ഇന്ത്യഹാസം

Monday 01 July 2024 2:50 AM IST

ശനിയാഴ്ച ബാർബഡോസിൽ കെൻസിംഗ്ടൺ ഓവലിൽ രോഹിത് ശർമ്മയും സംഘവും ട്വന്റി-20 ലോകകപ്പ് ഉയർത്തുമ്പോൾ അവിടെ ഉച്ച കഴിഞ്ഞ സമയമായിരുന്നു. ഇന്ത്യയിൽ ആപ്പോൾ നേരം രാത്രി പതിനൊന്നരയോടടുത്തിരുന്നു. എന്നാൽ ഇന്ത്യ ആനന്ദ രാവിലേക്കുണരുകയായിരുന്നു പിന്നെ. രാജ്യത്തെ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം ആളുകൾ ആനന്ദ നൃത്തം ചവിട്ടി. രാഷ്ട്രപതിയും പ്രധാന മന്ത്രിയും മുതലിങ്ങോട്ട് പ്രമുഖരെല്ലാം അഭിനന്ദനങ്ങളുമായെത്തി. വാഹനങ്ങൾ ഉച്ചത്തിൽ ഹോണടിച്ച് നിരത്തുകൾ കീഴടക്കി. പതിമ്മൂന്ന് വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറ‌ഞ്ഞാൽ 2011 ഏപ്രിൽ 2ന് വാങ്കഡെയിൽ ശ്രീലങ്കയുടെ നുവാൻ കുലശേഖരയെ സിക്സ് പറത്തി എം.എസ് ധോണി ഇന്ത്യയ്ക്ക് ഏകദിനലോകകപ്പ് സമ്മാനിച്ചപ്പോൾ ആയിരുന്നു ഇതുപോലെ ജനം നിരത്തിൽ ആനന്ദ നൃത്തമായടിയത്.

ഇത്തവണ ഒരു മത്സരം പോലും തോൽക്കാതെ തികച്ചും ആധീകാരികമായാണ് ഇന്ത്യ ട്വന്റി-20 ലോകകിരീടത്തിൽ മുത്തമിട്ടത്. രോഹിത് ശർമ്മ, വിരാട് കൊഹ്ലി എന്നിവരുൾപ്പെടെയുള്ള സീനിയർ താരങ്ങളെ ടീമിലെടുത്തതിന് നെറ്റി ചുളിച്ചവർക്ക് കളത്തിൽ പ്രകടനം കൊണ്ടാണ് ഇവരെല്ലാം മറുപടി പറഞ്ഞത്. നിലവിൽ ലോകത്തെ ഏറ്റവും മികച്ച ബൗളർ താനാണെന്ന് തവീണ്ടും തെളിയിച്ചു ജസ്പ്രീത് ബുംറ. ബുംറയുടെ സ്പെല്ലാണ് ഫൈനലിലുൾപ്പെടെ ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. 17 വിക്കറ്റുമായി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റേ നേടിയവരിൽ അഫ്ഗാന്റെ ഫറൂഖിക്കൊപ്പം ഒന്നാമതെത്താൻ അർഷ്ദീപിനായി. പരിക്കിൽ നിന്ന് തിരിച്ചെത്തി കളം നിറഞ്ഞ പന്ത് ബാറ്റിംഗിലും ബാളിംഗിലും മുതൽക്കൂട്ടായ അക്ഷർ, തെറിപറഞ്ഞവരെക്കൊണ്ട് കൈയടിപ്പിച്ച ഹാർദിക്, സൂപ്പർ സ്പിന്നർ കുൽദീപ്, നിർണായകക്യാച്ചെടുത്ത സൂര്യകുമാർ, ഫൈനലിൽ തിളങ്ങിയ ദുബെ തുടങ്ങി ടീം വർക്കിന്റെ വിജയമാണ് ഈ കിരീടം.

Advertisement
Advertisement