ദീപു വധം: സുനിൽകുമാർ കീഴടങ്ങി: 'ഒരാളെ തട്ടുമെന്ന് അമ്പിളി പറഞ്ഞു"

Tuesday 02 July 2024 4:16 AM IST

കുഴിത്തുറ: ക്രഷറുടമ ദീപുവിനെ കഴുത്തറുത്തുകൊന്ന കേസിൽ മുഖ്യസൂത്രധാരനെന്ന് കരുതുന്ന രണ്ടാംപ്രതിയും സർജിക്കൽസ് ഉടമയുമായ സുനിൽകുമാർ കീഴടങ്ങി. ചെന്നൈയിൽ ഒളിവിലായിരുന്ന സുനിൽ ഞായർ രാത്രി അഭിഭാഷകനൊപ്പമാണ് കളിയിക്കാവിള പൊലീസ് സ്റ്റേഷനിലെത്തിയത്.

അമ്പിളി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സർജിക്കൽ ബ്ലേഡും ഗ്ലൗസും വാങ്ങി നൽകിയതെന്ന് സുനിൽ പറഞ്ഞു. സംഭവത്തിന് രണ്ട് ദിവസം മുമ്പ് ഒരാളെ തട്ടാനുണ്ടെന്ന് അമ്പിളി പറഞ്ഞപ്പോൾ തമാശയാണെന്ന് കരുതി.

സംഭവ ദിവസം രാവിലെ അമ്പിളി നെയ്യാറ്റിൻകരയിലെത്തിയിരുന്നു. തുടർന്ന് സുനിലിന്റെ കാറിൽ കൊലപാതകം നടന്ന കളിയിക്കാവിളയിലെ സ്ഥലത്തെത്തി. ഇതിനിടെ ഇരുവരും ചേർന്ന് കാറിലിരുന്ന് മദ്യപിച്ചു. തുടർന്ന് പൂവാറിലെ ടെക്‌സ്റ്റെൽസിലെത്തി പാന്റും ഷർട്ടുമുൾപ്പെടെ വാങ്ങി നൽകാൻ അമ്പിളി ആവശ്യപ്പെട്ടു. തുണി വാങ്ങിയശേഷം മലയത്തെ വീട്ടിൽ വിടണമെന്ന് അമ്പിളി സുനിലിനോട് ആവശ്യപ്പെട്ടു.

വീടിന് സമീപമെത്തിയപ്പോൾ താൻ തിരിച്ചു വരുന്നുവെന്നും അമരവിളയിൽ വിടണമെന്നും അമ്പിളി പറഞ്ഞു. തിരിച്ചുള്ള യാത്രയിൽ വീണ്ടും മദ്യപിച്ചു. അതിനിടെയാണ് അമ്പിളി ദീപുവിനെ കൊല്ലുമെന്ന് പറഞ്ഞത്. ക്വട്ടേഷനാണോ എന്നതുൾപ്പെടെയുള്ള കാര്യം പറഞ്ഞതുമില്ല. സുനിലിന് ദീപുവിനെ അറിയില്ലായിരുന്നു.

 സുനിലിന്റെ ജീവനക്കാരനും കാറിൽ

നെയ്യാറ്റിൻകരയിൽ വച്ച് സുനിലിന്റെ സ്ഥാപനത്തിലെ ജീവനക്കാരൻ പ്രദീപ് ചന്ദ്രനും വാഹനത്തിൽ കയറി. രാത്രി 7.30ന് അമരവിളയിൽ അമ്പിളിയിറങ്ങി. രാത്രി 10ന് ശേഷം പടന്താലുമൂട്ടിലെ തിയേറ്ററിന് സമീപം കാറിൽ കാത്തുനിൽക്കണമെന്ന് സുനിലിനോട് അമ്പിളി ആവശ്യപ്പട്ടു. നിരസിച്ചപ്പോൾ സുനിലിന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പേടിച്ച സുനിൽ പ്രദീപിനോട് ഇക്കാര്യം വെളിപ്പെടുത്തി. തുടർന്ന് ഇടിച്ചക്കപ്ലാമൂടുള്ള സുനിലിന്റെ ഭാര്യവീട്ടിലെത്തി ഇരുവരും മദ്യപിച്ച് കിടന്നുറങ്ങി. അമ്പിളി വിളിക്കാതിരിക്കാൻ സുനിൽ ഫോൺ സ്വിച്ച് ഓഫാക്കി. പ്രദീപിന്റെ ഫോൺ നമ്പർ അമ്പിളിക്ക് അറിയില്ലായിരുന്നു. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് ചെന്നൈയിൽ ഒളിവിൽ പോയതെന്നും സുനിൽ പറഞ്ഞു. അതേസമയം സുനിൽകുമാർ പറഞ്ഞതും സമീപത്തെ സി.സി ടിവി ദൃശ്യങ്ങളും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് പൊലീസ് പറഞ്ഞു. അമ്പിളിയുടെ മൊഴിപ്രകാരം ദീപു ഇൻഷ്വറൻസ് തുകയ്ക്ക് വേണ്ടി സ്വയം നൽകിയ ക്വട്ടേഷന്റെ സാദ്ധ്യതകളും തമിഴ്നാട് പൊലീസ് പരിശോധിക്കുന്നുണ്ട്. കേസ് അവസാനിപ്പിക്കുന്നതിനെക്കുറിച്ചും പൊലീസ് അലോചിക്കുന്നുണ്ട്.

Advertisement
Advertisement