14 വയസുകാരിയായ മകളെ മുന്നിലിട്ട് പീഡിപ്പിക്കുമെന്ന് വന്നതോടെ ഫൗസിയ നമ്പി നാരായണന്റെ പേര് പറഞ്ഞു

Tuesday 02 July 2024 1:22 PM IST

കനൽ എരിഞ്ഞുകൊണ്ടിരിക്കുന്ന വലിയ ചാരക്കൂമ്പാരമായി ഐ.എസ്.ആർ.ഒ ചാരക്കേസ് ഇന്നും നീറിപ്പുകയുകയാണ്. മുപ്പതു വർഷമായിട്ടും പുകയുന്ന ചാരക്കേസ് പൊലീസിലെയും ഇന്റലിജൻസ് ബ്യൂറോയിലെയും (ഐ.ബി) ഉന്നതർക്ക് കുരുക്കാവുകയാണ്. ചാരക്കേസ് ഗൂഢാലോചനക്കേസിൽ സി.ബി.ഐ കുറ്റപത്രം നൽകിയതോടെ, ആദ്യ അന്വേഷണം നടത്തിയ ഉന്നത ഉദ്യോഗസ്ഥർ കുരുക്കിലായിട്ടുണ്ട്. പൊലീസുദ്യോഗസ്ഥരായ പ്രതികൾ വ്യാജ തെളിവുണ്ടാക്കിയെന്നും സ്ത്രീത്വത്തെ അപമാനിക്കാൻ ഗൂഢാലോചന നടത്തിയെന്നും സി. ബി.ഐ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ചാരക്കേസ് കെട്ടുകഥയാണെന്നും നമ്പി നാരായണൻ നിരപരാധിയാണെന്നും 1996ൽ കണ്ടെത്തിയതും സി.ബി.ഐയായിരുന്നു.

സ്‌പെഷ്യൽ ബ്രാഞ്ച് മുൻ സർക്കിൾ ഇൻസ്‌പെക്ടറായ എസ്. വിജയൻ, മുൻ ഡി.ജി.പി സിബി മാത്യൂസ്, ഗുജറാത്ത് മുൻ ഡി.ജി.പിയും ഐ.ബി ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന ആർ.ബി. ശ്രീകുമാർ, പൊലീസുദ്യോഗസ്ഥനായ കെ. കെ.ജോഷ്വാ, ഐ. ബി. മുൻ ഇൻസ്‌പെക്ടർ പി. എസ്. ജയപ്രകാശ് എന്നിവരാണ് പ്രതികൾ. വ്യാജതെളിവും രേഖകളും ഉണ്ടാക്കാൻ അന്യായമായ ദേഹോപദ്രവം ഏൽപ്പിക്കൽ, സർക്കാർ ഉദ്യോഗസ്ഥർ ചേർന്ന് വ്യാജ തെളിവ് ഉണ്ടാക്കൽ, കേസിനായി വ്യാജ രേഖകൾ ഉണ്ടാക്കൽ, കഠിനമായ ദേഹോപദ്രം ഏൽപ്പിക്കൽ, അന്യായമായി തടഞ്ഞ് വയ്ക്കൽ, സ്ത്രീത്വത്തെ അപമാനിക്കാൻ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുളളത്. ഇതിൽ സ്ത്രീത്വത്തെ അപമാനിക്കൽ മാത്രമാണ് ജാമ്യമില്ലാ കുറ്റം. എഫ്.ഐ.ആറിൽ 18പേരായിരുന്നു പ്രതികൾ. 5പേർക്കെതിരെയാണ് കുറ്റപത്രം നൽകിയത്.

മാലെദ്വപുകാരായ മറിയം റഷീദയെയും ഫൗസിയ ഹസനെയും മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും നമ്പി നാരായണന്റെ പേരുപറയിച്ചാണ് ചാരക്കേസെന്ന കെട്ടുകഥയുണ്ടാക്കിയതെന്നാണ് സി.ബി.ഐ നേരത്തേ കണ്ടെത്തിയത്. ഐ.ബി ജോയിന്റ് ഡയറക്ടറായിരുന്ന ആർ.ബി.ശ്രീകുമാർ കസേരയെടുത്ത് കാലിൽ അടിച്ച്, പീഡിപ്പിച്ചാണ് നമ്പി നാരായണന്റെയും രമൺ ശ്രീവാസ്തവയുടെയും പേരുകൾ പറയിച്ചതെന്നാണ് മറിയം റഷീദയുടെ വെളിപ്പെടുത്തൽ. സിബി മാത്യൂസ്, എസ്. വിജയൻ എന്നിവർ കസ്റ്റഡിയിൽ പീഡിപ്പിച്ചെന്നുള്ള റഷീദയുടെ മൊഴിയും സി.ബി.ഐ അന്വേഷിച്ചിരുന്നു. നമ്പി നാരായണന്റെ പേര് പേപ്പറിൽ എഴുതിക്കാണിച്ച് വായിപ്പിച്ച് കുറ്റസമ്മതം റെക്കാഡ് ചെയ്തെന്ന് മറിയം റഷീദയും അന്ന് പതിന്നാലു വയസുണ്ടായിരുന്ന മകൾ ജിലയെ കൺമുന്നിലിട്ട് പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് ഫൗസിയയും വെളിപ്പെടുത്തിയിട്ടുണ്ട്. ചാരവൃത്തിക്കായി 25,000 ഡോളർ കിട്ടിയെന്ന കള്ളമൊഴിയും സി.ബി.ഐ അന്വേഷിച്ചിട്ടുണ്ട്.

