‘കുട്ടി ഡോക്ടർ’മാർക്ക് പ്രചോദനമായി ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ ഡോക്ടർ തിരുവനന്തപുരത്ത്

Monday 01 July 2024 5:43 PM IST

തിരുവന്തപുരം: ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ഡോക്ടർ ഗുജറാത്തിലെ ഭാവ്നഗർ സ്വദേശി ഡോ. ഗണേഷ് ബരയ്യ ഭാവി ഡോക്ടർമാരായ കുട്ടികൾക്ക് പ്രചോദനത്തിന്റെ വേറിട്ട പാഠങ്ങൾ പകർന്നു നൽകി. ഡോക്ടർമാരാകാൻ ആഗ്രഹിക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി എസ് പി മെഡിഫോർട്ട് ഹോസ്പിറ്റൽ സംഘടിപ്പിച്ച ഷാഡോ ഡോക്ടർ പദ്ധതി ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഡോ. ഗണേഷ്.

ഡോക്ടര്‍മാരുടെ തിരക്കിട്ട ജോലികളെ അടുത്തറിയാനും അവർ നേരിടുന്ന വെല്ലുവിളികളെ മനസ്സിലിക്കാനാും പ്രചോദനം നല്‍കുന്നതിനും ലക്ഷ്യമിട്ടാണ് തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഡോക്ടർ വേഷത്തിൽ ഒരു ദിവസം ആശുപത്രി പരിചയപ്പെടുത്തുന്ന ഷാഡോ ഡോക്ടർ പദ്ധതിക്ക് എസ് പി മെഡിഫോർട്ട് ഹോസ്പിറ്റൽ തുടക്കമിട്ടത്. വിജയകരമായി രണ്ടാം വർഷമാണിത് സംഘടിപ്പിക്കുന്നത്.

യോഗ്യതാ പരീക്ഷയിലും മെഡിക്കൽ പ്രവേശന പരീക്ഷയിലും ഉന്നത വിജയം നേടിയിട്ടും ശാരീരികമായ ഉയരക്കുറവ് കാരണം മെഡിക്കൽ കൗണ്‍സില്‍ ഓഫ് ഇന്ത്യ എംബിബിഎസ് പ്രവേശനത്തിന് വിലക്കിട്ടപ്പോൾ നീണ്ട നിയമ പോരാട്ടത്തിലൂടെ സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി നേടിയാണ് ഡോ. ഗണേഷ് ബരയ്യ എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. ആത്മവിശ്വാസവും നിശ്ചയദാർഢ്യവും കൊണ്ട് ഏതു പ്രതികൂല സാഹചര്യങ്ങളേയും അനുകൂലമാക്കി മാറ്റാനാകുമെന്ന പാഠമാണ് ഡോ. ഗണേഷ് പുതിയ തലമുറയ്ക്ക് നൽകുന്നതെന്ന് എസ് പി മെഡിഫോര്‍ട്ട് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എസ്. പി. അശോകന്‍ പറഞ്ഞു.

ഭാവി ഡോക്ടര്‍മാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്‍കുന്നതിനാണ് ഡോ. ഗണേഷ് ബരയ്യ ഡോക്ടേഴ്‌സ് ദിന പരിപാടിയില്‍ അതിഥിയായി എത്തിയത്. മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രൊഫഷനലുകള്‍ നിത്യേന നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും, രോഗികള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ള ചികിത്സയും പരിചരണവും നല്‍കുന്ന രീതികളെ കുറിച്ചും പുതിയ തലമുറയെ ബോധവല്‍ക്കരിക്കുകയും അവരെ പ്രചോദിപ്പിക്കുകയുമാണ് ഷാഡോ ഡോക്ടര്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജോയിന്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എസ്. പി. സുബ്രമണ്യന്‍ പറഞ്ഞു.

സി.എ ദിനം കൂടിയായിരുന്ന തിങ്കളാഴ്ച എസ് പി മെഡിഫോര്‍ട്ട് ഹോസ്പിറ്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) അംഗങ്ങള്‍ക്കും സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഇവര്‍ക്ക് ഒരു വര്‍ഷത്തെ ചികിത്സാ ആനൂകൂല്യം ലഭ്യമാക്കുന്ന ഗോള്‍ഡ് മെംബര്‍ഷിപ്പും വിതരണം ചെയ്തു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഡോ. എസ്. ആദിത്യ, അദ്വൈത് എ ബാല, ഡോ. അതുല്യ എ ഭാഗ്യ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

Advertisement
Advertisement