ഹിൻഡെൻബർഗ് റിപ്പോർട്ട് വീണ്ടും ചൂടുപിടിക്കുന്നു

Wednesday 03 July 2024 12:02 AM IST

ഊഹക്കച്ചവട സ്ഥാപനമായ ഹിൻഡെൻബർഗിന്റെ അദാനി ഗ്രൂപ്പ് റിപ്പോർട്ടിൽ സെബി നോട്ടീസ്

കൊച്ചി: അദാനി ഗ്രൂപ്പ് കമ്പനികളെ കുറച്ചുള്ള റിപ്പോർട്ടിന് ശേഷം ഊഹക്കച്ചവടത്തിലൂടെ അമേരിക്കയിലെ ഷോർട്ട് സെല്ലിംഗ് സ്ഥാപനമായ ഹിൻഡെൻബർഗ് 410 കോടി ഡോളറിന്റെ നേട്ടമുണ്ടാക്കിയെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) വ്യക്തമാക്കി. ഹിൻഡെൻബർഗിന് സെബി നൽകിയ 46 പേജുള്ള ഷോകോസ് നോട്ടീസിലാണ് ഈ ആരോപണമുള്ളത്. കൂടാതെ അദാനി ഗ്രൂപ്പിന്റെ യു.എസിൽ ലിസ്റ്റ് ചെയ്ത ബോണ്ടുകളുടെ ഷോട്ട് സെല്ലിംഗിലൂടെ 31,000 ഡോളർ അധിക നേട്ടവും ഹിൻഡെൻബർഗിന് ലഭിച്ചുവെന്ന് നോട്ടീസിൽ പറയുന്നു.

രാജ്യത്തെ നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് ഹിണ്ടൻബെർഗ് തയ്യാറാക്കിയ ഗവേഷണ റിപ്പോർട്ടെന്നും സെബി ചൂണ്ടിക്കാട്ടുന്നു.

സെബി ഒത്തുകളിച്ചെന്ന് ഹിൻഡെൻബർഗ്

കഴിഞ്ഞ വർഷം ജനുവരിയിൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ പ്രവർത്തനത്തെ കുറിച്ച് ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം സെബിയിലെ ഉയർന്ന ഉദ്യോഗസ്ഥർ ഇവർക്ക് പിന്തുണ നൽകുന്നതിനായി ഒത്തുകളിച്ചെന്ന് ഹിൻഡെൻബർഗ് ആരോപിച്ചു. റിപ്പോർട്ട് പുറത്തുവന്നതു മുതൽ അദാനി കമ്പനികളെ രക്ഷിക്കാൻ സെബി അരയും തലയും മുറുക്കി രംഗത്തുണ്ടെന്നും അവർ പറയുന്നു. ഇതിന്റെ ഭാഗമായി അദാനി കമ്പനികളിൽ ഷോർട്ടുള്ള ബ്രോക്കിംഗ് സ്ഥാപനങ്ങളെ നിർബന്ധിച്ച് പൊസിഷൻ ഒഴിച്ചതിനാൽ ഓഹരികൾക്ക് മികച്ച വാങ്ങൽ താത്പര്യം നേടാനായി. കനത്ത തകർച്ചയിൽ നിന്ന് അദാനി ഗ്രൂപ്പിനെ രക്ഷിക്കാനാണ് സെബി നീക്കം നടത്തിയത്.

ആരോപണ മുനയിൽ കോട്ടക് മഹീന്ദ്രയും

സെബി നൽകിയ ഷോകോസ് നോട്ടീസിൽ കൊട്ടക് മഹീന്ദ്ര ഗ്രൂപ്പിനെ ഒഴിവാക്കിയതിൽ വലിയ ഗൂഡാലോചനയുണ്ടെന്ന് ഹിണ്ടൻബെർഗ്. അദാനി ഓഹരികളിൽ ഷോർട്ട് വിൽപ്പന നടത്തുന്നതിനായി രൂപീകരിച്ച അക്കൗണ്ടുകളിൽ കൊട്ടക് മഹീന്ദ്രയും പങ്കാളിയായിരുന്നുവെന്ന് ഹിൻഡെൻബർഗ് പറയുന്നു. എന്നാൽ സെബി നൽകിയ ഷോകോസ് നോട്ടീസിൽ കോട്ടക്കിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. കോട്ടക് ബാങ്ക് സ്ഥാപകൻ ഉദയ് കോട്ടക് സെബിയുടെ 2017ലെ കൊർപ്പറേറ്റ് ഗവേണൻസ് സമിതിയിൽ അംഗമായിരുന്നതിനാലാണ് ഈ നിലപാടെന്നാണ് ആരോപണം.

ഹിൻഡെൻബർഗ് ഉപഭോക്താവല്ലെന്ന് കോട്ടക് മഹീന്ദ്ര

അമേരിക്കൻ ഷോർട്ട് സെല്ലറായ ഹിൻഡെൻബർഗ് ഉപഭോക്‌തൃ പട്ടികയിൽ ഉണ്ടായിരുന്നില്ലെന്ന് കോട്ടക് മഹീന്ദ്ര ഗ്രൂപ്പ് വ്യക്തമാക്കി. കോട്ടക്കിന്റെ ഉപഭോക്താവായ കിംഗ്ഡം മാനേജ്മെന്റ് അദാനി ഓഹരികളിൽ ഷോർട്ട് സെല്ലിംഗ് നടത്തിതെന്ന ആരോപണങ്ങൾ ഗ്രൂപ്പ് നിഷേധിച്ചു.

Advertisement
Advertisement