രുചിയൂറും പാലടപ്പായസവും ഇളനീർ ഐസ്‌ക്രീമും പുറത്തിറക്കി മിൽമ

Wednesday 03 July 2024 4:04 AM IST

തിരുവനന്തപുരം: റെഡി ടു ഡ്രിങ്ക് പാലടപ്പായസവും ഐസ്‌ക്രീമിലെ പുത്തൻ തരംഗമായ ഇളനീർ ഐസ്‌ക്രീമും പുറത്തിറക്കി മിൽമ. പ്രവാസികളെയും അതുവഴി കയറ്റുമതിയും ലക്ഷ്യമിട്ടുള്ള പാലടപ്പായസം മലബാർ യൂണിയന്റെ സഹകരണത്തോടെ മിൽമ ഫെഡറേഷനും ഇളനീർ ഐസ്‌ക്രീം മിൽമ എറണാകുളം യൂണിയനുമാണ് പുറത്തിറക്കിയത്. ഇവ സംസ്ഥാനത്തെ എല്ലാ ഔട്ട്ലെറ്റുകൾ വഴിയും ലഭ്യമാകും.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമായ പാലടപ്പായസം വിദേശങ്ങളിലെത്തിക്കാൻ ഈ സംരംഭത്തിലൂടെ സാധിക്കുമെന്ന് മിൽമ ഫെഡറേഷൻ ചെയർമാൻ കെ.എസ്.മണി പറഞ്ഞു. പുതിയ രുചികളിലേക്ക് മിൽമയുടെ ഐസ്‌ക്രീമിനെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇളനീർ ഐസ്‌ക്രീം പുറത്തിറക്കിയതെന്ന് എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം.ടി.ജയൻ വ്യക്തമാക്കി.

മൈക്രോവേവ് അസിസ്റ്റഡ് തെർമൽ സ്റ്റെറിലൈസേഷൻ (എം.എ.ടി.എസ്) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അസെപ്റ്റിക് രീതിയിലാണ് പന്ത്രണ്ടുമാസം വരെ കേടുകൂടാതിരിക്കുന്ന പായസം തയ്യാറാക്കുന്നതും പായ്ക്ക് ചെയ്യുന്നതും. രുചി,മണം,ഗുണമേന്മ എന്നിവ ചോരാതെ സംരക്ഷിക്കാനാകുമെന്നതാണ് പ്രത്യേകത. ആന്ധ്രാപ്രദേശിലെ ശ്രീസിറ്റിയിലുള്ള ടാറ്റയുടെ അത്യാധുനിക എം.എ.ടി.എസ് സ്‌മാർട്സ് ഫുഡ് പ്ലാന്റിലാണിത് നിർമ്മിക്കുന്നത്. നാലുപേർക്ക് വിളമ്പാനാകുന്ന 400 ഗ്രാമിന്റെ പാക്കറ്റിലായിരിക്കും വിപണിയിലെത്തുക. 150 രൂപയാണ് വില. റീപൊസിഷനിംഗ് മിൽമ പദ്ധതിയുടെ ഭാഗമായാണ് ഇത്തരം ഉത്പന്നങ്ങൾ പുറത്തിറക്കുന്നത്.

Advertisement
Advertisement