സൈബർ തട്ടിപ്പ് കേസുകൾ 6 മാസം, 400 കേസ് ; തട്ടിയത് 25 കോടി

Wednesday 03 July 2024 12:46 AM IST

കൊച്ചി: 400 സൈബർ പണംതട്ടിപ്പ് കേസുകൾ. 25 കോടി നഷ്ടം. ഉന്നതപദവിയിൽ ജോലി ചെയ്യുന്നവർ മുതൽ സാധാരണക്കാർ വരെ ഇരകൾ. നാലുപേരുടെ കൈയിൽ നിന്ന് ഒന്നര മാസത്തിനിടെ തട്ടിയത് മാത്രം 20 കോടി.

ആറുമാസത്തിനിടെ നഗരത്തിൽ രജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പുകളുടെ കണക്കുകൾ പൊലീസ് പുറത്തുവിട്ടു. ഇതോടെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. സൈബർ തട്ടിപ്പുകൾ വർദ്ധിക്കുന്നത് സംബന്ധിച്ച് 'കേരളകൗമുദി' നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

സി.ബി.ഐ മുതലുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ പേരിൽ അറസ്റ്ര് ഭീഷണിയിലാണ് തട്ടിപ്പുകൾ ഏറെയും. വ്യാജ ഓൺലൈൻ ട്രേഡിംഗ്, ലഹരി കൊറിയർ തട്ടിപ്പ് എന്നിവയാണ് പണം തട്ടാൻ ഉപയോഗിക്കുന്ന മറ്റ് മാർഗങ്ങൾ. ബാങ്ക് അക്കൗണ്ടുകൾ പണം നൽകി സ്വന്തമാക്കി, തട്ടിയെടുക്കുന്ന പണം ഇതിലേക്ക് മാറ്റി ഉടനടി പിൻവലിക്കുന്നതാണ് ഇവരുടെ രീതി. അക്കൗണ്ടുകൾ വ്യാജമായതിനാൽ പ്രതികളിലേക്കെത്തുക ശ്രമകരം. സൈബർ തട്ടിപ്പുകളെക്കുറിച്ച് പൊതുജനം ജാഗ്രത പുലർത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

 അറസ്റ്റ് 40 ശതമാനത്തിൽ താഴെ

സൈബർ കേസുകളിൽ പ്രതികൾ ഇപ്പോഴും കാണാമറയത്താണ്. ജൂൺ വരെയുള്ള സൈബർ തട്ടിപ്പ് കേസുകളിൽ 40 ശതമാനത്തിൽ താഴെ പ്രതികളെ പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. മറ്റ് ജില്ലകളിലും സൈബർ തട്ടിപ്പ് കേസുകളിൽ പലരും പിടിയിലായിട്ടുണ്ട്. ഇവരെ ചോദ്യംചെയ്തതിലൂടെ കൊച്ചിയിലെ പല കേസുകളിലും ബന്ധമുണ്ടെന്ന് കണ്ടെത്തി അറസ്റ്റ് രേഖപ്പെടുകയായിരുന്നു. സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് അക്കൗണ്ടുകൾ അറിഞ്ഞും അറിയാതെയും വിറ്റവരെ പ്രതിചേർക്കാൻ സാധിക്കില്ലെന്ന് പൊലീസ് പറയുന്നു. വില്പന സ്ഥിരീകരിക്കുകയെന്നത് വെല്ലുവിളിയാണ്.

 തട്ടിയ പണം - പരാതിലഭിച്ചത്

7 കോടി - ഇൻഫോപാർക്ക് പൊലീസ്

5 കോടി - നോർത്ത് പൊലീസ്

3.5 കോടി -സെൻട്രൽ പൊലീസ്

 6 കോടി - മരട് പൊലീസ്

( ഒന്നര മാസത്തെ കേസുകൾ)

 പൊലീസ് മുന്നറിയിപ്പുകൾ

എടുക്കാത്ത ലോട്ടറിക്ക് ഭീമമായതുക ആർക്കും അടിച്ചിട്ടില്ല. ഇത്തരം വിളികൾ അവഗണിക്കുക

ഓൺലൈൻ ഇടപാടുകളിൽ ജാഗ്രതപുലർത്തുക, ഒ.ടി.പി കൈമാറുന്നുതിലും ജാഗ്രത വേണം

 ബാങ്കുകളുടെ യഥാർത്ഥ വെബ്സൈറ്റിലെ കസ്റ്റമർ കെയർ നമ്പർ ഉപയോഗിക്കുക

സി.ബി.ഐയുൾപ്പെടെ ഏജൻസികൾ ഭീഷണിപ്പെടുത്തി പണം വാങ്ങില്ലെന്ന് തിരിച്ചറിയുക

അന്വേഷണ ഏജൻസികൾ പണം മറ്റൊരു ബാങ്കിലേക്ക് മാറ്റാൻ ആവശ്യപ്പെടില്ല

ലോൺആപ്പ് ഉപയോഗിക്കരുത്, അ‌ജ്ഞാത അക്കൗണ്ടിൽ നിന്ന് പണംവന്നാൽ നിയമസഹായം തേടുക.

സർക്കാ‌ർ ഓഫീസുകൾ-ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് ഒ.ടി.പി ആവശ്യപ്പെടുന്ന വിളികൾ വരില്ല

Advertisement
Advertisement