യാണങ്ങളിൽ അധിക തുക ചെലവഴിക്കാറുണ്ട്. ദേശം, മതം, ജാതി, വർഗം എന്നിവ അനുസരിച്ച് കല്യാണ ചെലവുകളിൽ മാറ്റങ്ങളുണ്ടാകും. ലളിതമായി ചെറുക്കനും പെണ്ണും ചുരുക്കം സുഹ്യത്തുക്കളും പങ്കെടുക്കുന്നതു മുതൽ മാസങ്ങൾ നീളുന്ന അത്യാഡംബര വിവാഹങ്ങൾ വരെ ഇന്ത്യൻ വിപണിയിൽ നടക്കുന്നു.

ഇന്ത്യൻ വിവാഹ വിപണിയുടെ വലിപ്പം

പത്ത് ലക്ഷം കോടി രൂപ

കളറാണ് കല്യാണം

സാമ്പത്തികശേഷി നോക്കാതെ കല്യാണങ്ങൾ പരമാവധി കളറാക്കാനാണ് ഇന്ത്യക്കാർ താത്പര്യപ്പെടുന്നത്. ഇക്കാര്യത്തിൽ ജാതി, മത, ദേശ ഭേദമില്ലെന്നും ജെഫ്രീസിന്റെ റിപ്പോർട്ടിൽ പറയുന്നു. മത്സര സ്വഭാവം കൂടുതലായതിനാൽ കടം വാങ്ങിയും ഏറ്റവും മികച്ച ആഘോഷങ്ങളോടെ കല്യാണം ഗംഭീരമാക്കുന്നവരുടെയും എണ്ണം കൂടുകയാണ്.

Advertisement
Advertisement