ക്രയോജനിക് സാങ്കേതികവിദ്യയുടെ ഭാഗമായ ലിക്വിഡ് പ്രൊപ്പൽഷൻ വിഭാഗത്തിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു നമ്പി നാരായണൻ. ക്രയോജനിക് സാങ്കേതിക വിദ്യ അട്ടിമറിക്കാനുള്ള ഗൂഢാലോചനയെന്നാണ് ആദ്യ എഫ്.ഐ.ആറിലുണ്ടായിരുന്നത്. 1994 ലാണ് പൊലീസ് ചാരക്കേസുമായി ബന്ധപ്പെട്ട് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തത്. ക്രയോജനിക് പ്രോജക്റ്റ് ഡയറക്ടറായ നമ്പി നാരായണനെ അടക്കം പ്രതികളാക്കി കേസെടുത്തു. 2018ൽ നമ്പി നാരായണൻ സുപ്രീം കോടതിയിൽ നൽകിയ കേസിൽ 2021 ഏപ്രിൽ 15 നാണ് നമ്പിനാരായണന് അനുകൂലമായ വിധി ഉണ്ടായി. സുപ്രീംകോടതി നിർദ്ദേശപ്രകാരം നിയമിതമായ ജസ്റ്റീസ് ജെയിൻ കമ്മിഷനാണ് ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ ശുപാർശ ചെയ്തത്. സുപ്രീംകോടതി ഉത്തരവിട്ടതിനെത്തുടർന്ന് സി. ബി.ഐ ഡൽഹി യൂണിറ്റിലെ പ്രത്യേക സംഘമാണ് കേസന്വേഷിച്ച് കുറ്റപത്രം നൽകിയത്.

ഇന്ത്യയ്ക്ക് ഇല്ലാതിരുന്ന ക്രയോജനിക്സ് റോക്കറ്ര് എൻജിൻ സാങ്കേതികവിദ്യ 400കോടിരൂപയ്ക്ക് ചോർത്തിക്കൊടുത്തെന്ന് കേസെടുക്കാനുള്ള സാഹചര്യമെന്തായിരുന്നു എന്നാണ് സി.ബി.ഐ അന്വേഷിച്ചത്. ക്രയോജനിക് സാങ്കേതികവിദ്യ പാകിസ്ഥാനും വികാസ് എൻജിന്റെ സാങ്കേതികവിദ്യ റഷ്യയ്ക്കും കൈമാറിയെന്നാണ് കേസ്.1994ൽ ഇന്ത്യയ്ക്ക് ക്രയോജനിക് സാങ്കേതികവിദ്യയില്ല. 1977ൽ ഫ്രാൻസിൽ നിന്ന് ഇന്ത്യ വികാസ് എൻജിൻ സാങ്കേതികവിദ്യ നേടുംമുൻപേ റഷ്യക്ക് ഇത് സ്വന്തമായുണ്ട്. ഇതുചൂണ്ടിക്കാട്ടിയാണ് അടിസ്ഥാനമില്ലാത്തതും കേരളാപൊലീസിന്റെ വിചിത്രഭാവനയുമാണ് ചാരക്കേസെന്ന് സുപ്രീംകോടതി വിലയിരുത്തിയത്.

അന്ന് ഇന്ത്യയ്ക്ക് ഇല്ലാതിരുന്ന ക്രയോജനിക്സ് റോക്കറ്ര് എൻജിൻ സാങ്കേതികവിദ്യ 400കോടിരൂപയ്ക്ക് ചോർത്തിക്കൊടുത്തെന്ന് കേട്ടപാടേ അറസ്റ്റും കേസുമായി ഇറങ്ങിയ പൊലീസിലെ ഉന്നതരാണ് കുരുക്കിലായത്.

എല്ലാം ഒരു തോന്നലോ

മാലെദ്വീപുകാർ വഴി ബഹിരാകാശ രഹസ്യങ്ങൾ ചോർന്നതായി തനിക്ക് തോന്നലുണ്ടായെന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥന്റെ മൊഴി.

ചാരക്കേസ് കെട്ടുകഥയാണെന്നും അന്വേഷണം അവസാനിപ്പിക്കണമെന്നും ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ ഐ.ജി ജി.ബാബുരാജ് കേസ് ഡയറിയിൽ രേഖപ്പെടുത്തി.

കെട്ടുകഥ സത്യമാക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് സി.ബി.ഐ ഡി.ഐ.ജി പി.എം.നായർ വെളിപ്പെടുത്തിയിട്ടുണ്ട്.

വീസ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോവാതിരുന്ന മാലെദ്വീപുകാരികളെ പൊലീസ് ചാരക്കേസിൽപെടുത്തുകയായിരുന്നെന്നാണ് സി.ബി.ഐയുടെ ആദ്യ കണ്ടെത്തൽ.

Advertisement
Advertisement