ആർക്കിടെക്‌ചർ പഠനത്തോടൊപ്പം സ്വന്തം ബിസിനസ്; തേടിയെത്തിയത് ഇന്ത്യ, ഏഷ്യ ബുക്ക് ഒഫ് റെക്കോഡുകൾ, 19കാരിയുടെ വിജയഗാഥ

Monday 01 July 2024 11:38 PM IST

ഇന്നത്തെ കാലത്ത് സമൂഹമാദ്ധ്യമങ്ങളിൽ സജീവമല്ലാത്തവർ ചുരുക്കമായിരിക്കും. പ്രായഭേദമന്യേ നേരംപോക്കിനായും ഒഴിവ് സമയങ്ങളിൽ മനസൊന്ന് കുളിർക്കാനുമായിരിക്കും മിക്കവരും ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക്, യുട്യൂബ് പോലുള്ള ആപ്പുകൾ ഉപയോഗിക്കുന്നത്. എന്നാൽ സമൂഹമാദ്ധ്യമത്തെ തന്റെ കഴിവുകൾ തെളിയിക്കാനും വരുമാനം കണ്ടെത്താനുമുള്ള മാർഗമായി എത്രപേർ ഉപയോഗിക്കുന്നുണ്ട്. ഇക്കൂട്ടരിൽ ഒരാളാണ് കോഴിക്കോട് പുറക്കാട്ടിരി സ്വദേശി ഫാത്തിമ മിൻഹ.

വരയ്ക്കാനും ആർട്ട് വർക്കുകളും ക്രാഫ്‌റ്റുമൊക്കെ ചെയ്യാനും കുട്ടിക്കാലം മുതൽതന്നെ ഇഷ്‌ടപ്പെടുന്നയാളാണ് മിന്നയെന്ന് വിളിക്കപ്പെടുന്ന മിൻഹ. അവയോടുള്ള പ്രിയംകാരണം സ്വന്തമായിതന്നെ ചെയ്തുപഠിച്ചു. തെറ്റുകളും പരാജയങ്ങളും ചവിട്ടുപടിയാക്കി കഴിവുകൾ കൂടുതൽ മിനുക്കിയെടുത്തു. എന്നാൽ തന്നെ അദ്ധ്വാനത്തിന്റെ ഓർമ്മകളും ചിത്രങ്ങളും സൂക്ഷിക്കാൻ മിൻഹയ്ക്ക് സ്വന്തമായി മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഇല്ലായിരുന്നു. അങ്ങനെയാണ് പത്താം ക്ളാസിൽ പഠിക്കുന്ന സമയത്ത് മിൻഹ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുറക്കുന്നത്.

കൊവിഡ് സമയത്താണ് പുറത്തുള്ളവർക്ക് വർക്കുകൾ ചെയ്തുനൽകാൻ തുടങ്ങിയതെന്ന് മിൻഹ പറയുന്നു. വീടിന് അടുത്തുള്ള കുട്ടികൾക്ക് ചെറിയ രീതിയിൽ ഗിഫ്റ്റുകൾ തയ്യാറാക്കി നൽകി. ഇതുകണ്ട് ഒരു ബന്ധു ഒരു ഗിഫ്റ്റ് ഐറ്റം തയ്യാറാക്കി നൽകാൻ ആവശ്യപ്പെട്ടു. അങ്ങനെ നൂറ് രൂപ നിരക്കിൽ ആദ്യമായി തന്റെ ഉത്‌പന്നം വിറ്റു. അവിടെയായിരുന്നു സംരംഭത്തിന്റെ തുടക്കം.

