ഉത്പാദന ശേഷി കുത്തനെ ഉയർത്താൻ ഇന്ത്യൻ കാർ കമ്പനികൾ

Monday 01 July 2024 12:18 AM IST

കൊച്ചി: ആഭ്യന്തര വിപണിയിലെ മികച്ച വളർച്ച കണക്കിലെടുത്ത് അധിക നിക്ഷേപത്തോടെ ഇന്ത്യയിലെ ഉത്പാദന ശേഷി ഉയർത്താൻ കാർ കമ്പനികൾ ഒരുങ്ങുന്നു. ആഭ്യന്തര മേഖലയിൽ 93 ശതമാനം വിപണി വിഹിതമുള്ള ഒൻപത് മുൻനിര കമ്പനികൾ ചേർന്ന് പ്രതിവർഷം മുപ്പത് ലക്ഷം കാറുകളുടെ ഉത്പാദനം സാദ്ധ്യമാക്കുന്ന വിധത്തിലുള്ള നിക്ഷേപത്തിനാണ് തയ്യാറെടുക്കുന്നത്. നിലവിൽ ഈ കമ്പനികൾ പ്രതിവർഷം 57.7 ലക്ഷം കാറുകളാണ് നിർമ്മിക്കുന്നത്. പുതിയ ഫാക്‌ടറികൾ ആരംഭിച്ചും നിലവിലുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തിയും കാർ നിർമ്മാണ ശേഷിയിൽ 52 ശതമാനം വർദ്ധന നേടാനാണ് പദ്ധതി. പുതിയ വികസന പദ്ധതികൾ പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ മൊത്തം കാർ നിർമ്മാണ ശേഷി പ്രതിവർഷം 87.5 ലക്ഷം യൂണിറ്റുകളായി ഉയരും. ഹൈഡ്രോകാർബണുകളിൽ ഓടുന്ന കാറുകൾക്കൊപ്പം ഹൈബ്രിഡ്, വൈദ്യുത വാഹനങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് നിർമ്മാണത്തിൽ വലിയ വളർച്ച ലക്ഷ്യമിടുന്നത്.

മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോർ, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കിയ മോട്ടോഴ്സ്, ടൊയോട്ട കിർലോസ്കർ, ഹോണ്ട കാർസ്, സ്‌കോഡ, വോക്‌സ്‌വാഗൻ. എം. ജി മോട്ടോഴ്സ് എന്നിവയെല്ലാം ഇന്ത്യയിൽ ഉത്പാദനം ഗണ്യമായി ഉയർത്താനുള്ള തയ്യാറെടുപ്പിലാണ്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ വിപണിയിൽ പ്രമുഖ കമ്പനികളെല്ലാം ചേർന്ന് 42 ലക്ഷം കാറുകളാണ് വിറ്റഴിച്ചത്. 2035ൽ ഇന്ത്യൻ ആഭ്യന്തര വിപണിയിലെ കാർ വിൽപ്പന 82 ലക്ഷം യൂണിറ്റുകളായി ഉയരുമെന്നാണ് പ്രമുഖ ഗവേഷണ സ്ഥാപനമായ എസ് ആൻഡ് പി വിലയിരുത്തുന്നത്. അമേരിക്ക, ചൈന എന്നിവയ്ക്ക് ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയായി ഇന്ത്യ അടുത്ത പത്ത് വർഷത്തിനുള്ളിൽ മാറുമെന്നും അവർ പറയുന്നു.

കൊവിഡിന് ശേഷം കാർ വിൽപ്പനയിൽ വൻ കുതിപ്പ്

കൊവിഡ് രോഗ വ്യാപനത്തിന് ശേഷം ലോകത്തിലെ ഏറ്റവും മികച്ച വളർച്ച നിരക്കുള്ള കാർ വിപണിയാണ് ഇന്ത്യ. നാല് വർഷത്തിനിടെ ഇന്ത്യൻ കാർ വിപണിയിൽ 40 ശതമാനം വളർച്ചയാണ് ദൃശ്യമായത്. ഇന്ത്യൻ

കാർ വിപണിയുടെ എൺപത് ശതമാനവും മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് കൈവശം വെച്ചിരിക്കുന്നത്. ഹ്യുണ്ടായ് മോട്ടോർ പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ഇന്ത്യയിൽ വൻതോതിൽ ഉത്പാദനം ഉയർത്താൻ തയ്യാറെടുക്കുകയാണ്.

മാരുതി ഉത്പാദനം ഉയർത്തുന്നു

മാരുതി സുസുക്കിയുടെ ഹരിയാനയിലെ ഖാർഗോഡ പ്ളാന്റ് അടുത്ത വർഷം കമ്മീഷൻ ചെയ്യുന്നതോടെ ഉത്പാദന ശേഷിയിൽ 2.5 ലക്ഷം യൂണിറ്റുകളുടെ വർദ്ധനയുണ്ടാകും.

Advertisement
Advertisement