41 തികയുന്നു, വികസനമില്ലാതെ മല്ലപ്പള്ളി താലൂക്ക്

Tuesday 02 July 2024 1:48 AM IST
മല്ലപ്പള്ളി ടൗൺ (ഫയൽ ചിത്രം)

മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്ക് രൂപീകരിച്ചിട്ട് 41വർഷം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ബാക്കിയായിട്ടും എങ്ങുമെത്താതെ താലൂക്ക് പ്രദേശം.1983ൽ അന്നത്തെ റവന്യൂ മന്ത്രിയായ പി.ജെ.ജോസഫാണ് താലൂക്ക് ആസ്ഥാനം ഉദ്ഘാടനം ചെയ്തത്. 1982 നവംബർ ഒന്നിന് പത്തനംതിട്ട ജില്ല രൂപീകൃതമായതോടെയാണ് മല്ലപ്പള്ളി താലൂക്കിന്റെ രൂപീകരണത്തിന് വഴി തെളിഞ്ഞത്.തിരുവല്ല താലൂക്കിലെ എട്ട് വില്ലേജുകളായ പുറമറ്റം, കല്ലൂപ്പാറ , കുന്നന്താനം, മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ , പെരുമ്പെട്ടി, എഴുമറ്റൂർ എന്നിവ ഉൾപ്പടുത്തിയാണ് താലൂക്ക് രൂപീകരിച്ചത്. പിന്നീട് 1988 എഴുമറ്റൂർ വില്ലേജ് വിഭജിച്ച് തെള്ളിയൂർ വില്ലേജ് രൂപീകരിച്ചു. ഇപ്പോൾ താലൂക്കിൽ 9 വില്ലേജുകളും 8 ഗ്രാമപഞ്ചായത്തുകളുമാണുള്ളത്. എന്നാൽ അടിസ്ഥാന സൗകര്യമുള്ള ആശുപത്രിയോ,ഫയർ സ്റ്റേഷനോ, കോടതി സമുച്ചയമോ താലൂക്കിന് ഇന്നുമില്ല.

കോടതി സമുച്ചയം, പ്രതീക്ഷ കൈവിടാത്ത താലൂക്ക് നിവാസികൾ

കോട്ടാങ്ങൽ , കൊറ്റനാട്, എഴുമറ്റൂർ ,ആനിക്കാട്, മല്ലപ്പള്ളി, കല്ലൂപ്പാറ , കുന്നന്താനം, പുറമറ്റം, തെള്ളിയൂർ ഉൾപ്പെടെ എട്ട് വില്ലേജ് പ്രദേശങ്ങളിലുള്ളവർ ഇപ്പോഴും തിരുവല്ല കോടതിയുടെ പരിധിയിലാണ്. കോയിപ്രം, കീഴ് വായ്പൂര് , പെരുമ്പെട്ടി എന്നീമൂന്ന് പൊലീസ് സ്റ്റേഷനുകളാണ് താലൂക്ക് പരിധിയിലുള്ളത്. കോയിപ്രം സ്റ്റേഷന്റെ പരിധിയിൽ വരുന്ന കേസുകൾ പത്തനംതിട്ട, തിരുവല്ല കോടതികളിലേക്കും , മറ്റ് രണ്ട് സ്റ്റേനനുകളിൽ വരുന്ന ചെറുതും വലുതുമായ കേസുകൾ തിരുവല്ലയിലേക്കുമാണ് തീർപ്പിനായി നൽകി വരുന്നത്. പത്തനംതിട്ട, തിരുവല്ല കോടതികളിൽ കേസുകളുടെ അധിക്യം മൂലം പരാതികളിൽ പലതും യഥാസമയം തീരുമാനമാകാറില്ല. മിക്കപ്പോഴും കേസുകളുടെ വർദ്ധനവ് കണക്കാക്കി ഇവ കൂട്ടമായി റാന്നി കോടതിയിലേക്ക് മാറ്റുകയാണ് പതിവ്. താലൂക്ക് ആസ്ഥാനത്ത് മുൻസിഫ് മജിസ്ട്രേറ്റ് കോടതികൾ സ്ഥാപിച്ചാൽ കേസ് സംബന്ധമായ ദുരവസ്ഥയ്ക്ക് പ്രദേശവാസികൾക്ക് പരിഹാരമാകും. മല്ലപ്പള്ളി താലൂക്കിന് ഒപ്പവും ശേഷവും രൂപീകൃതമായ പല താലൂക്കുകളിലും കോടതി സമുച്ചയം സ്ഥാപിച്ചിട്ടും താലൂക്ക് ആ സ്ഥാനത്ത് സർക്കാർ തലത്തിലുള്ള പ്രധാനപ്പെട്ട ഓഫീസുകൾ ഇന്നും അന്യമാവുകയാണ്.

......................

9 വില്ലേജുകൾ, 8 ഗ്രാമപഞ്ചായത്തുകൾ

Advertisement
Advertisement