സ്വര്‍ണ വില 50,000ല്‍ താഴെയെത്തും, കേന്ദ്ര സര്‍ക്കാര്‍ ആ തീരുമാനം സ്വീകരിച്ചാല്‍

Tuesday 02 July 2024 8:16 PM IST

ന്യൂഡല്‍ഹി: അടുക്കാനാകാത്ത വിലയാണ് സ്വര്‍ണത്തിന്. ഒരു പവന്‍ സ്വര്‍ണത്തിന് മാര്‍ക്കറ്റിലെ ഇന്നത്തെ വില 53,080 രൂപയാണ്. ഒരു ഗ്രാമിന് 6635 രൂപയാണ് വില. ജ്വല്ലറികളില്‍ പോയി ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ജിഎസ്ടി, പണിക്കൂലി തുടങ്ങിയവ കൂടി ചേര്‍ത്ത് എന്തായാലും 60,000 രൂപയെങ്കിലും കുറഞ്ഞത് നല്‍കേണ്ടി വരും. വിവാഹ സീസണ്‍ കൂടി അടുക്കുന്നതോടെ സ്വര്‍ണത്തിന്റെ വില ഇനിയും ഉയരാന്‍ തന്നെയാണ് സാദ്ധ്യത.

സ്വര്‍ണത്തിന്റെ വില കുറയണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ കനിയണം എന്നതാണ് അവസ്ഥ. അതിന് ഈ മാസം അവസാനം കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റിലേക്ക് ഉറ്റുനോക്കുകയാണ് സ്വര്‍ണ വിപണിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍. സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതി നിലവില്‍ 15 ശതമാനമാണ്. ഇത് 10 ശതമാനമായി കുറയ്ക്കണമെന്നാണ് നിലവിലെ ആവശ്യം.

നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രി നിര്‍മല സീതാരാമന് നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍. തീരുവ കൂട്ടിയതോടെ ഇന്ത്യയിലേക്കുള്ള സ്വര്‍ണക്കടത്ത് വര്‍ദ്ധിക്കുകയും ചെയ്തു. വിലയിലുള്ള അന്തരം മൂലം കൂടുതല്‍ ലാഭം കിട്ടുമെന്നതാണ് സ്വര്‍ണക്കടത്തിന്റെ നിരക്ക് കൂടാന്‍ കാരണം. ലാഭകരമായ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നവരുടെ എണ്ണവും ഇക്കാലയളവില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

ഇറക്കുമതി നികുതി കുറയ്ക്കുന്നതോടെ സ്വര്‍ണക്കടത്ത് അനാകര്‍ഷണമായി മാറും. വളഞ്ഞ വഴിയിലൂടെ സ്വര്‍ണം എത്തിക്കുന്നത് തടയാന്‍ ഇതുവഴി സാധിക്കുമെന്ന് ജെംസ് ആന്‍ഡ് ജ്വല്ലറി പ്രമോഷന്‍ കൗണ്‍സില്‍ കരുതുന്നു. എന്നാല്‍ 11 ശതമാനത്തില്‍ നിന്ന് മുമ്പ് 15 ശതമാനമായി നികുതി വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ തിരികെ പത്ത് ശതമാനത്തിലേക്ക് പോകാനുള്ള സാദ്ധ്യത കുറവാണെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ 12 ശതമാനമായി ഇറക്കുമതി നികുതി കുറച്ചാല്‍ പോലും അത് കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും വലിയ നേട്ടമാണ്.

Advertisement
Advertisement