അപമാനങ്ങളിൽ നിന്ന് ഉയിർത്തവരുടെ കപ്പ്

Monday 01 July 2024 2:55 AM IST

'' ഇൻസൾട്ടാണ് ഏറ്റവും വലി​യ ഇൻവെസ്റ്റ്‌മെന്റ് "" എന്ന് അടുത്തിടെ ഒരു മലയാളി സിനിമയിൽ പറയുന്നുണ്ട്. തിരിച്ചടികളിൽ പതറുന്നവരല്ല യഥാർത്ഥ നായകർ. അവർ അപമാനങ്ങളിൽ നിന്ന് ഉയിർത്തെണീറ്റ് വീണ്ടും വിജയചക്രവാളങ്ങളിലേക്ക് പറന്നുയരും.

കരീബിയൻ മണ്ണിൽ ഇന്ത്യ ട്വന്റി-20 ലോകകപ്പ് കിരീടമുയർത്തുമ്പോൾ നായകൻ രോഹിത് ശർമ്മയുടെയും മുൻ നായകൻ വിരാട്

കൊഹ്‌ലിയുടെയും ആൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെയും പരിശീലകൻ രാഹുൽ ദ്രാവിഡിന്റെയും മനസിൽ തങ്ങൾ നേരിട്ട

തിരിച്ചടികളോടുള്ള മധുരപ്രതികാരത്തിന്റെ പൂത്തിരികൾ കത്തിയിട്ടുണ്ടാകും.

ഏഴുമാസം മുമ്പ് അഹമ്മദാബാദിൽ നടന്ന ഏകദിന ലോകകപ്പിൽ ഫൈനലൊഴികെയുള്ള എല്ലാ കളികളും ജയിച്ചപ്പോൾ രോഹിത് ശർമ്മ എന്ന നായകന്റെ മുഖത്തെ വേദന പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. പടിക്കൽകൊണ്ടുപോയി കുടമുടച്ചവന്റെ നാണക്കേടും പേറിയാണ് രോഹിത് അന്ന് ഗ്രൗണ്ടിൽ നിന്ന് മടങ്ങിയത്. അതിനുപിന്നാലെയാണ് ഐ.പി.എല്ലിൽ മുംബയ് ഇന്ത്യൻസിന്റെ നായകസ്ഥാനത്തുനിന്ന് പടിയിറങ്ങേണ്ടിവന്നത്. നായകനെന്ന നിലയിലെ രോഹിതിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യുന്നതായിരുന്നു മുംബയ് ഇന്ത്യൻസ് ടീം മാനേജ്മെന്റിന്റെ നടപടി. ലോകകപ്പ് ഫൈനലിൽ തോറ്റുപോയൊരു ക്യാപ്ടനായതിനാൽ തന്നോടുകാട്ടിയ അനീതിയെ പരസ്യമായി ചോദ്യം ചെയ്യാൻ രോഹിതും മടിച്ചിരിക്കാം. പക്ഷേ ഈ സീസൺ മുഴുവൻ ഹാർദിക് പാണ്ഡ്യയ്ക്ക് കീഴിൽ കളിക്കാനും ഹാർദിക്കിനെ തോൽവികളുടെ പേരിൽ കാണികൾ കൂകി വിളിച്ചപ്പോൾ പരസ്യമായി അവരെ തിരുത്താനും രോഹിത് മുന്നിട്ടിറങ്ങിയത് തോറ്റുപോയവന്റെ വേദന ശരിക്കുമറിയാവുന്നതുകൊണ്ടാണ്.

ധോണി നായകപദവിയിൽ തന്റെ പിൻഗാമിയായി വളർത്തിക്കൊണ്ടുവന്ന വിരാട് കൊഹ്‌ലി 2021ലെ ട്വന്റി-20 ലോകകപ്പിൽ

സെമി കാണാതെ പുറത്തായതോടെയാണ് കരിയറിലെ സുപ്രധാന വഴിത്തിരിവിലേക്കെത്തിയത്. ട്വന്റി-20യിലെയും

ഏകദിനത്തിലെയും ടെസ്റ്റിലെയും ക്യാപ്ടൻ കസേരയിൽ നിന്ന് ഒരു ഐ.സി.സി കിരീടം പോലും നേടാനാകാതെ വിരാടിന്റെ പടിയിറക്കം തുടങ്ങിയത് ആ ലോകകപ്പിന് ശേഷമായിരുന്നു. ഐ.പി.എല്ലിൽ ദീർഘകാലം നയിച്ച ആർ.സി.ബിയുടെ ക്യാപ്ടൻസിയും വിരാട് സ്വമേധയാ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഈ സീസൺ ഐ.പി.എല്ലിൽ ഒറ്റയാൾ പട്ടാളം പോലെ പൊരുതിയ വിരാടിനെ ഏറെ പ്രതീക്ഷയോടെയാണ് ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതെങ്കിലും അമേരിക്കയിലെയും വിൻഡീസിലെയും പിച്ചുകളിൽ രോഹിതിനൊപ്പമുള്ള ഓപ്പണിംഗിൽ തുടർച്ചയായി പരാജയപ്പെട്ടതോടെ വിമർശനങ്ങളുയർന്നു. സൂപ്പർ എട്ടിലെ അവസാന മത്സരത്തിലും സെമിയിലും രോഹിത് ഫോമിലേക്ക് തിരിച്ചെത്തിയപ്പോഴും വിരാട് ഒറ്റയക്കത്തിൽ തുടർന്നു.

