മലയാളികളെ കബളിപ്പിച്ച് റെയില്‍വേ; മൂന്നാം വന്ദേഭാരത് കേരളം വിട്ടു, നഷ്ടം കൊച്ചിക്കാര്‍ക്ക്

Monday 01 July 2024 10:44 PM IST

തിരുവനന്തപുരം: ഇന്ത്യയില്‍ നിരവധി സംസ്ഥാനങ്ങളിലൂടെ ചീറിപ്പായുന്നുണ്ടെങ്കിലും മറ്റൊരിടത്തും ലഭിക്കാത്ത സ്വീകാര്യതയാണ് വന്ദേഭാരത് ട്രെയിനുകള്‍ക്ക് കേരളത്തില്‍ ലഭിച്ചത്. ഒക്കുപ്പന്‍സിയുടെ കാര്യത്തില്‍ തിരുവനന്തപുരം - മംഗളൂരു, കാസര്‍കോട് - തിരുവനന്തപുര നഗരങ്ങള്‍ക്കിടെ ഓടുന്ന രണ്ട് ട്രെയിനും ബമ്പര്‍ ഹിറ്റ് ആണ്. ടിക്കറ്റ് കിട്ടാന്‍ പോലും ബുദ്ധിമുട്ടുന്ന അത്ര തിരക്കാണ് രണ്ട് റൂട്ടിലും. എന്നിട്ടും കേരളത്തിലെ യാത്രക്കാരെ സമര്‍ത്ഥമായി പറ്റിച്ച് മൂന്നാം വന്ദേഭാരത് ട്രെയിനിനെ കടത്തിക്കൊണ്ടുപോയിരിക്കുകയാണ് റെയില്‍വേ.

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് നഷ്ടമാകുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. എറണാകുളം - ബംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്താനെന്ന് പറഞ്ഞാണ് വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ എത്തിച്ചത്. മാസങ്ങളായി കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ വെറുതെ കിടക്കുകയാണ്. കൊച്ചി - ബംഗളൂരു നഗരങ്ങളെ കണക്ട് ചെയ്ത് ട്രെയിന്‍ ഓടിച്ചാല്‍ ഉത്സവ സീസണുകളിലും വാരാന്ത്യങ്ങളിലും ഇരട്ടിപ്പണം വരെ ഈടാക്കുന്ന സ്വകാര്യ ബസ് ലോബിക്ക് വന്‍ നഷ്ടമാണ്. ഇത് തന്നെയാണ് ഈ റൂട്ടിലൂടെ വന്ദേഭാരത് ഓടിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തതിന്റെ കാരണവും.

പിന്നീട് തിരുവനന്തപുരം - കോയമ്പത്തൂര്‍, തിരുവനന്തപുരം - ഷൊര്‍ണൂര്‍ റൂട്ടുകള്‍ പരിഗണിച്ച റെയില്‍വേ അതും വേണ്ടെന്ന് വച്ചു. രണ്ട് ട്രെയിനുകള്‍ ദിവസേന ഷൊര്‍ണൂര്‍ വഴി അങ്ങോട്ടും ഇങ്ങോട്ടുമായി നാല് സര്‍വീസുകള്‍ കടന്ന് പോകുന്നുണ്ട്. അപ്പോള്‍ മൂന്നാമതൊരു ട്രെയിന്‍ കൂടി ഇതേ റൂട്ടില്‍ വേണ്ടെന്നും അനുവദിച്ചാല്‍ നഷ്ടം സംഭവിക്കുമെന്നും റെയില്‍വേ വിലയിരുത്തി. പിന്നീട് വീണ്ടും കൊച്ചി - ബംഗളൂരു റൂട്ട് ചര്‍ച്ചയായെങ്കിലും ഒടുവില്‍ അത് നടപ്പിലാകില്ലെന്ന് ഉറപ്പിക്കുന്ന നടപടിയാണ് ഇന്ന് റെയില്‍വേയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

നാല് മാസം വെറുതെ കിടന്ന ശേഷം വന്ദേഭാരത് വണ്‍വേ സ്‌പെഷ്യലായി ഇന്ന് കൊച്ചുവേളിയില്‍ നിന്ന് മംഗലാപുരത്തേയ്ക്ക് യാത്ര തിരിച്ചു. ഇതിന് മുന്നോടിയായി ട്രെയിനിനെ ശനി വൈകുന്നേരം കൊല്ലത്ത് നിന്ന് കൊച്ചുവേളിയില്‍ എത്തിച്ചിരുന്നു. കൊച്ചുവേളിയില്‍ നിന്നുള്ള വണ്‍വേ സ്‌പെഷലിന്റെ റൂട്ട് കോട്ടയം വഴിയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം കൊച്ചുവേളി - കോട്ടയം റൂട്ടില്‍ വണ്ടിയുടെ പരീക്ഷണ ഓട്ടവും അധികൃതര്‍ നടത്തിയിരുന്നു. വണ്‍വേ വന്ദേഭാരത് എന്ന പേരില്‍ മംഗലാപുരത്ത് എത്തിക്കുന്ന വണ്ടി താത്ക്കാലികമായി മറ്റൊരു സര്‍വീസ് നടത്തുമെന്നാണ് വിവരം.

മംഗളുരൂ - ഗോവ വന്ദേഭാരത് എക്‌സ്പ്രസിന്റെ റേക്കുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. പകരമായി കൊച്ചുവേളിയില്‍ നിന്ന് എത്തിച്ച എട്ട് കോച്ചുകള്‍ ഉള്ള വന്ദേഭാരത് ഈ റൂട്ടില്‍ ഓടിക്കാനാണ് അധികൃതരുടെ തീരുമാനം. അവധിക്കാല തിരക്ക് ഒഴിവാക്കാന്‍ കൊച്ചുവേളിയില്‍ നിന്ന് മംഗളുരുവിലേയ്ക്ക് വണ്‍വേ സ്‌പെഷല്‍ ആരംഭിക്കുന്നു എന്നാണ് റെയില്‍വേ നല്‍കിയ അറിയിപ്പ്. സമാനമായ തിരക്ക് തിരികെയുള്ള റൂട്ടിലുമുണ്ട്. പക്ഷേ ഇതേപ്പറ്റി ദക്ഷിണ റെയില്‍വേ അധികൃതര്‍ കൃത്യമായ മൗനം പാലിക്കുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റേയും എംപിമാരുടേയും ഒപ്പം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടേയും ഭാഗത്ത് നിന്ന് ഇടപെടലുണ്ടായാല്‍ മാത്രമേ ഇനി മൂന്നാം വന്ദേഭാരത് ലഭിക്കാന്‍ സാദ്ധ്യതയുള്ളൂ. കൊച്ചി - ബംഗളൂരു റൂട്ടില്‍ ഓടിക്കുകയാണെങ്കില്‍ അത് പതിനായിരക്കണക്കിന് മലയാളികള്‍ക്ക് സഹായകമാകുന്ന ഒന്നാണ്. എന്നിട്ടും റെയില്‍വേ എന്തുകൊണ്ടാണ് ഈ റൂട്ടില്‍ സര്‍വീസ് ആരംഭിക്കാന്‍ മടി കാണിക്കുന്നതെന്ന് വ്യക്തമല്ലെന്നാണ് യാത്രക്കാരുള്‍പ്പെടെ പ്രതികരിക്കുന്നത്.

Advertisement
Advertisement