അടുത്ത മൂന്ന്  മണിക്കൂറിൽ കേരളത്തിൽ നാല് ജില്ലകളിൽ മഴ, ജാഗ്രതാ നിർദേശം

Tuesday 02 July 2024 7:01 AM IST

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗുജറാത്ത് തീരം മുതൽ കേരളം വരെ ന്യൂനമർദ്ദപാത്തിയുണ്ടാകുകയും, ഗുജറാത്ത് തീരത്ത് ചക്രവാത ചുഴിയുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പ്.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

ജൂലായ് 5 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

കേരള തീരത്തും തമിഴ്‌നാട് തീരത്തും ബുധനാഴ്ച രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.

Advertisement
Advertisement