മലയാളി അവരുടെ ഇഷ്‌ടഭക്ഷണം ശരിയായ രീതിയിലാണോ കഴിക്കുന്നത്? കാസർകോട് സ്വദേശി മനീഷ് പറയുന്നത് കേൾക്കൂ

Monday 01 July 2024 11:12 AM IST

പ്രായമേതായാലും ആരോഗ്യത്തോടെയും ഫിറ്റായുമിരിക്കാൻ പലതരം പരീക്ഷണങ്ങൾ നടത്താൻ മടിയില്ലാത്തവരാണ് നമ്മൾ മനുഷ്യരെല്ലാം. ആരോഗ്യത്തോടെ ജീവിക്കാൻ രോഗമില്ലാത്തൊരു ശരീരവും നല്ല ശക്തമായൊരു മനസും നമുക്ക് വേണം. അതിനായി ഓരോരുത്തർ അവർക്ക് ഇഷ്‌ടമുള്ള വഴികൾ തിരഞ്ഞെടുക്കാറുണ്ട്. തന്റെ പ്രൊഫഷനിലൂടെ നേരിട്ടും ഇൻസ്‌റ്റയും യൂട്യൂബുമടക്കം സമൂഹമാദ്ധ്യമങ്ങൾ വഴിയും ഇതിനായി മലയാളികൾക്ക് ഒരു വഴി കാട്ടുകയാണ് ഡയറ്റീഷ്യനായ കാസർകോട് ബദിയഡുക്ക സ്വദേശിയായ മനീഷ്.

നമ്മൾ മലയാളികൾക്ക് ഇഷ്‌ടപ്പെട്ട ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് ചോദിച്ചാൽ നമ്മുടെ ഉത്തരമെന്താണ്? പൊറോട്ടയും ബീഫും പുട്ടും പഴവും അല്ലെങ്കിൽ കഞ്ഞിയും ചമ്മന്തിയും എന്നെല്ലാമാകും അത്. ഇവയിലെല്ലാം അടങ്ങിയിരിക്കുന്ന ഗുണങ്ങൾ എന്തെന്ന് ചോദിച്ചാൽ നമ്മിൽ പലർക്കും അറിയാം. എന്നാൽ ഇതിനൊപ്പം ശരീരത്തിന് ലഭിക്കേണ്ട പോഷകങ്ങൾ എന്തെല്ലാമെന്ന് ചോദിച്ചാലോ? ഒന്ന് ആലോചിക്കണം അല്ലേ? ഇത്തരം കൊച്ചുകൊച്ചു കാര്യങ്ങൾ ഇൻസ്‌റ്റാ റീലിലൂടെ മനീഷ് പങ്കുവച്ചത് കണ്ടവർ ഏകദേശം 2.6 മില്യൺ ആളുകളാണ്. നൂറുകണക്കിന് കമന്റുകളും ഇതിന് മറുപടിയായി ഉണ്ടായി.

മലയാളികളുടെ ഇഷ്‌ടപ്പെട്ട ഭക്ഷണങ്ങൾ എങ്ങനെ ശരിയായ രീതിയിൽ കഴിക്കണമെന്ന് ട്രോൾ മാതൃകയിൽ സിനിമ സീനുകൾ ചേർത്ത് രസകരമായി അവതരിപ്പിക്കുന്നതാണ് അതിനായി മനീഷ് ചെയ്‌തത്. ഒപ്പം തെറ്റായ ശീലങ്ങളെയും ഇത്തരത്തിൽ തന്നെ തുറന്നുകാട്ടി.

കേരളത്തിലെ ഭക്ഷണരീതി

പൊതുവിൽ ഇപ്പോൾ നമ്മൾ മലയാളികൾ സ്വീകരിച്ചുവരുന്ന ഭക്ഷണരീതി കാർബോഹൈഡ്രേറ്റും കൊഴുപ്പും അധികമായുള്ളതാണ്. ഒരു ബാലൻസ്‌ഡ് ഡയറ്റ് എന്നാൽ 50 ശതമാനം കാർബോഹൈ‌ഡ്രൈറ്റ്, 20 ശതമാനം പ്രോട്ടീൻ, 30 ശതമാനം കൊഴുപ്പ് ഒപ്പം 30 ഗ്രാം ഫൈബർ എന്നിവ വേണം.

