മതപരിവർത്തനം പാടില്ലെന്ന് അലഹബാദ് ഹൈക്കോടതി, ഭൂരിപക്ഷം ന്യൂനപക്ഷമാവുന്ന കാലംവരുമെന്ന് നിരീക്ഷണം

Wednesday 03 July 2024 4:43 AM IST

ന്യൂഡൽഹി : ജനസംഖ്യയിൽ ഭൂരിപക്ഷമായ മതിവിഭാഗത്തെ മതംമാറ്റം നടത്തുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. ഇല്ലെങ്കിൽ ഭൂരിപക്ഷ ജനസംഖ്യ ന്യൂനപക്ഷമായി മാറുന്ന ദിവസം വന്നുചേരുമെന്ന് ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ നിരീക്ഷിച്ചു.

ഉത്തർപ്രദേശിൽ പട്ടികജാതി - പട്ടികവർഗ വിഭാഗത്തിലുള്ളവരെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും ക്രിസ്‌തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് കോടതിയുടെ ശ്രദ്ധയിൽ വന്നിട്ടുണ്ടെന്നും ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ പറഞ്ഞു.

2021ലെ യു.പി മതപരിവ‌ർത്തന നിരോധന നിയമപ്രകാരം അറസ്റ്റിലായ കേസിലെ പ്രതി കൈലാഷിന് ജാമ്യം നിഷേധിച്ചുകൊണ്ടാണ് ജഡ്‌ജിയുടെ പരാമർശങ്ങൾ.

ഹാമിർപുരിലെ ഗ്രാമീണരെ ഡൽഹിയിലെത്തിച്ച് ക്രിസ്‌തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്നതാണ് കൈലാഷിന്റെ പേരിലുള്ള കുറ്റം. കൂട്ടുപ്രതിയായ സോനു പാസ്റ്റർ നേരത്തെ ജാമ്യം നേടിയിരുന്നു.

മനോദൗർബല്യമുള്ള തന്റെ സഹോദരൻ രാംഫൽ അടക്കമുള്ള ഗ്രാമീണരെ ഡൽഹിയിലെ മതസമ്മേളനത്തിലേക്ക് കൊണ്ടുപോയെന്നും ഇതുവരെ മടങ്ങിവന്നില്ലെന്നും മതംമാറ്റിയെന്നും ചൂണ്ടിക്കാട്ടി രാംകലി പ്രജാപതി എന്ന വനിതയാണ് പൊലീസിൽ പരാതി നൽകിയത്.

ജീവിതത്തിൽ ക്ഷേമമുണ്ടാകുമെന്ന് വിശ്വസിപ്പിച്ചുമാണ് ഗ്രാമീണരെ രാജ്യതലസ്ഥാനത്തേക്ക് കൊണ്ടുപോകുന്നത്. ഇക്കാര്യം ഹൈക്കോടതി ഗൗരവമായി പരിഗണിച്ചു. പൊലീസ് രേഖപ്പെടുത്തിയ സാക്ഷിമൊഴികളിൽ കൈലാഷിന്റെ മതപരിവർത്തനത്തിലെ പങ്ക് വ്യക്തമാണെന്നതും കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്.

ഭരണഘടനയുടെ ലംഘനം

മതപരിവർത്തനം ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

ഭരണഘടനയിലെ അനുച്ഛേദം 25ലാണ് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അവകാശങ്ങൾ പരാമർശിക്കുന്നത്.

മതം ആചരിക്കാനും സ്വീകരിക്കാനും പ്രചരിപ്പിക്കാനും പൗരന്മാർക്ക് സ്വാതന്ത്യവും അവകാശവും നൽകുന്ന വ്യവസ്ഥയാണിത്. മതപ്രചാരണമെന്നാൽ ഏതെങ്കിലും വ്യക്തിയെ ഒരു മതത്തിൽ നിന്ന് മറ്റൊരു സമുദായത്തിലേക്ക് പരിവർത്തനം ചെയ്യണമെന്നല്ല അർത്ഥമാക്കുന്നതെന്ന് കോടതി പറഞ്ഞു. ഒരു വിശ്വാസത്തിൽ നിന്ന് മറ്റൊന്നിലേക്ക് പരിവർത്തനം ചെയ്യാൻ ഭരണഘടനാ വ്യവസ്ഥ അനുവദിക്കുന്നില്ല.

Advertisement
Advertisement