ഫ്രഞ്ചാസ്റ്റിക്ക്
സെൽഫടിച്ച് ബെൽജിയം വീണു, ഫ്രാൻസ് ക്വാർട്ടറിൽ
ഡസ്സൽഡോർഫ്: വമ്പൻമാർ മുഖാമുഖം വന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ ബെൽജിയത്തെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി മുൻചാമ്പ്യന്മാരായ ഫ്രാൻസ് യൂറോ കപ്പിന്റെ ക്വാർട്ടറിൽ കടന്നു. കളി എക്‌സ്ട്രാ ടൈമിലേക്ക് നീളുമെന്ന് കരുതിയിരിക്കെ 85-ാം മിനിട്ടിൽ ബെജിയൻ ഡിഫൻഡർ ജാൻ വെർട്ടോഗന്റെ പിഴവിൽ പിറന്ന സെൽഫ് ഗോളാണ് ഫ്രാൻസിന് ജയമൊരുക്കിയത്. പൊസഷനിലും പാസിംഗിലുമെല്ലാം മുൻതൂക്കം ഫ്രാൻസിന് തന്നെയായിരുന്നു. എംബാപ്പെയും ഗ്രീസ് മാനും ഇരുവിംഗുകളിലൂടെയും ബെൽജിയൻ ദഗോൾ മുഖത്തേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്നു. വീണ് കിട്ടിയ അവസരങ്ങളിൽ കെവിൻ ഡി ബ്രുയിനയും ജെറമി ഡോക്കുവും ലുകാകുവും എതിർ ഗോൾ മുഖത്തേക്കും പാഞ്ഞെത്തി.
ഫ്രഞ്ച് ഗോൾ കീപ്പർ മൈക്ക് മെയ്ഗനും ബെൽജിയൻ ഗോൾകീപ്പർ കാസ്റ്റീൽസും ക്രോസ് ബാറിന് കീഴിൽ മികച്ച പ്രകടനമാണ് നടത്തിയത്. ഡിബ്രൂയിനയുടേയും ലുകാക്കുവിന്റെയും രണ്ട് തകർപ്പൻ ഷോട്ടുകൾ മെയ്ഗൻ തട്ടിയകറ്റിയത് ഫ്രഞ്ച് വിജയത്തിൽ നിർണായകമായി.
ഗോൾ, ഗോൾ
85-ാംമിനിട്ട്- ബെൽജിയൻ ഡിഫൻഡർ വെർട്ടോഗന്റെ സെൽഫ് ഗോൾ കളിയുടെ വിധിയെഴുതുന്നു. എൻഗോളോ കാന്റെയുടെ പാസ് സ്വീകരിച്ച് ബോക്സിനകത്ത് വച്ച് കോളോ മുവാനിയെടുത്ത കരുത്തുറ്റ ഷോട്ട് തടയാനെത്തിയ വെർട്ടോഗന്റെ കാലിൽ തട്ടി ബെൽജിയൻ വലകുലുക്കുകയായിരുന്നു.
ജോർജിയയെ വീഴ്ത്തി
സ്പാനിഷ് ഗോൾ വസന്തം
കൊളോൺ: യൂറോയിലെ ജോർജിയൻ സ്വപ്നക്കുതിപ്പ് അവസാനിപ്പിച്ച് സ്പെയിൻ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു. പ്രീക്വാർട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് സ്പെയിനിന്റെ ജയം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് നാല് ഗോൾ തരിച്ചടിച്ച് സ്പെയിൻ ജയിച്ചു കയറിയത്. റോഡ്രി, ഫാബിയാൻ റൂയിസ്, നികോ വില്യംസ്, ഡാനി ഓൾമോ എന്നിവരാണ് സ്പെയിനിന്റെ സ്കോറർമാർ. സ്പാനിഷ് ഡിഫൻഡർ റോബിൻ ലെ നോർമാൻഡിന്റെ പിഴവിൽ പിറന്ന സെൽഫ് ഗോളാണ്ജോർജിയയുടെഅക്കൗണ്ടിൽ എത്തിയത്.
മത്സരത്തിൽ പൊസഷനിലും പാസിംഗിലും ഷോട്ടുകളിലും എല്ലാം സ്പെയിനായിരുന്നു ബഹുദൂരം മുന്നിൽ. ടാർജറ്റിലേക്ക് 13 ഷോട്ടുകളാണ് സ്പാനിഷ് താരങ്ങൾ തൊടുത്തത്. മറുവശത്ത് ഒരു ഷോട്ടുപോലും ജോർജിയൻ താരങ്ങൾക്ക് ടാർജറ്റിലേക്ക് എടുക്കാനായില്ല.
ഗോൾ കീപ്പർ ജിയോർഗി മമർദഷ്വില്ലിയുടെ തകർപ്പൻ സേവുകളില്ലായിരുന്നെങ്കിൽ ജോർജിയയുടെ തോൽവി ഇതിലും ദാരുണമായേനെ. 74-ാം മിനിട്ടിലും ജോർജിയൻ വലയിൽ പന്തെത്തിയെങ്കിലും യമാൽ ഓഫ് സൈഡായിരുന്നതിനാൽ സ്പെയിന് ഗോൾ നിഷേധിക്കപ്പെട്ടു.