കൊയിലാണ്ടി കോളേജിൽ സംഘർഷം; പ്രിൻസിപ്പലിന് മർദ്ദനമേറ്റു

Tuesday 02 July 2024 3:23 AM IST

കൊയിലാണ്ടി (കോഴിക്കോട്): ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് സ്ഥാപിക്കുന്നതിനെ ചൊല്ലി കൊയിലാണ്ടി ഗുരുദേവ കോളേജ് ഒഫ് അഡ്വാൻസ് സ്റ്റഡീസിൽ സംഘർഷം. പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കർ, സ്റ്റാഫ് സെക്രട്ടറി രമേശ് എന്നിവരെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി. ഇന്നലെ രാവിലെയാണ് സംഭവം.

കൈയ്ക്ക് സാരമായി പരിക്കേറ്റ പ്രിൻസിപ്പലും സ്റ്റാഫ് സെക്രട്ടറിയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കോളേജിന് പുറത്തുള്ളവർ ഓഫീസിലേക്ക് കയറി തന്നെയും സഹപ്രവർത്തകനെയും മർദ്ദിക്കുകയായിരുന്നെന്ന് കൊയിലാണ്ടി പൊലീസിൽ നൽകിയ പരാതിയിൽ പ്രിൻസിപ്പൽ പറയുന്നു. അതേസമയം, ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിനോട് സംസാരിക്കാൻ ശ്രമിക്കുന്നതിനിടെ എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് അഭിനവിനെ പ്രിൻസിപ്പലും സ്റ്റാഫ് സെക്രട്ടറിയും ചേർന്ന് മർദ്ദിച്ചുവെന്ന് എസ്.എഫ്.ഐ നേതാക്കളും ആരോപിച്ചു. ചെവിക്ക് പരിക്കേറ്റ അഭിനവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement