655 നിർജീവ സംരംഭങ്ങൾക്ക് ഉണർവേകാൻ കുടുംബശ്രീ

Wednesday 03 July 2024 1:30 AM IST

പാലക്കാട്: സൂക്ഷ്മ സംരംഭങ്ങളുടെ സുസ്ഥിരതയ്ക്കും പുനരുജ്ജീവനത്തിനുമായി കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന ഉണർവ് കാമ്പെയിന്റെ ഭാഗമായി ജില്ലയിൽ കണ്ടെത്തിയത് 655 നിർജീവ സംരംഭങ്ങൾ. ഇത്തരം സംരംഭകരുടെ അവസ്ഥ വിശകലനം ചെയ്ത് പുനരുജ്ജീവനത്തിന് പദ്ധതി തയ്യാറാക്കും. ഇതിനായി സംരംഭകർക്ക് ആവശ്യമെങ്കിൽ സാങ്കേതിക സഹായവും വിദഗ്‌ദ്ധ പരിശീലനവും ഉൾപ്പെടെ നൽകും. ഉത്പ്പന്നങ്ങൾക്ക് മാർക്കറ്റ് കണ്ടെത്താൻ സാധിക്കാത്തതാണ് മിക്ക സംരംഭങ്ങളുടെയും തകർച്ചയ്ക്ക് കാരണം. സർവേ നടത്തിയാണ് പ്രവർത്തനക്ഷമത കുറഞ്ഞ സംരംഭങ്ങളെ കുടുംബശ്രീ കണ്ടെത്തിയത്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കുടുംബശ്രീ നടത്തുന്ന പദ്ധതികൾ ജില്ലയിൽ നാലുലക്ഷത്തോളം കുടുംബങ്ങൾക്കാണ് താങ്ങും തണലുമാവുന്നത്.

പുനരുജ്ജീവിപ്പിക്കേണ്ടത് 400 സംരംഭങ്ങൾ

ഒരു ജില്ലയിൽ 400 സംരംഭങ്ങളെങ്കിലും പുനരുജ്ജീവിപ്പിക്കണമെന്നാണ് സംസ്ഥാന കുടുംബശ്രീ മിഷന്റെ നിർദേശം. പൂർണമായും നിന്നുപോയ സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കാനും പ്രവർത്തന മാന്ദ്യം സംഭവിച്ചവർക്ക് തുടർ പ്രവർത്തനങ്ങൾക്ക് സഹായം ഉറപ്പാക്കാനും ഉണർവ് കാമ്പെയിനിലൂടെ കഴിയും.

കാരണങ്ങൾ പരിശോധിച്ചായിരിക്കും സഹായം

സർവേയുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ സംരംഭങ്ങളിൽ ഒരു സി.ഡി.എസിൽ നിന്ന് അഞ്ചുമുതൽ പത്തുവരെ സംരംഭങ്ങൾക്ക് സഹായത്തിനായി പരിഗണിക്കാം. വിപണി സാധ്യത കണ്ടെത്താനാവാതെ പൂട്ടിപ്പോയവ മാത്രമല്ല, സാമ്പത്തിക ബാധ്യത, ബാങ്ക് റിക്കവറി, ഗ്രൂപ്പ് അംഗങ്ങളുടെ തർക്കം, സാങ്കേതിക വിദ്യയുടെ അഭാവം തുടങ്ങി സംരംഭം നിർത്താനുള്ള കാരണങ്ങൾ പരിശോധിച്ചായിരിക്കും സഹായം നൽകുക. വായ്പ പദ്ധതികളും നടപ്പാക്കും.

Advertisement
Advertisement