അത്താണിയിലെ ഗതാഗത പരിഷ്കാരം: കുരുക്ക് ഊരാക്കുരുക്കായി!

Wednesday 03 July 2024 1:49 AM IST

നെടുമ്പാശേരി: ഗതാഗതകുരുക്ക് പരിഹരിക്കാൻ ദേശീയപാതയിൽ അത്താണിയിലും എയർപോർട്ട് കവലയിലും ഗതാഗതമന്ത്രിയുടെ നിർദ്ദേശപ്രകാരം നടപ്പാക്കിയ ഗതാഗതപരിഷ്കാരത്തിനെതിരെ പ്രതിഷേധം വ്യാപകം. കുരുക്കഴിക്കാൻ നടപ്പാക്കിയ പരിഷ്കാരങ്ങൾ ഊരാക്കുരുക്കായ അവസ്ഥയാണ്. അൻവർ സാദത്ത് എം.എൽ.എ, സി.പി.എം ഭരിക്കുന്ന നെടുമ്പാശേരി ഗ്രാമപഞ്ചായത്ത്, ബി.ജെ.പി. വ്യാപാരികൾ, സമീപത്തെ സ്കൂൾ അധികൃതർ, ബസ് തൊഴിലാളികൾ എന്നിവരെല്ലാം പരിഷ്കാരത്തിനെതിരെ രംഗത്തെത്തി. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് മന്ത്രി പരിഷ്‌കാരം നടപ്പിലാക്കാൻ നിർദേശിച്ചത്. കാൽ നടയാത്രക്കാർക്കും വ്യാപാരികൾക്കും പരിഷ്‌കാരം ദുരിതമായി. അത്താണിയിലും എയർപോർട്ട് കവലയിലും കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാനാകുന്നില്ല.

എയർപോർട്ട് റോഡ് കവലയിലെ അസീസി സ്‌കൂളിലെ ആയിരത്തിലധികം വിദ്യാർത്ഥികൾ സാഹസികമായാണ് റോഡ് മുറിച്ചു കടക്കുന്നത്. രണ്ടാഴ്ച്ചയ്ക്കുള്ളിൽ ആറോളം അപകടങ്ങളുണ്ടായി. പരിഷ്കാരത്തിലെ പോരായ്മകൾ പരിശോധിക്കാൻ ഗതാഗത വകുപ്പിന് മന്ത്രി ഗണേഷ് കുമാർ നിർദ്ദേശിച്ചിട്ടുണ്ട്.

അഡീ. ട്രാൻസ്പോർട്ട് കമ്മീഷണറോട് റിപ്പോർട്ട് തേടി

അത്താണിയിലെ ഗതാഗതപരിഷ്കാരത്തിലെ പോരായ്മകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അഡീ. ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കറിനോട് മന്ത്രി കെ.ബി. ഗണേഷ് കുമാർ ആവശ്യപ്പെട്ടു. അൻവർസാദത്ത് എം.എൽ.എയുടെ പരാതിയെ തുടർന്നാണ് മന്ത്രിയുടെ നിർദ്ദേശം. വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് എം.എൽ.എ പ്രശ്‌നം മന്ത്രിയെ ധരിപ്പിച്ചത്.

പുന:പരിശോധിക്കണമെന്ന് സി.പി.എം

ജനങ്ങൾക്ക് ഏറെ പ്രയാസമുണ്ടാക്കുന്ന അത്താണിയിലെ ഗതാഗത പരിഷ്‌കാരം അടിയന്തിരമായി പുന:പരിശോധിയ്ക്കണമെന്ന് സി.പി.എം നെടുമ്പാശേരി ലോക്കൽ സെക്രട്ടറി പി.സി. സോമശേഖരൻ ആവശ്യപ്പെട്ടു. 15 വർഷം മുമ്പ് എയർപോർട്ട് കവലയിൽ നിന്ന് രണ്ടു ഭാഗത്തേയ്ക്കുമായി ജംഗ്ഷൻ വികസനത്തിനായി ദേശീയപാത അതോറിറ്റി ഭൂമി ഏറ്റെടുത്തിരുന്നു. കടകളും ഓഫീസുകളും ഉൾപ്പടെ നിരവധി കെട്ടിടങ്ങൾ പൊളിച്ചു നീക്കിയതല്ലാതെ എൻ.എച്ച് അതോറിറ്റി യാതൊരു നിർമ്മാണവും നടത്തിയിട്ടില്ല.

എം.എൽ.എക്കും പഞ്ചായത്തിനും ഇരട്ടത്താപ്പെന്ന് ബി.ജെ.പി

അത്താണിയിലെ ഗതാഗത പരിഷ്‌കാരത്തിനെതിരെ ജനകീയ പ്രതിഷേധം ഉയരുമ്പോൾ എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റും മറുകണ്ടം ചാടുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. ഗതാഗത മന്ത്രിക്കൊപ്പം നിന്ന് പരിഷ്കാരത്തിന് കുടപിടിച്ചവർ ഇപ്പോൾ നിലപാടുമാറ്റി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പരിഷ്‌കരണം ഉടൻ പിൻവലിച്ചില്ലെങ്കിൽ റോഡിൽ സ്ഥാപിച്ചിരിക്കുന്ന വീപ്പകൾ എടുത്തു മാറ്റുന്നതടക്കമുള്ള സമരമാരംഭിക്കുമെന്ന് എം എൻ.എൻ. ഗോപി,നെടുമ്പാശേരി മണ്ഡലം പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട് എന്നിവർ പറഞ്ഞു.

Advertisement
Advertisement