അടൂരിന് ഇന്ന് 'ഔദ്യോഗിക ശതാഭിഷേകം'

Wednesday 03 July 2024 4:54 AM IST

പത്തനംതിട്ട : വിശ്വസിനിമയിൽ മലയാളത്തിന്റെ കയ്യൊപ്പ് ചാർത്തിയ അടൂർ ഗോപാലകൃഷ്ണന് ഔദ്യോഗിക രേഖകൾ പ്രകാരം ഇന്ന്

ശതാഭിഷേകമാണ്. 1941 ജൂലായ് മൂന്നിനാണ് അദ്ദേഹത്തിന്റെ ഒഫീഷ്യൽ ബർത്ത് ഡേ. അതിൻ പ്രകാരം ഇന്ന് 83 പൂർത്തിയാക്കി 84 ലേക്ക് കടക്കണം. എന്നാൽ ശരിക്കുള്ള ജനനം 1939 ലെ മിഥുന മാസത്തിലായിരുന്നു ' എന്റെ ശതാഭിഷേകമൊക്കെ കഴിഞ്ഞു. പിറന്നാൾ ആഘോഷിക്കാത്ത ഞാൻ അതൊന്നും കാര്യമാക്കാറേയില്ല. ഇന്നും സാധാരണ ഒരു ദിനം പോലെ കടന്നുപോകും. പ്രത്യേകിച്ച് ഒന്നുമില്ല. ' കേരളകൗമുദിയോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു. ' അന്നൊക്കെ ശ്രീ പദ്മനാഭന്റെ നാലു ചക്രം കൂടുതൽ കിട്ടിക്കോട്ടെ എന്ന ചിന്തയിൽ സ്കൂളിൽ ചേർത്തവർ രണ്ടു വയസ് കുറച്ചുവച്ചതാണ്. പക്ഷേ എനിക്കത് പൊല്ലാപ്പായി. പരീക്ഷയെഴുതാൻ പലപ്പോഴും ഇളവ് തേടേണ്ടി വന്നിട്ടുണ്ട് - അടൂർ പറഞ്ഞു. അടൂർ മൗട്ടത്ത് വീട്ടിൽ മാധവൻ ഉണ്ണിത്താന്റെയും ഗൗരിക്കുഞ്ഞമ്മയുടെയും മകനായ അടൂർ ഗോപാലകൃഷ്ണന്റെ ആദ്യ ചിത്രം സ്വയംവരം 1972 ലാണ് റിലീസ് ചെയ്തത്. 2016 ൽ ചെയ്ത ' പിന്നെയും ' ആണ് ഒടുവിൽ ചെയ്ത കഥാചിത്രം. അന്തർദ്ദേശീയ അവാർഡുകളും 16 ദേശീയ അവാർഡുകളും 17 സംസ്ഥാന അവാർഡുകളും ലഭിച്ചിട്ടുണ്ട്. നിരവധി ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും അടൂർ ഗോപാലകൃഷ്ണൻ നിർമ്മിച്ചിട്ടുണ്ട്.

ഇനി എന്നാണ് ഒരു അടൂർ ചിത്രം എന്ന ചോദ്യത്തിന് പുതിയ ചിത്രത്തെക്കുറിച്ച് സജീവമായ ആലോചനയിലാണെന്നായിരുന്നു മറുപടി.

Advertisement
Advertisement