5 വർഷത്തിനിടെ പൊലീസിൽ 88 ആത്മഹത്യ: അമിത ജോലി ഭാരമെന്ന് പ്രതിപക്ഷം

Tuesday 02 July 2024 3:32 AM IST

തിരുവനന്തപുരം: അഞ്ച് വർഷത്തിനിടെ 88 പൊലീസുകാർ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തിട്ടും സേനയുടെ അംഗബലം കൂട്ടി ജോലിഭാരം കുറയ്ക്കാൻ സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ആറു ദിവസത്തിനകം അഞ്ച് പൊലീസുകാർ ആത്മഹത്യ ചെയ്തെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച പി.സി വിഷ്‌ണുനാഥ് പറഞ്ഞു. ജീവനൊടുക്കിയ ജോബിദാസെന്ന പൊലീസുകാരന്റെ ആത്മഹത്യാക്കുറിപ്പ് വിഷ്ണുനാഥ് സഭയിൽ വായിച്ചു. ക്രിമിനലുകൾക്ക് രാഷ്ട്രീയ സംരക്ഷണം നൽകുമ്പോൾ പൊലീസുകാർക്കു മേൽ അമിത സമ്മർദമാണുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു.

പൊലീസിലെ ആത്മഹത്യക്കുള്ള കാരണങ്ങളിൽ കൂടുതലും കുടുംബ- സാമ്പത്തിക-ആരോഗ്യപ്രശ്നങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ഇതിൽ നിന്നുള്ള മാനസിക സംഘർഷങ്ങളാണ് കാരണമെന്നാണ് പൊതുവെ കണ്ടിട്ടുള്ളത്. ഔദ്യോഗികമായ പ്രശ്നങ്ങളും ആത്മഹത്യകൾക്ക് വഴിവച്ചിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. ഇത്തരത്തിലുള്ള ആത്മഹത്യ പ്രവണത കുറയ്ക്കുന്നതിന് നടപടിയെടുക്കും. പരിശീലന കാലയളവിൽ സാമ്പത്തിക അച്ചടക്കം സംബന്ധിച്ചും ആയോധന കലകളിലും മനോബലം വർദ്ധിപ്പിക്കുന്നതിനും പരിശീലിപ്പിക്കും. സേനയിൽ 8 മണിക്കൂർ ജോലി അത്ര വേഗത്തിൽ നടപ്പാക്കാൻ കഴിയില്ല. . പ്രധാനപ്പെട്ട 52 സ്റ്റേഷനുകളിൽ നടപ്പാക്കി. കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസിനെ നിയന്ത്രിക്കുന്നത് സി.പി.എം ജില്ലാ, ഏരിയാ കമ്മിറ്റികളാണെന്നും ബാഹ്യമായ ഇടപെടലില്ലെന്ന് നെഞ്ചിൽ കൈവച്ച് മുഖ്യമന്ത്രിക്ക് പറയാൻ കഴിയുമോയെന്നും വി.ഡി.സതീശൻ ചോദിച്ചു. അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നു. ടാർഗറ്റ് നല്‍കി പെറ്റിക്കേസ് വരെ പിടിപ്പിച്ചു പണമുണ്ടാക്കാൻ സർക്കാർ ശ്രമിക്കുന്നു. മേലുദ്യോഗസ്ഥർ ചെവി പൊട്ടുന്ന ചീത്തയാണ് കീഴുദ്യോഗസ്ഥരെ പറയുന്നത്. . ക്രിമിനലുകൾക്ക് രാഷ്ട്രീയ രക്ഷാകർതൃത്വം നൽകുകയാണെന്നും സതീശൻ ആരോപിച്ചത് സഭയിൽ ബഹളത്തിന് വഴി വച്ചു.

ജോലിക്കിടയിലും

യോഗയാവാം

മാനസിക പിരിമുറക്കം കുറയ്ക്കുന്നതിന് പൊലീസുകാർക്ക് യോഗ ചെയ്യാൻ എവിടെ സമയം ലഭിക്കുമെന്ന് പി.സി. വിഷ്ണുനാഥ് ചോദിച്ചു. യോഗ ചെയ്യാൻ പ്രത്യേക സമയവും സ്ഥലവും ഒന്നും വേണ്ടെന്നും ജോലിക്കിടയിൽ ചെയ്യാനാകുമെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. നിയമസഭയിലിരുന്ന് എം.എൽ.എമാർക്ക് യോഗ ചെയ്യാനാകും. എം.എൽ.എമാരെ യോഗ പരിശീലിപ്പിക്കാൻ സംവിധാനം ഒരുക്കണമെന്നു സ്പീക്കറോടു മുഖ്യമന്ത്രി അഭ്യർത്ഥിക്കുകയും ചെയ്തു.

Advertisement
Advertisement