മേൽപ്പാലത്തിൽ നിന്ന് സ്കൂട്ടർ യാത്രികർ 23 അടി താഴ്ചയിലേക്ക് വീണു, യുവതിക്ക് ദാരുണാന്ത്യം

Tuesday 02 July 2024 4:33 AM IST


 മകൾക്കും സഹോദരിക്കും ഗുരുതര പരിക്ക്
വീണത് 23 അടി താഴ്ചയുള്ള സർവീസ് റോഡിൽ

തിരുവനന്തപുരം: ദേശീയപാതയിൽ വെൺപാലവട്ടം മേൽപ്പാലത്തിലൂടെ സഞ്ചരിക്കവേ, നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് 23 അടി താഴ്ചയുള്ള സർവീസ് റോഡിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. ഒപ്പം വീണ മൂന്നുവയസുകാരി മകൾക്കും സഹോദരിക്കും ഗുരുതര പരിക്ക്. ഇരുവരും കിംസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

തിരുവനന്തപുരം കോവളം നെടുമം വയലിൻകര വീട്ടിൽ സിമിയാണ് (34) മരിച്ചത്. മകൾ ശിവന്യ, സഹോദരി സിനി (32) എന്നിവർക്കാണ് പരിക്കേറ്റത്. കൊല്ലത്ത് മയ്യനാട്ട് അടുത്ത ബന്ധുവിന്റെ ശവസംസ്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദാരുണ സംഭവം. സിനിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. സിനിക്കും പിൻസീറ്റിലിരുന്ന സിമിക്കും നടുവിലാണ് ശിവന്യ ഇരുന്നത്.

കഴക്കൂട്ടം- കോവളം ബൈപ്പാസിലെ വെൺപാലവട്ടം മേൽപ്പാലത്തിലൂടെ താഴേക്ക് ഇറങ്ങുന്നതിനിടെ സ്കൂട്ടർ നിയന്ത്രണംവിട്ട് കോൺക്രീറ്റ് പാർശ്വഭിത്തിയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഉയർന്നുപൊങ്ങി മൂവരും രണ്ടടി പൊക്കമുള്ള പാർശ്വഭിത്തിക്ക് മുകളിലൂടെ താഴേക്ക് വീണു. സിമി സർവീസ് റോഡിൽ തലയിടിച്ചാണ് വീണത്. ഹെൽമറ്റ് തെറിച്ചുപോയി. സിനി റോഡിനോട് ചേർന്നുള്ള ഓടയിലേക്കും ശിവന്യ സിമിയുടെ മുകളിലേക്കും വീണു. സ്കൂട്ടർ മേൽപ്പാലത്തിൽതന്നെയാണ് പതിച്ചത്. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ തൊഴിലാളികൾ മൂവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സിമിയെ രക്ഷിക്കാനായില്ല.

സിനി കോവളത്തും ചേച്ചി സിമി ഭർതൃവീടായ നാലാഞ്ചിറയിലുമാണ് താമസം. സിമിയെ ചാക്കയിൽ ഇറക്കിയശേഷം കോവളത്തേക്ക് പോകാനായിരുന്നു സിനിയുടെ തീരുമാനം. അതിനിടെയായിരുന്നു അപകടം. സിമിയുടെ മൃതദേഹം ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഭർത്താവ് ശിവപ്രസാദിന്റെ നാലാഞ്ചിറയിലുള്ള വസതിയിലെത്തിക്കും. മകൻ: മൂന്നാം ക്ലാസ് വിദ്യാർത്ഥി ശരൺ. കൊല്ലോട് അന്തിയൂർക്കോണം കുറ്റിക്കാട് വടക്കേക്കര പുത്തൻവീട്ടിൽ രാജീവിന്റെ ഭാര്യയാണ് സിനി. രണ്ടു മക്കളുണ്ട്.

കാറ്റ് വീശുന്ന മേഖല

സിനി ഉറങ്ങിപ്പോയതാവാം കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്കൂട്ടർ അല്പം വേഗതയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. എപ്പോഴും നല്ലതോതിൽ കാറ്റുവീശുന്ന സ്ഥലമാണിത്. അപകടസമയത്ത് സർവീസ് റോഡിൽ ഒരു സ്കൂട്ടർ മാത്രമാണ് കടന്നുപോയത്. പേട്ട പൊലീസ് അന്വേഷണം തുടങ്ങി.

Advertisement
Advertisement