പണ്ടുകാലത്ത് നമ്മുടെ പൂർവികർ കൃഷിപ്പണിയടക്കം മെയ്യനങ്ങി പണിയെടുക്കുന്നത് ശീലമാക്കിയവർ ആയിരുന്നതിനാൽ അക്കാലത്ത് നമ്മൾ കഴിച്ചിരുന്ന ആഹാരവും മികച്ചതായിരുന്നു. ഇപ്പോൾ നമ്മുടെ സമൂഹത്തിലെ പൊണ്ണത്തടിയും കൊളസ്‌ട്രോളും പ്രമേഹവുമടക്കം രോഗങ്ങൾ സർവസാധാരണമാകുന്നതിന് കാരണം ഉയർന്ന അളവിൽ കാർബോ‌ഹൈഡ്രേറ്റും കൊഴുപ്പുമടങ്ങിയ ഭക്ഷണമാണ്.

View this post on Instagram A post shared by Nutritionist Manish (@nutriman_wellness)

എഴുന്നേറ്റ് നിന്ന് വെള്ളം കുടിക്കാൻ പാടില്ല

നമ്മൾ മലയാളികൾ ഇപ്പോഴും വിശ്വസിച്ചുവരുന്ന ഡയറ്റ് -ഫിറ്റ്നസ് ശീലങ്ങളിൽ ചിലവ തെറ്റാണെന്ന് മനീഷ് പോസ്റ്റിലൂടെ ഓർമ്മിപ്പിക്കുന്നു. വൈകുന്നേരം ചോറിന് പകരം ചപ്പാത്തി കഴിച്ചാൽ ഭാരം കുറയും, പെൺകുട്ടികൾ വർകൗട്ട് ചെയ്‌താൽ ആൺകുട്ടികളെപ്പോലെയാകും, നിന്നുകൊണ്ട് വെള്ളംകുടിയ്‌ക്കാൻ പാടില്ല തുടങ്ങിയ പൊതുവായി പറയപ്പെടുന്ന കാര്യങ്ങൾക്ക് ശാസ്‌ത്രീയ അടിത്തറയില്ലെന്ന് മനീഷ് വ്യക്തമാക്കുന്നു.

ഭാരം കുറച്ച് നല്ല ശരീരം വയ്‌ക്കുന്നതിനും മെലിഞ്ഞ ശരീരം ആരോഗ്യകരമാക്കാനും നമ്മൾ ശീലിക്കേണ്ടുന്ന കാര്യങ്ങൾ കൃത്യമായി ചെയ്‌താൽ ഏതൊരാൾക്കും ആരോഗ്യജീവനം സാദ്ധ്യമാകും. ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് സ്‌‌ട്രെംഗ്‌ത് ട്രെയിനിംഗ് അത്യാവശ്യമാണ്. ഒപ്പം ധാരാളം പ്രോട്ടീൻ അടങ്ങിയതും കൂടുതൽ കലോറിയുള്ളതുമായ ആഹാരം ശീലമാക്കുക. ഇനി ഭാരം കുറയ്‌ക്കാനായാലും സ്‌ട്രെംഗ്‌ത് ട്രെയിനിംഗും കുറഞ്ഞ കലോറിയുള്ള ആഹാരം മാത്രം കഴിക്കാനും ശ്രദ്ധിക്കുക.

മംഗളൂർ സർവകലാശാലയിൽ നിന്നും എം.എസ്‌സി ഫുഡ് സയൻസ് ആന്റ് ന്യൂട്രീഷ്യൻ പാസായ മനീഷ് കഴിഞ്ഞ് അഞ്ച് വർഷത്തോളമായി ഡയറ്റീഷ്യനായി ജോലി നോക്കുകയാണ്. ഇപ്പോൾ ഹെൽത്തിഫൈ‌മി ഫിറ്റ്‌നസ് ആപ്പിലൂടെയാണ് തന്റെ നിർദ്ദേശങ്ങൾ നൽകുന്നത്. സ്വാതിയാണ് ഭാര്യ. മകൾ ഹൃദ്യ. അച്ഛൻ ജയറാം, അമ്മ രേണുക,ഇളയ സഹോദരി നിഷിത എന്നിവരടങ്ങുന്നതാണ് മനീഷിന്റെ കുടുംബം.

Advertisement
Advertisement