കണ്ണന്റെ ആനകൾക്ക് ഓജസേകാൻ 3420കിലോ അരി, 285 കിലോ ച്യവനപ്രാശം

Wednesday 03 July 2024 4:58 AM IST

ഗുരുവായൂർ:ഗുരുവായൂരപ്പന്റെ ആനകൾക്ക് ഓജസേകുന്ന സുഖചികിത്സയ്ക്ക് 3,420 കിലോ അരിയും 285 കിലോ ച്യവനപ്രാശവും അടക്കമുള്ള ഭക്ഷണവും മരുന്നും...

കാലവർഷക്കാലത്ത് പതിറ്റാണ്ടുകളായി തുടരുന്ന സുഖചികിത്സ കൂടുതൽ ശ്രദ്ധയോടെയാണ് ഇക്കൊല്ലവും നടക്കുന്നത്. പാലകാപ്യ മഹർഷി രചിച്ച പൗരാണിക ഗജചികിത്സാ ശാസ്‌ത്രമായ ഹസ്ത്യായുർവേദ വിധി പ്രകാരമാണ് ഭക്ഷണക്കൂട്ടും ഔഷധങ്ങളും തയ്യാറാക്കുന്നത്. ആധുനിക കാലത്ത് ഇതിൽ അലോപ്പതിയും സമന്വയിപ്പിച്ചിട്ടുണ്ട്. ഒരു മാസം ചിട്ടയായ ഭക്ഷണവും വ്യായാമവും തേച്ചുകുളിയുമെല്ലാം ഉണ്ടാകും.

വ്യായാമത്തിന് രാവിലെയും വൈകിട്ടും നടത്തം. ദഹനം സുഗമമാകാൻ അഷ്ടചൂർണ്ണവും.

ആനകളുടെ കൊവിഡാനന്തര ശാരീരിക അസ്വാസ്ഥ്യങ്ങളെല്ലാം ഒഴിഞ്ഞിട്ടുണ്ട്. എഴുന്നള്ളിപ്പ് ഇല്ലാത്തതിനാൽ ചികിത്സ കൃത്യമായി നടത്താവുന്ന കാലമാണിത്. സമീകൃതാഹാരങ്ങൾ ഉരുളയാക്കിയാണ് നൽകുക.

ഗജപരിപാലനത്തിലെ ഗുരുവായൂർ ദേവസ്വത്തിന്റെ മാതൃകയായ സുഖചികിത്സ ഈ മാസം 30 വരെയാണ്. ആനകളുടെ ആരോഗ്യസംരക്ഷണത്തിനും ശരീരപുഷ്ടിക്കും ഉപകരിക്കുന്ന സമീകൃത ആഹാരമാണ് നൽകുക.

ദേവസ്വത്തിലെ 38 ആനകളിൽ ഇപ്പോൾ 26 എണ്ണത്തിനാണ് സുഖചികിത്സ. 12 ആനകൾ മദപ്പാടിലാണ്. മദകാലം ഒഴിഞ്ഞാൽ അവയ്ക്കും നൽകും. സുഖചികിത്സയ്ക്ക് 11 ലക്ഷം രൂപയാണ് ചെലവ്.

വിഭവങ്ങൾ ചെറുപയർ 1,140 കി.ഗ്രാം റാഗി 1,140 കി.ഗ്രാം മഞ്ഞൾ പൊടി 114 കി.ഗ്രാം അഷ്ടചൂർണ്ണം 123 കി.ഗ്രാം

മറ്റുള്ളവ: അയൺ ടോണിക്ക്, ധാതുലവണങ്ങൾ, വിരമരുന്ന്

ആനക്കോട്ട നവീകരിച്ചും കുളം വൃത്തിയാക്കിയും മികച്ച അന്തരീക്ഷം ഒരുക്കി. ആനകൾ പൂർണ്ണ ആരോഗ്യവാന്മാരാണ്. സുഖചികിത്സ കഴിയുന്നതോടെ കൂടുതൽ കരുത്തരാകും ഡോ.പി.ബി.ഗിരിദാസ് (ചികിത്സയ്ക്ക് മേൽനോട്ടം )