സംരംഭം വിപുലപ്പെടുത്താനുള്ള ആശയത്തിൽ ഒരു ഇൻസ്റ്റാഗ്രാം പേജ് തുടങ്ങി. എന്നാൽ സംരംഭം തുടങ്ങുന്നതിൽ പലവിധ ആശങ്കകൾ മിൻഹയ്ക്കുണ്ടായിരുന്നു. ഉത്‌പന്നങ്ങൾ എങ്ങനെ ആവശ്യക്കാരിലെത്തിക്കും, തന്റെ സംരംഭം ശ്രദ്ധിക്കപ്പെടുമോയെന്നെല്ലാം ചിന്തിച്ചു. എന്നാൽ എല്ലാത്തിനും പിന്തുണയും ധൈര്യവും തന്ന് പിതാവിന്റെ സഹോദരന്റെ മകനും ബിരുദവിദ്യാർത്ഥിയുമായിരുന്ന ദാനിഷ് ഒപ്പം നിന്നു. സാധനങ്ങൾ വാങ്ങുന്നതിനും ഡെലിവറി ചെയ്യുന്നതിനും എല്ലാം സഹായവും ദാനിഷ് വാഗ്ദാനം ചെയ്തതോടെ മിൻഹയ്ക്ക് ധൈര്യമായി.

തുടർന്ന് ഒരു വർഷത്തിനുശേഷം ഇൻസ്റ്റാഗ്രാം പേജ് ബിസിനസ് അക്കൗണ്ടാക്കി മാറ്റാൻ തീരുമാനിച്ചു. സാധാരണയായി മിക്കവരും ചെയ്യുന്നതിന് വ്യത്യസ്തമായി ആർ‌ട്ടുമായി ബന്ധമില്ലാത്ത പേര് പേജിന് നൽകണമെന്ന് മിൻഹ ആഗ്രഹിച്ചു. തന്റേതായ ഒരു കൈയൊപ്പ് പേരിനുണ്ടാകണമെന്ന ചിന്തയിൽ തന്റെ ബിസിനസ് സംരംഭത്തിന് ബ്ളൂം തിംഗ്‌സ് എന്ന പേരുനൽകി. ഇപ്പോൾ തന്നെ പലരും ബ്ളൂം എന്ന് അഭിസംബോധന ചെയ്യുമ്പോൾ സന്തോഷവും അഭിമാനവും തോന്നുന്നുണ്ടെന്നും മിൻഹ പറഞ്ഞു.

A post shared by Bloom things (@_bloom_things_)

ബിനിനസ് പേജ് ആരംഭിച്ചുവെങ്കിലും മിൻഹയ്ക്ക് സ്വന്തമായി ഫോണോ കമ്പ്യൂട്ടറോയില്ലായിരുന്നു. പിതാവിന്റെ അല്ലെങ്കിൽ ദാനിഷിന്റെ ഫോണിലൂടെയായിരുന്നു വർക്കുകൾ പങ്കുവച്ചിരുന്നത്. പ്ളസ് വൺ, പ്ളസ് ടു പഠനകാലത്തും വർക്കുകൾ ചെയ്തുനൽകി. വിവാഹനിശ്ചയം, സേവ് ദി ഡേറ്റ്, നിക്കാഹ് ഗിഫ്റ്റ് ബോക്‌സുകൾ, ബർത്ത് ഡേ ഗിഫ്റ്റുകൾ, ആർട്ട് വർക്കുകൾ എന്നിവയാണ് മിൻഹ ചെയ്തുനൽകുന്നത്.

പിന്നാലെ ആർക്കിടെക്‌ചറിൽ ബിരുദപഠനമാരംഭിച്ചുവെങ്കിലും തന്റെ സംരംഭം ഉപേക്ഷിച്ചില്ല. പഠനകാലത്തെ സമ്മർദ്ദത്തിലും മുന്നോട്ടുപോകാൻ തന്നെയായിരുന്നു തീരുമാനം. ഹോസ്റ്റലിൽ നിന്നുകൊണ്ട് വർക്കുകൾ ചെയ്യാനും ഏറെ ബുദ്ധിമുട്ടി. ഇതിനിടെ ബിസിനസിൽ നിന്നുള്ള ലാഭംകൊണ്ട് സ്വന്തമായി ഒരു ഐഫോൺ വാങ്ങി.

ഇപ്പോൾ ആർക്കിടെക്‌ചർ മൂന്നാംവർഷ വിദ്യാർത്ഥിനിയാണ് മിൻഹ. സ്വന്തം ആവശ്യങ്ങൾക്കായുള്ള പണം തന്റെ സംരംഭത്തിലൂടെ മിൻഹ കണ്ടെത്തുന്നു. ലേറ്റസ്റ്റ് മോഡൽ ഐഫോൺ, പ്രിന്റർ എന്നിവയും ബിസിനസിന്റെ ലാഭത്തിൽ നിന്ന് സ്വന്തമാക്കി. മാസം 20,000 രൂപവരെ വരുമാനം ലഭിക്കാറുള്ളതിൽ പഠനാവശ്യത്തിനുള്ള തുകയും തന്റെ സംരംഭത്തിൽ നിന്നുതന്നെ വകയിരുത്തുന്നു.

