കേരളത്തില്‍ ഏറ്റവും നീളവും ഭാരവുമുള്ള മത്സ്യം ലഭിക്കുന്നത് ഈ ജില്ലയില്‍, കണക്കുകള്‍ പുറത്ത്

Tuesday 02 July 2024 9:58 PM IST

തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും അധികം വലുപ്പവും ഭാരവുമുള്ള മത്സ്യങ്ങള്‍ ലഭിക്കുന്നത് ഏത് ജില്ലയിലെന്ന് വ്യക്തമാക്കി ഫിഷറീസ് വകുപ്പ്. പാലക്കാട് ജില്ലയിലെ മലമ്പുഴ ഡാമില്‍ നിന്നാണ് വലുപ്പവും ഭാരവും കൂടുതലുള്ള മത്സ്യം ലഭിക്കുന്നതെന്നാണ് കണക്ക്. ഇവിടെ നിന്ന് ലഭിക്കുന്നതില്‍ 40 കിലോഗ്രാം ഭാരമുള്ള കട്‌ല, 20 കിലോഗ്രാം ഭാരമുള്ള രോഹു, എന്നിവ ഉള്‍പ്പെടുന്നു. 52 കിലോ ഭാരമുള്ള കട്‌ല വരെ ലഭിച്ചുവെന്നും ഫിഷറീസ് വകുപ്പിന്റെ കണക്കില്‍ നിന്ന് വ്യക്തമാണ്.

പാലക്കാട് മലമ്പുഴ ഡാമിന്റെ വിസ്തൃതിയും ആവശ്യത്തിന് നല്ല ഭക്ഷണം ലഭിക്കുന്നതുമാണ് മീനുകളുടെ വലുപ്പത്തിന് കാരണം. അതേസമയം, ജില്ലയിലെ ജലാശയങ്ങളില്‍ നിന്ന് ലഭിച്ചിരുന്ന 13 ഇനം മീനുകള്‍ക്ക് വംശനാശം സംഭവിച്ചുവെന്നും പലതും ഭീഷണി നേരിടുന്നുവെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫിഷറീസ് സര്‍വകലാശാല നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. നഞ്ച് കലക്കിയും തോട്ട ഏറിഞ്ഞും വൈദ്യുതി കടത്തിവിട്ടും മീന്‍ പിടിക്കുന്നതാണ് ഇതിന് കാരണം.

എന്നാല്‍ പല ഇനം മത്സ്യങ്ങളും രോഗം വന്ന് വംശനാശം നേരിട്ടതായും സര്‍വകലാശാലയുടെ കണ്ടെത്തലിലുണ്ട്. അക്വേറിയങ്ങളില്‍ വളര്‍ത്തുന്ന അലങ്കാര മത്സ്യമായ സക്കര്‍ ക്യാറ്റ് ഫിഷ് ജലാശയങ്ങളില്‍ പെരുകിയത് നാടന്‍ മത്സ്യങ്ങള്‍ക്കു ഭീഷണിയായെന്നും ഫിഷറീസ് സര്‍വകലാശാല കണ്ടെത്തിയിട്ടുണ്ട്. കുളങ്ങളില്‍ വളര്‍ത്തുന്ന നട്ടര്‍ എന്ന മത്സ്യവും ഡാമുകളിലും മറ്റും കണ്ടെത്തിയിട്ടുണ്ട്. ഇവ മറ്റു മത്സ്യങ്ങളെ കൂട്ടത്തോടെ ഭക്ഷിക്കുന്നതിനാല്‍ നാടന്‍ മത്സ്യങ്ങള്‍ക്കു ഭീഷണിയാണ്.

Advertisement
Advertisement