സിദ്ദിഖ് 'അമ്മ' ജനറൽ സെക്രട്ടറി

Monday 01 July 2024 1:17 AM IST

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറിയായി സിദ്ദിഖിനെ തിരഞ്ഞെടുത്തു. വെെസ് പ്രസിഡന്റുമാരായി ജഗദീഷ്, ജയൻ ചേർത്തല, ജോയിന്റ് സെക്രട്ടറിയായി ബാബുരാജ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി മോഹൻലാലും ട്രഷററായി ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

നിർവാഹക സമിതിയിലേക്ക് അനന്യ, അൻസിബ ഹസൻ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്‌ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ഇടവേള ബാബു ഒഴിഞ്ഞ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ, സിദ്ദിഖ്, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരും മത്സരിച്ചു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രൻ, ബാബുരാജ് എന്നിവർ മത്സരിച്ചു.

കലൂരിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന മുപ്പതാമത് വാർഷിക പൊതുയോഗത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി കെ.ബി. ഗണേശ് കുമാർ എന്നിവരും പങ്കെടുത്തു. യു.കെയിലായതിനാൽ മമ്മൂട്ടി എത്തിയില്ല. ദേശീയ പുരസ്‌കാരം നേടിയ ഇന്ദ്രൻസിനെ ചടങ്ങിൽ ആദരിച്ചു.

പടിയിറങ്ങി ഇടവേള ബാബു

അമ്മയുടെ ഭാരവാഹിത്വത്തിൽ 25 വർഷം പൂർത്തിയാക്കിയ ഇടവേള ബാബു പദവി ഒഴിഞ്ഞു. ജോയിന്റ് സെക്രട്ടറിയായി ഇന്നസെന്റിനൊപ്പമാണ് ബാബു ഭാരവാഹിയാകുന്നത്. മൂന്നു തവണ ജനറൽ സെക്രട്ടറിയായി. കഴിഞ്ഞ തവണ സ്ഥാനമൊഴിയാൻ താത്പര്യം അറിയിച്ചെങ്കിലും മമ്മൂട്ടി ഉൾപ്പെടെ നിർബന്ധിച്ചതോടെ തുടരുകയായിരുന്നു. ഇനിയും തുടരില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിഞ്ഞതെന്ന് ബാബു പറഞ്ഞു.

അമ്മയ്‌ക്ക് കൊച്ചി കലൂരിൽ സ്വന്തം ആസ്ഥാനമന്ദിര നിർമ്മാണം, അംഗങ്ങൾക്കായി വിവിധ ക്ഷേമപദ്ധതികൾ, സഹായം തുടങ്ങിയവ നടപ്പാക്കുന്നതിൽ ഇടവേള ബാബു പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്.

Advertisement
Advertisement