വായ്‌പയെടുത്ത് വാങ്ങിയ വള്ളം കടലെടുത്തു; രേഖയുടെ ജീവിതം സങ്കടക്കയത്തിൽ

Tuesday 02 July 2024 12:37 AM IST

തൃശൂർ: ഉപജീവന മാർഗമായിരുന്ന വള്ളം കടലെടുത്തതോടെ ആഴക്കടൽ മത്സ്യബന്ധന ലൈസൻസ് നേടിയ ഇന്ത്യയിലെ ആദ്യ വനിത രേഖ കാർത്തികേയന്റെ ജീവിതം സങ്കടക്കയത്തിലാണിപ്പോൾ. വായ്‌പയെടുത്തും സുമനസുകളുടെ കൈത്താങ്ങാലും വാങ്ങിയ ഫൈബർ വള്ളവും വലയും രണ്ട് എൻജിനുമാണ് ഒരു മാസം മുമ്പ് കടലിലാണ്ടത്.
ആറ് ലക്ഷത്തിലേറെ രൂപയുടെ ഉപകരണങ്ങളാണ് കടലെടുത്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഫിഷറീസ് വകുപ്പിനും അപേക്ഷ നൽകി അനുകൂല തീരുമാനവും കാത്തിരിക്കുകയാണ് രേഖ. ജൂൺ മൂന്നിനാണ് രേഖയുടെ വള്ളം മറിഞ്ഞത്. ഭർത്താവ് കാർത്തികേയനാണ് രണ്ട് പേർക്കൊപ്പം പുലർച്ചെ വള്ളത്തിൽ പോയത്. അസുഖമായതിനാൽ രേഖ വീട്ടിലിരുന്നു. തോരാമഴയിൽ കടൽ കലിതുള്ളുന്നുണ്ടായിരുന്നു. നേരം പുലർന്നപ്പോൾ വലയിൽ മീൻ നിറഞ്ഞു. വലിച്ചു കയറ്റിയാൽ വള്ളം മുങ്ങുമെന്നായതോടെ വല മുറിച്ചു. അതിനിടെ വള്ളം മറിയാൻ തുടങ്ങി.

മൂന്നുപേരും നിലവിളിച്ച് അകലെയുള്ള മത്സ്യബന്ധന ബോട്ടിനടുത്തെത്തിയെങ്കിലും വള്ളം മറിഞ്ഞു. തുടർന്ന് ബോട്ടിൽ കയറി. ബോട്ടുകാർ കോസ്റ്റൽ പൊലീസിനെ അറിയിച്ചു. റെസ്‌ക്യൂ ബോട്ടിൽ കെട്ടിവലിച്ചപ്പോൾ കയർ പൊട്ടി വള്ളം മുങ്ങി. ഹൃദയശസ്ത്രക്രിയയ്‌ക്ക് ശേഷം ജീവിതം തിരിച്ചുപിടിക്കുമ്പോഴാണ് കാർത്തികേയൻ അപകടത്തിൽപ്പെട്ടത്.

 ലൈസൻസ് കിട്ടിയിട്ട് ആറു വർഷം

ചേറ്റുവ ഏങ്ങണ്ടിയൂർ ഏത്തായ് ബീച്ചിലാണ് രേഖയുടെ കുഞ്ഞുവീട്. കടലാക്രമണത്തിൽ ഇവിടെ ശേഷിക്കുന്നത് രണ്ട് വീടുകൾ മാത്രം. രേഖ കടലിൽ പോകാൻ തുടങ്ങിയിട്ട് ഒന്നരപതിറ്റാണ്ടായി. ജീവിക്കാനായി രണ്ടും കൽപ്പിച്ച് വള്ളത്തിൽ കയറുകയായിരുന്നു. ആറ് വർഷം മുമ്പാണ് ലൈസൻസ് നേടിയത്. നാല് പെൺമക്കളാണ്. മൂത്തമകൾ മായ വിവാഹിതയാണ്. മറ്റമക്കളായ അഞ്ജലി മൂന്നാംവർഷ ബിരുദത്തിനും, ദേവപ്രിയ പ്ളസ്ടുവിനും, ലക്ഷ്മിപ്രിയ പത്താം ക്ളാസിലും പഠിക്കുന്നു. മത്സ്യബന്ധനത്തിനുള്ള ചെലവ് കഴിഞ്ഞാൽ കിട്ടിയിരുന്ന തുച്ഛമായ വരുമാനത്തിലായിരുന്നു ഇവരുടെ ജീവിതം. മീൻ കുറഞ്ഞപ്പോൾ കക്ക വാരിയായിരുന്നു ജീവിതച്ചെലവ് കണ്ടെത്തിയത്.

'ചേട്ടന്റെ ജീവനെങ്കിലും തിരിച്ചുകിട്ടിയല്ലോ. അതായിരുന്നു ആശ്വാസം. കുട്ടികളെ പഠിപ്പിക്കണം, മരുന്നു വാങ്ങണം, കടം തീർക്കണം. എന്തു ചെയ്യണമെന്നറിയില്ല".

- രേഖ കാർത്തികേയൻ

Advertisement
Advertisement