വള്ളിക്കുന്നിൽ 238 പേർക്ക് മഞ്ഞപ്പിത്തം,​ രോഗം പടർന്നത് വിവാഹത്തിന് വിതരണം ചെയ്ത വെൽക്കം ഡ്രിങ്കിൽ നിന്ന്

Monday 01 July 2024 9:10 PM IST

മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നു. ഇതിൽ വള്ളിക്കുന്നിൽ മാത്രം 238 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ചത് വിവാഹത്തിന് വിതരണം ചെയ്ത വെൽക്കം ഡ്രിങ്കിൽ നിന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. വള്ളിക്കുന്ന് പ‌ഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മേയ് 13ന് മുന്നിയൂർ പഞ്ചായത്തിലെ സ്മാർട്ട് ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. ഇവിടെ നിന്ന് വെൽക്കം ഡ്രിങ്ക് കുടിച്ചവരിലാണ് ആദ്യം രോഗം കണ്ടെത്തിയത്. നിലവിൽ പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള കേസുകളെല്ലാം ഇതുമായി ബന്ധപ്പെട്ടുള്ളതാണ് എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ പറയുന്നത്.

ജില്ലയിലെ വള്ളിക്കുന്ന്,​ മുന്നിയൂർ,​ തേഞ്ഞിപ്പലം,​ ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മ‌ഞ്ഞപ്പിത്തം പടരുന്നത്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തിൽ 459 പേർ വിവിധ സമയങ്ങളിലായി ചികിത്സ തേടിയെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് സ്കൂളുകൾക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. വീടുകൾ കയറിയിറങ്ങിയുള്ള ബോധവത്കരണവും ആരോഗ്യവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്.

Advertisement
Advertisement