ഭാരതീയ ന്യായ സംഹിത; കേരളത്തിലെ ആദ്യ കേസ് രജിസ്റ്റർ ചെയ്തു

Monday 01 July 2024 3:36 PM IST

മലപ്പുറം: രാജ്യത്ത് ഇന്നുമുതൽ പ്രാബല്യത്തിൽ വന്ന ഇന്ത്യൻ ശിക്ഷ നിയമപ്രകാരമുള്ള കേരളത്തിലെ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തു. ഇരുച്ചക്ര വാഹനത്തിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്തതാണ് കേസ്. മലപ്പുറം കൊണ്ടോട്ടി സ്റ്റേഷനാണ് ആദ്യമായി ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള കേസ് രജിസ്റ്റർ ചെയ്തത്.

ഇന്ന് പുലച്ചെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് കൊണ്ടോട്ടി സ്റ്റേഷൻ എസ്എച്ച്ഒ ദീപകുമാർ ഒരു ഓൺലെെൺ മാദ്ധ്യമത്തോട് പറഞ്ഞു. സംസ്ഥാനത്തെ ആദ്യ കേസാണിത്. ക്രെെം നമ്പർ 936 പ്രകാരം കർണാടക സ്വദേശിയായ യുവാവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

പാലക്കാട് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് ഹെൽമറ്റ് ധരിക്കാതെയും അശ്രദ്ധയോടെയും വാഹനം ഓടിച്ചതിനാണ് കേസ്. കൊളത്തൂർ എന്ന സ്ഥലത്തുവച്ചാണ് ഇയാളെ പിടികൂടിയത്. കേസെടുത്ത ശേഷം പ്രതിയ്ക്ക് നോട്ടീസ് നൽകി വിട്ടയച്ചതായാണ് വിവരം.

രാജ്യത്തെ ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ആദ്യ കേസ് ഡൽഹിയിലാണ് റിപ്പോർട്ട് ചെയ്തത്. കമലാ മാർക്കറ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 285 അനുസരിച്ച് ഫുട്‌പാത്ത് കൈയേറി കച്ചവടം നടത്തിയതിന് ഒരു തെരുവ് കച്ചവടക്കാരനെതിരെയാണ് രാജ്യത്തെ ആദ്യ കേസ് രജിസ്റ്റർ ചെയ്‌തത്.

ഡൽഹി റെയിൽവെ സ്റ്റേഷനിലായിരുന്നു ഇയാളുടെ കച്ചവടം. പുതിയ നിയമം ഇന്നുമുതൽ നടപ്പാക്കുന്നതിന് മുന്നോടിയായി തെരുവുകളിലും പൊലീസ് സ്റ്റേഷനുകളിലും ജനം കൂടാനിടയുള്ള ഇടങ്ങളിലും നിയമം അറിയിച്ച് പോസ്‌റ്ററുകൾ പതിച്ചിരുന്നു.

Advertisement
Advertisement