ബാര്‍ബഡോസില്‍ മഴയും ചുഴലിക്കാറ്റ് മുന്നറിയിപ്പും, വിമാനത്താവളം അടച്ചു; ലോകചാമ്പ്യന്‍മാരുടെ മടക്കം വൈകും

Sunday 30 June 2024 11:18 PM IST

ബാര്‍ബഡോസ്: ശനിയാഴ്ച ട്വന്റി 20 ലോകക്പ്പ് ഫൈനലിന് വേദിയായ ബാര്‍ബഡോസില്‍ നിന്നുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മടക്കം പ്രതിസന്ധിയില്‍. കനത്ത മഴയും ചുഴലിക്കാറ്റ് മുന്നറിയിപ്പും ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥയാണ് ലോകചാമ്പ്യന്‍മാരുടെ നാട്ടിലേക്കുള്ള മടക്കം വൈകുന്നതിന് കാരണം. നിലവില്‍ ഹോട്ടലില്‍ തന്നെ കഴിയുകയാണ് ടീം അംഗങ്ങള്‍.

കാലാവസ്ഥ അനുകൂലമായി മാറിയാല്‍ തിങ്കളാഴ്ച അല്ലെങ്കില്‍ ചൊവ്വാഴ്ച രോഹിത് ശര്‍മ്മയും സംഘവും നാട്ടിലേക്ക് മടങ്ങും. നിലവില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പെത്തിയതിനെ തുടര്‍ന്ന് ബാര്‍ബഡോസ് വിമാനത്താവളം അടച്ചിരിക്കുകയാണ്. കപ്പുമായി നാട്ടിലെത്തുന്ന ഇന്ത്യന്‍ ടീമിന് വന്‍ സ്വീകരണമൊരുക്കാനുള്ള പദ്ധതിയിലാണ് ബിസിസിഐ എന്നാണ് വിവരം.

അതേസമയം, ഇന്ത്യയുടെ കിരീട നേട്ടത്തിന്റെ ആഘോഷത്തിലാണ് രാജ്യം. ഇന്നലെ ഇന്ത്യ ഫൈനല്‍ വിജയിച്ചത് മുതല്‍ രാജ്യത്ത് ഗ്രാമ നഗര വ്യത്യാസമില്ലാതെ ആഘോഷങ്ങള്‍ തുടരുകയാണ്. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് നീലപ്പടയുടെ വിജയം രാജ്യം ആഘോഷിക്കുന്നത്.

ലോകകപ്പ് നേടിയ താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ ടീമിന് ബോര്‍ഡിന്റെ വക 125 കോടി രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

വിരമിച്ച് കിംഗും ഹിറ്റ്മാനും, പിന്നാലെ ജഡ്ഡുവും

ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് കിരീടം നേടിയതിന് തൊട്ടുപിന്നാലെ ചില വിരമിക്കല്‍ പ്രഖ്യാപനങ്ങളുമെത്തി. ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ വിരാട് കൊഹ്ലിയാണ് ആദ്യം വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിജയികള്‍ക്കുള്ള ട്രോഫി ഏറ്റുവാങ്ങിയ നായകന്‍ രോഹിത് ശര്‍മ്മയും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇരുവര്‍ക്കും പിന്നാലെയാണ് മറ്റൊരു സീനിയര്‍ താരമായ രവീന്ദ്ര ജഡേജയും കുട്ടി ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ മൂന്ന് പേരും ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ തുടര്‍ന്നും കളിക്കും.

Advertisement
Advertisement