ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും വാട്ട്‌സാപ്പിലുമായി ഏറെ ചെടികളുടെ കച്ചവടം നടക്കുന്നുണ്ട്, കാര്യമറിയാതെയാണ് പലയിടത്തും ബിസിനസ്

Tuesday 02 July 2024 8:03 AM IST

വനത്തിലെ ജലലഭ്യതയെയും ആവാസവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുന്ന അധിനിവേശ സസ്യങ്ങളെ 20വർഷം കൊണ്ട് ഇല്ലാതാക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അടുത്തിടെയാണ് നിയമസഭയിൽ വ്യക്തമാക്കിയത്. 27,000 ഹെക്ടറിലെ അക്കേഷ്യ, യൂക്കാലി, മഞ്ഞക്കൊന്ന തുടങ്ങിയ സസ്യങ്ങൾ നീക്കം ചെയ്യും. മരങ്ങൾ പേപ്പർ നിർമ്മാണത്തിനുള്ള പൾപ്പാക്കി മാറ്റും. വന്യജീവികൾക്ക് ഭക്ഷ്യലഭ്യത ഉറപ്പാക്കാൻ ഞാവൽ, സീതപ്പഴം, മുള എന്നിവ വച്ചുപിടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

നമ്മുടെ നാട്ടിലെ സസ്യങ്ങളിൽ ഇതുവരെ കാണാത്ത പല രോഗങ്ങളും ഇപ്പോൾ കാണുന്നുണ്ട്. ഇതുമൂലം പല വിളകളും നാമാവശേഷമാകുന്നതിന്റെ വക്കിലുമാണ്. ഇതിന് പ്രധാന കാരണം അധിനിവേശ സസ്യങ്ങളാണെന്നാണ് കാർഷിക വിദഗ്ദ്ധർ പറയുന്നത്. മറ്റുരാജ്യങ്ങളിൽ നിന്ന് പലവഴിയിലൂടെയും ഇവിടെയെത്തി തദ്ദേശീയ സസ്യങ്ങളുമായി ജലം, പ്രകാശം, പോഷകവസ്തുക്കൾ, സ്ഥലം എന്നിവയ്ക്കായി മത്സരിക്കുന്ന സസ്യങ്ങളാണ് അധിനിവേശ സസ്യങ്ങൾ എന്നറിയപ്പെടുന്നത്. ഒരിടത്ത് എത്തിയാൽ അധികം വൈകാതെ തന്നെ അവിടെ അധീശത്വം ഉറപ്പിക്കുന്നതിനൊപ്പം വിളകൾക്ക് നാശമുണ്ടാക്കുന്ന ചില പ്രത്യേകതരം ഷഡ്പദങ്ങളുടെയും രോഗങ്ങളുടെയും വാഹകരായും ഇവ മാറും. അധിനിവേശ സസ്യങ്ങളായി എത്തുന്നതിൽ കൂടുതലും കളവർഗത്തിൽപ്പെട്ടവയാണെന്നതാണ് മറ്റൊരു പ്രധാന കാര്യം. ഒരേക്കറിനുള്ളിൽ ഒരു അധിനിവേശ സസ്യത്തിന് ഇടം പിടിക്കാനായാൽ അധികം വൈകാതെ തന്നെ ആ പ്രദേശമാകെ കൈയടക്കി മുച്ചൂടും നശിപ്പിക്കും.

ഇത്തരത്തിലുള്ള സസ്യങ്ങളെ പിഴുതു കളയുന്നതും പരസ്ഥിതി പ്രവർത്തനമാണെന്ന് മുരളി തുമ്മാരുകുടി പറയുന്നു. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും അധിനിവേശ സസ്യങ്ങളുടെ കച്ചവടം നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ പരിസ്ഥിതി പ്രവർത്തകരുടെ, വിദഗ്ദ്ധരുടെ, നഴ്സറി നടത്തുന്നവരുടെ, സർക്കാരിൻറെയൊക്കെ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും ഐക്യരാഷ്‌‌ട്രസഭയുടെ പരിസ്ഥിതി പ്രവർത്തനങ്ങളുടെചുമതല വഹിക്കുന്ന തുമ്മാരുകുടി വ്യക്തമാക്കുന്നു.

മുരളി തുമ്മാരുകുടിയുടെ കുറിപ്പ്-

''ചിലപ്പോഴൊക്കെ മരം പിഴുതെടുക്കുന്നതാണ് പരിസ്ഥിതി പ്രവർത്തനം ഭൗമദിനത്തിനാണെങ്കിലും പരിസ്ഥിതി ദിനത്തിൽ ആണെങ്കിലും മരം വച്ചുപിടിപ്പിക്കുന്ന പരിസ്ഥിതി പ്രവർത്തനം നമുക്ക് പരിചയം ഉണ്ട്. പക്ഷെ നമ്മൾ വച്ചു പിടിപ്പിച്ചതും അല്ലാതേയുമായി അധിനിവേശ സസ്യങ്ങൾ നാട്ടിലും കാട്ടിലും പെരുകുമ്പോൾ അതു പിഴുതെടുത്തു കളയുന്നതും പരിസ്ഥിതി പ്രവർത്തനമാണ്.

കേരളത്തിൽ കൊവിഡിന് ശേഷം നഴ്സറികളുടെ എണ്ണത്തിൽ വലിയ വർദ്ധനയുണ്ട്. നമുക്ക് ചുറ്റും കാണാവുന്നതിന് പുറമേ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും ആയി ഏറെ ചെടികളുടെ കച്ചവടം നടക്കുന്നുണ്ട്. ഇതിലൊക്കെ അധിനിവേശ സസ്യങ്ങൾ ഉണ്ടാകാമെന്നുമാത്രമല്ല എന്താണ് അധിനിവേശ സസ്യങ്ങൾ എന്ന് മിക്കവാറും നഴ്സറികൾക്ക് അറിവും ഇല്ല.

ഇക്കാര്യത്തിൽ പരിസ്ഥിതി പ്രവർത്തകരുടെ, വിദഗ്ദ്ധരുടെ നഴ്സറി നടത്തുന്നവരുടെ സർക്കാരിൻറെ ഒക്കെ കൂട്ടായ പ്രവർത്തനം വേണം''

Advertisement
Advertisement