കൂടുതൽ അന്വേഷിച്ചപ്പോഴാണ്  ബാദ്ധ്യത കണ്ടെത്തിയത്, ഡിജിപി പറയുന്നത് കളവാണെന്ന് പരാതിക്കാരൻ

Monday 01 July 2024 4:05 PM IST

തിരുവനന്തപുരം: ഭൂമി ഇടപാടിൽ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിനെതിരെ പരാതിക്കാരനായ ടി ഉമർ ഷെരീഫ് രംഗത്ത്. ഡിജിപി പറയുന്നത് ശരിയല്ലെന്നും ഭൂമിക്ക് ബാദ്ധ്യതയില്ലെന്ന് കരാറിൽ പറഞ്ഞിട്ടുണ്ടെന്നും പരാതിക്കാരൻ പറഞ്ഞു. സംശയം മൂലം അന്വേഷിച്ചപ്പോഴാണ് ബാദ്ധ്യത കണ്ടെത്തിയതെന്നും പണം തിരികെ ലഭിച്ചാല്‍ കേസില്‍ നിന്നു പിന്മാറുമെന്നും ഉമർ ഷെരീഫ് പറഞ്ഞു.

'ആദ്യം 15 ലക്ഷം രൂപ നല്‍കി. വീണ്ടും 25 ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ ഒറിജിനല്‍ ആധാരം ചോദിച്ചു. അപ്പോള്‍ അതില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് 26 ലക്ഷം രൂപയുടെ ബാദ്ധ്യത ഉണ്ടെന്ന് അറിഞ്ഞത്. ഭൂമിയില്‍ യാതൊരു ബാദ്ധ്യതയുമില്ലെന്ന് കരാറിന്റെ എട്ടാമത്തെ പാരഗ്രാഫില്‍ പറയുന്നുണ്ട്. അത് വിശ്വസിച്ചാണ് കരാര്‍ ഒപ്പുവച്ച് പണം നല്‍കിയത്. തുടര്‍ന്ന് ബാദ്ധ്യതയുള്ള ഭൂമിയില്‍ താല്‍പര്യമില്ലെന്നും കരാറില്‍ നിന്നു പിന്മാറുകയാണെന്നും അറിയിച്ചു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നൽകാമെന്ന് പറഞ്ഞു.

എന്നാല്‍ ഇതുവരെ പണം നല്‍കാതിരുന്നതോടെയാണ് നോട്ടിസ് അയച്ചത്. കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നും പണം തിരികെ നല്‍കണമെന്നുമാണ് ആവശ്യപ്പെട്ടത്. എന്നാൽ പണം നല്‍കില്ലെന്നും വേണമെങ്കില്‍ ഭൂമി നല്‍കാമെന്നുമായിരുന്നു മറുപടി.തുടര്‍ന്നാണ് രേഖകള്‍ സഹിതം കോടതിയെ സമീപിച്ചത്. ഡിജിപിക്കെതിരെ മുഖ്യമന്ത്രിക്ക് ഓണ്‍ലൈനായി പരാതി നല്‍കിയിട്ടുണ്ട്. പൊളിറ്റിക്കല്‍ സെക്രട്ടറിയെ നേരില്‍ കണ്ടു പരാതി പറഞ്ഞു. മുഖ്യമന്ത്രിയെ കാണേണ്ടതില്ല എല്ലാം ശരിയാക്കാമെന്നാണ് പി.ശശി പറഞ്ഞത്'- ഉമർ ഷെരീഫ് വ്യക്തമാക്കി.

Advertisement
Advertisement