ഇനി കള്ളക്കളി നടക്കില്ല, കണ്ണുപരിശോധിക്കാൻ എംവിഡി; ഡോക്‌ടർക്കും പിടിവീഴും, പുതിയ നിർദേശവുമായി ഗതാഗത മന്ത്രി
തിരുവനന്തപുരം: വാഹനം ഓടിച്ച് ലൈസൻസ് എടുക്കാൻ എത്തുന്നവർക്ക് ശരിക്കും കാഴ്ചശക്തിയുണ്ടോ എന്നു കൂടി ഇനി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 'ടെസ്റ്റ്' ചെയ്യും. അപേക്ഷകർ ഹാജരാക്കുന്ന നേത്രപരിശോധന സർട്ടിഫിക്കറ്റുകളിൽ വ്യാജനും കടന്നുവരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വകുപ്പ് മന്ത്രി കെ.ബി.ഗണേശ്‌കുമാറാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്.
നിശ്ചിത അകലത്തിലുള്ളവ അപേക്ഷകർക്ക് വ്യക്തമായി കാണാൻ കഴിയുന്നുണ്ടോ എന്നുറപ്പാക്കാൻ ടെസ്റ്റിനിടെ റോഡിൽ കാണുന്ന ബോർഡുകൾ ഉൾപ്പെടെ വായിക്കാൻ ആവശ്യപ്പെടും. കാഴ്ച കുറവാണെന്ന് ബോദ്ധ്യപ്പെട്ടാൽ വീണ്ടും നേത്രപരിശോധന നടത്തും. ഇതിനായി നേത്രപരിശോധനാ യന്ത്രങ്ങൾ വാങ്ങും. പരിശോധന ഇല്ലാതെ സർട്ടിഫിക്കറ്റ് നൽകിയതാണെന്ന് കണ്ടെത്തിയാൽ ഡോക്ടർക്കെതിരെ പരാതി നൽകാനും മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചു.
ചില ജില്ലകളിൽ ഒരേ ദിവസം നൂറിലധികം പേർക്ക് സർട്ടിഫിക്കറ്റ് നൽകിയവരുണ്ട്. ചില ഡോക്ടർമാരുടെ സീലും രേഖകളും ആർ.ടി ഏജന്റുമാരുടെ കൈവശമുണ്ടെന്ന പരാതിയും മന്ത്രിയുടെ ഓഫീസിൽ ലഭിച്ചിരുന്നു. ഇടനിലക്കാർ ശേഖരിച്ച് കൊണ്ടുവരുന്ന അപേക്ഷകൾ ഒരുമിച്ച് സാക്ഷ്യപ്പെടുത്തി നൽകുന്നവരുമുണ്ട്. ഇത്തരക്കാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ തന്നെ മോട്ടോർവാഹനവകുപ്പിനെ സമീപിച്ചിരുന്നു.
സേവനം ഓൺലൈൻ ആക്കിയില്ല
കേന്ദ്രനിയമപ്രകാരം പുതിയ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുമ്പോഴും നിലവിലുള്ളവ പുതുക്കുമ്പോഴും നേത്രപരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ലൈസൻസിനുള്ള അപേക്ഷ ഓൺലൈനിൽ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന ഫോമിലാണ് ഡോക്ടർമാർ സാക്ഷ്യപത്രം നൽകേണ്ടത്. ഇത് ഓൺലൈനാക്കാനുള്ള നീക്കം വിജയിച്ചിട്ടില്ല.
നിലവിൽ അപേക്ഷകരോ ഇടനിലക്കാരോ ആണ് ഐ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നത്. ഇതിന് പകരം പരിശോധനാഫലം ഡോക്ടർ ഓൺലൈനിൽ മോട്ടോർവാഹനവകുപ്പിന് കൈമാറുന്ന രീതിയാണ് പരീക്ഷിച്ചത്. ലൈസൻസ് വിതരണം ചെയ്യുന്ന സാരഥി സോഫ്റ്റ്‌വെയറിൽ പ്രവേശിക്കാൻ ഡോക്ടർമാർക്ക് യൂസർ ഐ.ഡി നൽകേണ്ടതുണ്ട്. ഇതിന് സോഫ്റ്റ്‌വെയർ സജ്ജമായിട്ടില്ല.