ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയെ മയക്കു വെടിവച്ചു

Monday 01 July 2024 1:25 AM IST
തിരുവിഴാംകുന്ന് ഇരട്ടവാരി കരടിയോട് ഭാഗത്തെത്തിയ കാട്ടാനയെ വനംവകുപ്പിന്റെ നേതൃത്വത്തിൽ മയക്കുവെടിവെച്ചപ്പോൾ.

മണ്ണാർക്കാട്: കാലിൽ പരിക്കുമായി തിരുവിഴാംകുന്ന് ഇരട്ടവാരി കരടിയോട് ഭാഗത്തെത്തിയ കാട്ടാനയെ വനംവകുപ്പിന്റെ നേതൃത്വത്തിൽ മയക്കുവെടിവച്ചു. വെടിയേറ്റ് മയങ്ങിയ ആനയെ വനപാലകർ നിരീക്ഷിക്കുകയാണ്. മയക്കമുണർന്ന ശേഷം ചികിത്സ നൽകി ആനയെ കാട്ടിലേക്ക് കയറ്റിവിടും.

പരിക്കുള്ള കാട്ടാനയ്ക്ക് ചികിത്സ നൽകുന്നതിന് ഇന്നലെ രാവിലെ 10നാണ് മയക്കു വെടിവച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ ആന ജനവാസ മേഖലയിലുണ്ട്. ഇന്നലെ പുലർച്ചെയോടെ കരടിയോട് ഭാഗത്ത് ആനയെ കണ്ട നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വനപാലകരെത്തി ആനയെ നിരീക്ഷിച്ചപ്പോഴാണ് കാലിലെ പരിക്ക് കണ്ടത്. തുടർന്ന് ചികിത്സ നൽകാൻ തീരുമാനിക്കുകയായിരുന്നു. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡേവിഡ് എബ്രഹാം സ്ഥലത്തെത്തി ആനയെ മയക്കുവെടിവെയ്ക്കുകയായിരുന്നു. വെടിയേറ്റ ആന വീടുകൾക്ക് സമീപത്തുള്ള റബർതോട്ടത്തിലേക്ക് കയറിയത് ഭീതി സൃഷ്ടിച്ചെങ്കിലും പിന്നീട് മയങ്ങുകയായിരുന്നു.

മണ്ണാർക്കാട് റെയ്ഞ്ച് ഓഫീസർ എൻ.സുബൈർ,തിരുവിഴാംകുന്ന് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷൻ,സൈലന്റ് വാലി റെയ്ഞ്ച് എന്നിവടങ്ങളിൽ നിന്നുള്ള വനപലകരും ദ്രുതപ്രതികരണ സേനഅംഗങ്ങളും സ്ഥലത്തുണ്ട്.