സംരംഭത്തിൽ ഏറെ പ്രതിസന്ധികളും നേരിടേണ്ടി വരാറുണ്ടെന്ന് മിൻഹ പറയുന്നു. പഠനത്തിന്റെയും പരീക്ഷകളുടെയും ഇടയിൽ വർക്ക് മുന്നോട്ടുകൊണ്ടുപോകാൻ ഏറെ ബുദ്ധിമുട്ടാറുണ്ട്. എന്നാൽ ഇഷ്ടപ്പെട്ട മേഖലയായതിനാൽ തുടരാൻ തന്നെയാണ് തീരുമാനം. ഇതിനിടെ കഴിഞ്ഞവർഷം ഇന്ത്യ ബുക്ക് ഒഫ് റെക്കോഡ്‌സിലും ഏഷ്യ ബുക്ക് ഒഫ് റെക്കോഡ്‌‌സിലും മിൻഹ ഇടംനേടി. കൂടാതെ എക്‌സിബിഷനുകളും വർക്ക് ഷോപ്പുകളും നടത്തി. ഇപ്പോൾ വിദേശത്തും തന്റെ ഉത്‌പന്നങ്ങൾ കയറ്റി അയയ്ക്കാറുണ്ടെന്നും മിൻഹ പറഞ്ഞു.

സംരംഭത്തിന്റെ എല്ലാ കാര്യങ്ങളും താൻ തന്നെയാണ് ചെയ്യുന്നതെന്ന് മിൻഹ പറയുന്നു. പെൺകുട്ടിയെന്ന നിലയിൽ പ്രതിസന്ധികളും പരിമിതികളും ഉണ്ട്. കളിയാക്കലും മറ്റും നേരിടാറുണ്ട്. എന്നാലും എല്ലാം തരണം ചെയ്ത് മുന്നോട്ടുപോകാൻ തനിക്കാവുമെന്ന പ്രതീക്ഷയും ഈ 19കാരി പങ്കുവച്ചു. എല്ലാത്തിനും പിന്തുണയുമായി പിതാവ് അബ്ദുൾ മുനീറും, മാതാവ് മുബീന മുനീറും ഒപ്പമുണ്ട്, സഹായത്തിനായി അനുജൻ മുഹമ്മദ് മിർസയും അനുജത്തി മെഹ്‌സയുമുണ്ട്. തന്റെ ചെറുസംരംഭത്തിൽ പിതാവും അനുജനും വലിയ രീതിയിൽ സഹായിക്കാറുണ്ടെന്ന് മിൻഹ മനസുതുറന്നു. തനിക്ക് പോകാൻ പറ്റാത്ത സമയങ്ങളിൽ ആർട്ട് വർക്കുകൾ ചെയ്യാനാവശ്യമായ സാധനങ്ങൾ പിതാവ് മുനീർ വാങ്ങിനൽകും. നാട്ടിലില്ലാത്ത സമയങ്ങളിൽ അനുജൻ മിർസയാണ് ഡെലിവറി ചെയ്യാറുള്ളതെന്നും യുവസംരംഭക പങ്കുവച്ചു.

നമ്മൾ നമുക്ക് പറ്റുന്നതുപോലെ പരിശ്രമിക്കുക, ബാക്കിയെല്ലാം ദൈവം ചെയ്‌തുകൊള്ളുമെന്ന് മിൻഹ പറയുന്നു. ചെയ്യുന്ന കാര്യത്തിൽ സ്ഥിരതയുണ്ടായിരിക്കണം, സത്യസന്ധതയുണ്ടായിരിക്കണമെന്നുമാണ് യുവ സംരംഭകരോട് ഉപദേശിക്കാനുള്ളതെന്നും മിൻഹ പറഞ്ഞു.

A post shared by Bloom things (@_bloom_things_)

Advertisement
Advertisement