നൂൽപുഴക്കാർ പറയും 'ഡോ. ദാഹർ ഞങ്ങളുടെ ഭാഗ്യം"

Monday 01 July 2024 12:26 AM IST

തിരുവനന്തപുരം: ഡോ. ദാഹർ മുഹമ്മദ് എത്തിയതു മുതൽ നേട്ടങ്ങൾ മാത്രമാണ് വയനാട്, നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിന്റെ ചരിത്രം. എട്ടുവർഷത്തെ പരിശ്രമത്തിലൂടെയാണ് നൂൽപ്പുഴയെ വൻകിട സ്വകാര്യ ആശുപത്രികളെ വെല്ലുംവിധം മെഡിക്കൽ ഓഫീസറുടെ ചുമതല ഡോ. ദാഹർ (40) വളർത്തിയത്.

2015ലാണ് മലപ്പുറത്തുകാരനായ ഡോ. ദാഹർ നൂൽപ്പുഴയിലെത്തിയത്. മൂന്നുവർഷം കൂടുമ്പോൾ പൊതുസ്ഥലം മാറ്റമുണ്ടെങ്കിലും ഇവിടെയെത്താൻ ആർക്കും താത്പര്യമുണ്ടാകില്ല. ഇത് നൂൽപ്പുഴയ്‌ക്ക് അനുഗ്രഹമായി. പ്രായമായവർക്കും ആദിവാസികൾക്കും സൗജന്യ ആശുപത്രിയാത്ര ഉറപ്പാക്കുന്ന ഇ-ഓട്ടോ, രാവിലെ അഞ്ച് മുതൽ രാത്രി 10 വരെയുള്ള ഹൈടെക്ക് ജിംനേഷ്യം, 3ഡി ട്രെയിനിംഗ് ഉൾപ്പെടെയുള്ള തെറാപ്പികളുമായി ഫിസിയോതെറാപ്പി സെന്റർ, കാത്തിരിപ്പുകേന്ദ്രങ്ങൾ, ലിഫ്ടുകൾ എന്നിങ്ങനെ നീളുന്നു ഇവിടത്തെ പദ്ധതികൾ.

രണ്ടുവട്ടം എൻ.ക്യു.എ.എസ് അംഗീകാരം, ഇതിൽ 2018ൽ രാജ്യത്ത് ഒന്നാംസ്ഥാനം, സംസ്ഥാന സർക്കാരിന്റെ ആർദ്രകേരളം പുരസ്‌കാരം ഇങ്ങനെ നിരവധി അംഗീകാരങ്ങൾ നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രം നേടിയെടുത്തത് ഡോ. ദാഹറിന്റെ നേതൃത്വത്തിലായിരുന്നു. തമിഴ്നാട് - കർണാടക അതിർത്തി പങ്കിടുന്നിടമാണ് നൂഴപ്പുഴ പഞ്ചായത്ത്. തമിഴ്നാട്ടിലെ ഗൂഡല്ലൂർ, നീലഗിരി, കർണാടകയിലെ കുടക്, കുട്ട എന്നിവിടങ്ങളിലുള്ളവർക്കും ഏകാആശ്രയമാണിവിടം. സർക്കാരിന് മുമ്പേ നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രം ടെലിമെഡിസിൻ ലക്ഷ്യത്തിലേക്കെത്തിയിരുന്നു.

കേന്ദ്ര-സംസ്ഥാന-എം.പി-എം.എ.ൽ.എ ഫണ്ടുകൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന്റെ മാതൃകൂടിയാണ് നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രം. കൊച്ചിൻഷിപ്പിയാഡുൾപ്പെടയുള്ള സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടും തരപ്പെടുത്തും. ഷിബിലു ആണ് ഡോ. ദാഹറിന്റെ ഭാര്യ. മക്കൾ: ഡിംന, ദഹ്‌ലാൻ.

 ഗർഭിണികൾക്ക് ആശ്വാസമായി പ്രതീക്ഷാഭവൻ

ആദിവാസി ഗർഭിണികൾക്കും അനീമിയ ബാധിക്കുന്ന സ്ത്രീകൾക്കുമായി പ്രതീക്ഷാഭവൻ നിർമ്മിച്ചു. രാത്രിയിൽ ഊരുകളിലെ ഗർഭിണികളെ പ്രതീക്ഷാഭവനിൽ പാർപ്പിക്കും. ഊരിലെ ആയയുടെ പരിചരണം ഉറപ്പാക്കും. ആവശ്യഘട്ടത്തിൽ ആശുപത്രിയിലുമെത്തിക്കും. 18 കഴിഞ്ഞ സ്ത്രീകളിൽ അനീമിയ കണ്ടെത്താൻ നഴ്സുമാരെ ഊരിലയക്കും. പരിചരണം വേണ്ടവരെ ആഴ്ചയിൽ മൂന്നുദിവസം പ്രതീക്ഷാഭവനിലെത്തിക്കും. അയണടങ്ങിയ ഭക്ഷണങ്ങളും ഇൻജക്ഷനും ഉച്ചഭക്ഷണവും നൽകി തിരിച്ചെത്തിക്കും. ഇതാണ് അമ്മയുടെ താരാട്ട് പദ്ധതി. അദിവാസികുട്ടികളുടെ പോഷഹാകാരക്കുവ് പരിഹരിക്കുന്ന പദ്ധതിയാണ് ചാമ്പ്യൻ. പദ്ധതിയുടെ ഭാഗമായി ഇത്തരത്തിലുള്ള കുട്ടികളുടെ അമ്മമാരെ ആഴ്ചയിൽ മൂന്നുദിവസം പ്രതീക്ഷാഭവനിലെത്തിവച്ച് പോക്ഷക ആഹാരങ്ങൾ തയ്യറാക്കുന്നത് പഠിപ്പിക്കും. മടങ്ങുമ്പോൾ കുട്ടികൾക്ക് നൽകാനുള്ള സാധനങ്ങളും കൊടുത്തുവിടും. ഇതിന്റെ ഉദ്ഘാടനം ഈമാസമാണ്.

'ഡോക്ടറെന്ന നിലയിൽ എന്റെ സേവനം ഇവർക്ക് വേണ്ടിയാകണമെന്ന് തീരുമാനിച്ചു. അതിനുള്ള ശ്രമം നടത്തുന്നു. പഞ്ചായത്തു മുതൽ എല്ലാ ഔദ്യോഗിക സംവിധാനങ്ങളുടെയും പിന്തുണയുടെ നേട്ടമാണിത്".

- ഡോ. ദാഹർ മുഹമ്മദ്

Advertisement
Advertisement