ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ടിക്കറ്റടക്കം ഓൺലൈനിൽ

Monday 01 July 2024 1:35 AM IST

കാസർകോട്: സംസ്ഥാനത്ത് വനം, വന്യജീവി വകുപ്പിന്റെ കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ജൂലായ് ഒന്നുമുതൽ സന്ദർശക പാസടക്കം ഓൺലൈൻ വഴിയാക്കുന്നു. പാർക്കിംഗ് ഫീസ്, ഗേറ്റ് പാസ്, താമസ വാടക അടക്കമുള്ളവയ്ക്കെല്ലാം ഇത് ബാധകം. ക്യൂ ആർ കോഡ് വഴിയോ ഗൂഗിൾപേ വഴിയോ ഉൾപ്പെടെ പണമടയ്ക്കാം. പണം നേരിട്ട് ഈടാക്കേണ്ടെന്നാണ് നിർദ്ദേശം.

ചിലയിടങ്ങളിൽ ഫീസ് പിരിക്കുന്നതിലുൾപ്പെടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണിത്. നേരത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും ഇക്കോ ഷോപ്പുകളിലും വിജിലൻസ് നടത്തിയ റെയ്ഡിൽ വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലടക്കം ക്രമക്കേട് കണ്ടെത്തിയിരുന്നു. സന്ദർശക പാസ് നൽകുന്നതിലടക്കമാണ് ക്രമക്കേട് കണ്ടെത്തിയത്. പെരിയാർ, ഇരവികുളം,റാണീപുരം, തെന്മല, പെരുവണ്ണാമൂഴി, വയനാട് തുടങ്ങി 41 പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സംസ്ഥാനത്തുണ്ട്. തിരിമറി ഒഴിവാക്കാനാണ് പുതിയ സംവിധാനമെന്ന് കാസർകോട് ഡി. എഫ്.ഒ കെ.അഷ്‌റഫ് പറഞ്ഞു.

Advertisement
Advertisement