അത്തത്തിനൊരുങ്ങി തൃപ്പൂണിത്തുറ; കലാമത്സരങ്ങൾ 15 മുതൽ

Wednesday 03 July 2024 12:54 AM IST
തൃപ്പൂണിത്തുറ അത്തച്ചമയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ച് ചെയർപേഴ്സൺ രമ സന്തോഷ് സംസാരിക്കുന്നു

തൃപ്പൂണിത്തുറ: ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയം സെപ്തംബർ 6 ന് നടക്കും. അതിഗംഭീരമായി അത്താഘോഷം സംഘടിപ്പിക്കുവാൻ തൃപ്പൂണിത്തുറ നഗരസഭ അത്താഘോഷകമ്മിറ്റി തീരുമാനിച്ചു.

കലാമത്സരങ്ങളുടെ രജിസ്ട്രേഷൻ 10ന് വൈകിട്ട് 5ന് പൂർത്തിയാകും. 15ന് കലാ മത്സരങ്ങൾ ആരംഭിക്കും. 45 ഇനങ്ങളിൽ മത്സരങ്ങൾ നടത്തും. ചെസ്, കൈകൊട്ടിക്കളി മത്സരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഘോഷയാത്രയിൽ അണിനിരക്കുന്ന കലാരൂപങ്ങൾക്കുള്ള രജിസ്ട്രേഷൻ 5 മുതൽ ആരംഭിക്കും. മത്സര വിജയികൾക്ക് 2000 മുതൽ 20000 വരെയുള്ള സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

അത്താഘോഷം വയോജന സൗഹാർദ്ദമാക്കുന്നതിന്റെ ഭാഗമായി ഇത്തവണ വയോജനങ്ങൾക്കായി പ്രത്യേക പൂക്കളം, തിരുവാതിരകളി, ലളിതഗാനം, കവിതാ പാരായണം എന്നീ മത്സരങ്ങൾ നടത്തും. അത്താഘോഷ പ്രചരണത്തിന്റെ ഭാഗമായി ഘോഷയാത്ര നടക്കുന്ന വഴിയിലെ ചുവരുകളിൽ ഗ്രാഫിറ്റി പെയിന്റിംഗ് വരയ്ക്കുന്നതിന് നഗരവാസികളുടെ പിന്തുണ ഉണ്ടാകണമെന്ന് നഗരസഭ അഭ്യർത്ഥിച്ചു.

വാർത്താസമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്, വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, ജനറൽ കൺവീനർ കെ.വി. സാജു, കൺവീനർമാരായ യു.കെ. പീതാംബരൻ, ശ്രീലത മധുസൂദനൻ, കെ.ടി. അഖിൽദാസ്, രോഹിണി കൃഷ്ണകുമാർ, ആന്റണി ജോ വർഗീസ്, പി.എസ്. കിരൺകുമാർ, വി.ജി. രാജലക്ഷ്മി, ഡി. അർജുനൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ ജയാ പരമേശ്വരൻ, ദീപ്തി സുമേഷ്, സി.എ. ബെന്നി, മുനിസിപ്പൽ സെക്രട്ടറി പി.കെ. സുഭാഷ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement