ഡിജിപിയുടെ ഭൂമി ഇടപാട് കേസ് ഒത്തുതീർപ്പിലേക്ക്; പരാതിക്കാരന് മുഴുവൻ തുകയും തിരികെ നൽകും

Tuesday 02 July 2024 1:11 PM IST

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെട്ട ഭൂമി ഇടപാട് കേസ് വൻ വിവാദമായതോടെ ഒത്തുതീർക്കാൻ നീക്കം. പരാതിക്കാരനായ പ്രവാസിക്ക് മുഴുവൻ തുകയും ഡിജിപി ഇന്ന് തന്നെ തിരിച്ച് നൽകാനാണ് ശ്രമം. ഇതിനിടെ ബാദ്ധ്യത മറച്ചുവച്ച് ഡിജിപി നടത്തിയ ഭൂമി ഇടപാടിനെ കുറിച്ച് മുഖ്യമന്ത്രിക്ക് നേരത്തെ പരാതി നൽകിയതിന്റെ വിവരം പുറത്തായി. ഗുരുതരസ്വാഭാവമുള്ള പരാതി പരിഗണനയിലിരിക്കെയാണ് ഡിജിപി ഷെയ്ഖ് ദർവ്വേഷ് സാഹിബിന് കാലാവധി നീട്ടിനൽകിയത്.

ഭൂമി ജപ്തിചെയ്യാൻ കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. തോന്നയ്‌ക്കൽ റഫാ മൻസിലിൽ താമസിക്കുന്ന തൈക്കാട് ഡി.പി.ഐ ജംഗ്ഷൻ ജെ.പി.എൻ-166ൽ ആർ. ഉമർ ഷെരീറിന്റെ ഹർജിയിലായിരുന്നു നിർദേശം. ഡി.ജി.പിയുടെയും ഭാര്യ ഫരീദാ ഫാത്തിമയുടെയും പേരിൽ പേരൂർക്കട മണികണ്‌ഠേശ്വരത്തുള്ള 10.800 സെന്റ് വസ്തുവിന് 74 ലക്ഷം രൂപയ്‌ക്ക് വാങ്ങുന്നതിന് ഉമർ കരാർ ഒപ്പിട്ടിരുന്നു. രണ്ട് മാസത്തിനകം ഭൂമി കൈമാറാമെന്നായിരുന്നു കരാർ. കരാർ ദിവസം ഉമർ 15 ലക്ഷം രൂപയും രണ്ട് ദിവസം കഴിഞ്ഞ് 10 ലക്ഷവും നൽകി. ഒരാഴ്ച കഴിഞ്ഞ് ഡി.ജി.പി ഓഫീസിലെത്തി അഞ്ച് ലക്ഷവും നൽകി. 30 ലക്ഷം കൈപ്പറ്റിയെന്ന് അന്നുതന്നെ ഡി.ജി.പി കരാർ പത്രത്തിന് പിന്നിൽ എഴുതി നൽകി.

ഭൂമിയ്‌ക്ക് വായ്‌പയെടുത്തത് 26 ലക്ഷം

ബാദ്ധ്യതകളില്ലെന്നു പറഞ്ഞാണ് ഉമറിൽ നിന്ന് പണം വാങ്ങിയത്. വീണ്ടും 25 ലക്ഷം ആവശ്യപ്പെട്ടപ്പോൾ പ്രമാണം കാണണമെന്ന് ഉമർ ആവശ്യപ്പെട്ടു. അന്വേഷണത്തിൽ ഭൂമി എസ്.ബി.ഐ ആൽത്തറ ശാഖയിൽ 26 ലക്ഷത്തിന് പണയപ്പെടുത്തിയെന്ന് മനസിലായി. തുടർന്ന് 30 ലക്ഷം മടക്കി വേണമെന്നാവശ്യപ്പെട്ട് ഉമർ വക്കീൽ നോട്ടീസ് അയച്ചെങ്കിലും വസ്തു നൽകാമെന്നായിരുന്നു മറുപടി. ഇതിനിടെ ഭൂമി മറിച്ച് വിൽക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് ഉമർ കോടതിയെ സമീപിച്ചത്.

'ഭാര്യയുടെ പേരിലുള്ള ഭൂമി വിൽക്കുന്നതിന് കൃത്യമായ കരാറുണ്ടായിരുന്നു. മൂന്നു മാസം കഴിഞ്ഞിട്ടും ബാക്കി നൽകാതെ ഇയാൾ അഡ്വാൻസ് തിരിച്ചുചോദിച്ചു. ഭൂമി വിറ്റിട്ട് പണം നൽകാമെന്ന് അറിയിച്ചു. ഭൂമിക്ക് വായ്പ ഉണ്ടായിരുന്ന കാര്യം മുൻകൂട്ടി അറിയിച്ചിരുന്നു. എനിക്കാണ് നഷ്ടമുണ്ടായത്. നിയമപരമായി മുന്നോട്ടു പോവും".

Advertisement
Advertisement