ഓരോ വ്യക്തിക്കും ക്യു.ആർ കോഡ്,​ രാജ്യത്തെ ആദ്യ ഡിജിറ്റൽ വാർഡാകാൻ ലാലൂർ

Wednesday 03 July 2024 4:16 AM IST

തൃശൂർ: മാലിന്യ നിക്ഷേപത്തിനെതിരെ പോരാടി ജയിച്ച ലാലൂരിലെ നാട്ടുകാർ ഇപ്പോൾ മറ്റൊരു യജ്ഞത്തിലാണ്. തൃശൂർ കോർപ്പറേഷനിലെ ഈ ഡിവിഷന് ആറ് മാസം കൊണ്ട് രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ വാർഡായി മാറണം.

ആധാർ, പാൻ, റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെ രേഖകളെല്ലാം ഡിജി ലോക്കറിലാക്കാൻ അയ്യന്തോൾ അക്ഷയ കേന്ദ്രത്തിലെ ജീവനക്കാർ ലാപ്ടോപ്പുമായി വീടുകൾ കയറിയിറങ്ങുകയാണ്. 1,537 വീടുകളുണ്ടിവിടെ. ഓരോരുത്തർക്കും ക്യൂആർ കോഡും നൽകും. ആധാറുൾപ്പെടെ രേഖകളില്ലാത്തവർക്ക് എടുത്തുകൊടുക്കും. ഡിജിറ്റൽ പേമെന്റ് പരിശീലനം എല്ലാവർക്കും നൽകും. ഡിജിറ്റലാകുന്ന വീട്ടുമുറ്റത്ത് വർഷം മുഴുവൻ കായ്ക്കുന്ന ആയുർ പ്‌ളാവും നടും.

ഒരു വർഷം മുമ്പാണ് കൗൺസിലർ പി.കെ.ഷാജന്റെ നേതൃത്വത്തിൽ ഡിജിറ്റലാക്കാൻ ശ്രമം തുടങ്ങിയത്. ജനകീയ കമ്മിറ്റിയുണ്ടാക്കി. സ്റ്റേറ്റ് ഐ.ടി വെൽഫയർ ബോർഡ് ഡയറക്ടറും അയ്യന്തോൾ അക്ഷയകേന്ദ്രം ഉടമയുമായ എ.ഡി. ജയനാണ് ചുക്കാൻ പിടിക്കുന്നത്. ഇരുപത് വോളന്റിയർമാരുമുണ്ട്. 2003ൽ തൃശൂരിലെ തയ്യൂർ ഗ്രാമത്തെ ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമമാക്കിയത് ജയനാണ്.

ഡിജി ലോക്കർ

 സർക്കാരിന്റെ ഡിജിലോക്കർ വെബ്‌സൈറ്റിൽ (digilocker.gov.in) അക്കൗണ്ടുണ്ടാക്കി രേഖകൾ ഡിജിറ്റൽ ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യാം

സ്മാർട്ട്‌ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം. അക്കൗണ്ടുണ്ടാക്കാൻ മൊബൈൽ നമ്പർ നൽകി ഒ.ടി.പി ഉപയോഗിച്ച് ഉറപ്പാക്കണം

 ബാങ്ക് ലോക്കറിലെന്ന പോലെ രേഖകൾ സുരക്ഷിതം. യൂസർനെയിം, ഒ.ടി.പി, വിരലടയാളം എന്നിവയുപയോഗിച്ച് ലോഗിനാക്കി ഡൗൺലോഡ് ചെയ്യാം

രേഖകൾ വീട്ടുകാരുടെ മുമ്പിൽ വച്ചുതന്നെ ഡിജിലോക്കറിലാക്കും


പി.കെ.ഷാജൻ,
കൗൺസിലർ, ലാലൂർ.

Advertisement
Advertisement