സെമിയിൽ പുറത്തായി മടങ്ങിയെത്തി ഡഗ്ഔട്ടിൽ സങ്കടപ്പെട്ടിരുന്ന വിരാടിനെ ദ്രാവിഡ് ആശ്വസിപ്പിക്കുന്ന വീഡിയോ വൈറലായിരുന്നു. ദ്രാവിഡും രോഹിതും നൽകിയ പിന്തുണയാണ് നിർണായകമായത്. വിരാട് തന്റെ ഏറ്റവും മികച്ച പ്രകടനം ഫൈനലിലേക്ക് മാറ്റിവച്ചിരിക്കുകയാണെന്നാണ് രോഹിത് മത്സരത്തലേന്ന് പറഞ്ഞത്. രോഹിതിന്റെ വാക്കുകൾ അക്ഷരംപ്രതി ശരി വയ്ക്കുന്നതായിരുന്നു ഫൈനലിലെ വിരാടിന്റെ ഇന്നിംഗ്സ്. ഫോം മാത്രമാണ് താത്കാലികമെന്നും പ്രതിഭ സ്ഥിരമാണെന്നും ഒരിക്കൽക്കൂടി തെളിയിച്ചാണ് വിരാട് വിമർശകരുടെ വായടപ്പിച്ചത്.

ദക്ഷിണാഫ്രിക്കയെ അവസാന ഓവറിൽ തളച്ച ഹാർദിക് പാണ്ഡ്യയും സങ്കടക്കടൽ നീന്തി വന്നവനാണ്. ഐ.പി.എല്ലിലെ മുംബയ് ഇന്ത്യൻസിന്റെ നായകവേഷത്തിലേറ്റ കൂക്കിവിളികൾക്കൊപ്പം വ്യക്തിജീവിതത്തിലെ തിരിച്ച‌ടികളും ഹാർദിക്കിനെ വേട്ടയാടി. ഏകദിന ലോകകപ്പിൽ ലീഗ് മത്സരങ്ങൾക്കിടെ പരിക്കേറ്റു മടങ്ങേണ്ടിവന്നതുമുതൽ ഹാർദിക്കിന് നല്ല സമയമായിരുന്നില്ല. ഈ ലോകകപ്പിൽ പക്ഷേ തന്റെ ആൾറൗണ്ട് മികവ് ടീമിന് പ്രയോജനപ്പടുന്ന രീതിയിലേക്ക് ഹാർദിക് വഴിതിരിച്ചുവിട്ടു. മത്സരത്തിലെ അവസാന പന്തെറിഞ്ഞശേഷം ഹാർദിന്റെ ഉള്ളിൽ നിന്നുവന്ന കണ്ണീര് അയാൾ നേരിട്ട എല്ലാ ദുഖങ്ങളെയും തുടച്ചുനീക്കുന്നതായിരുന്നു.ഇതിലെല്ലാമുപരി വർഷങ്ങൾ പഴക്കമുള്ള ഒരു സങ്കടത്തിന്റെ വേദനയും തുടച്ചുനീക്കുന്നതായിരുന്നു ഈ ലോകകപ്പ് നേട്ടം. ആ കഥയിലെ നായകൻ രാഹുൽ ദ്രാവിഡാണ്. 2007ൽ ഇതേ വിൻഡീസിൽ ഏകദിന ലോകകപ്പിൽ ദ്രാവിഡിന്റെ ക്യാപ്ടൻസിക്ക് കീഴിലിറങ്ങിയ ഇന്ത്യൻ ടീം ആദ്യ റൗണ്ടിൽതന്നെ തോറ്റുപുറത്തായപ്പോൾ താരങ്ങളുടെ വീടുകൾക്ക് നേരേ കല്ലേറുപോലുമുണ്ടായി. വിൻഡീസിലെ ഡ്രസിംഗ് റൂമിൽ തലയ്ക്ക് കൈകൊടുത്തിരുന്ന അതേ ദ്രാവിഡാണ് കഴിഞ്ഞ രാത്രി തന്റെ ശിഷ്യരുടെ കൈകളിലേറി ആനന്ദത്തിന്റെ ഉൗഞ്ഞാലാടിയത്. ഒരിക്കൽ വിഷമിച്ച് ഇറങ്ങിപ്പോന്ന അതേ മണ്ണിൽ നിന്നുതന്നെ കിരീടവുമായി വരുന്നതല്ലേ ഹീറോയിസം.

Advertisement
Advertisement