കേരളതീരത്ത് ചാകരക്കോള്, എന്നിട്ടും മത്സ്യതൊഴിലാളികൾക്ക് സന്തോഷമില്ല, കാരണം ഒന്ന്

Tuesday 02 July 2024 11:53 PM IST

ആലപ്പുഴ : ട്രോളിംഗ് നിരോധനത്തിൽ വറുതിയിലാണ്ട സംസ്ഥാനതീരത്ത് വലനിറയെ ലഭിക്കുന്ന മത്സ്യത്തിന് ന്യായവില ലഭിക്കുന്നില്ലെന്ന് പരാതി. കളക്ടർ ചെയർമാനായ ഹാർബർ മാനേജ്‌മെന്റ് കമ്മിറ്റിയെ നോക്കുകുത്തിയാക്കിയാണ് മത്സ്യവ്യാപാരികൾ സംഘടിതമായിവില കുറക്കുന്നതെന്നാണ് ആരോപണം.

കിലോയ്ക്ക് 200രൂപ ലഭിച്ചിരുന്ന പൂവാലൻ ചെമ്മീൻ കഴിഞ്ഞദിവസം തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖത്ത് 80രൂപക്ക് വിൽക്കേണ്ടിവന്നത് മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയായി. നീണ്ടകര, കായംകുളം ഹാർബറുകളിൽ ഇതേ സ്ഥിതി ഉണ്ടായി. മത്സ്യഉത്പന്ന കയറ്റുമതി വികസന അതോറിട്ടിയും മത്സ്യഫെഡും അടിയന്തരമായി ഇടപെട്ടു. മത്സ്യത്തൊഴിലാളികൾക്ക് ന്യായമായ വില ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.

ട്രോളിംഗ് നിരോധന കാലത്ത് പ്രത്യക്ഷപ്പെടാറുള്ള ചാകര ഇത്തവണയും പ്രകടമായി. ചെമ്മീൻ, ചൂട, മത്തി, ചെറുമീൻ ആണ് ഇത്തവണ ലഭിക്കുന്നത്. കഴിഞ്ഞദിവസം മത്സ്യബന്ധനത്തിന് പോയ വള്ളങ്ങളിൽ ചെമ്മീനും ചൂടയും കൊഴുവയും ധാരാളം ലഭിച്ചിരുന്നു. എങ്കിലും കിലോക്ക് ചെമ്മീൻ 80രൂപയും കൊഴുവയ്ക്ക് 10രൂപ നിരക്കിലുമാണ് വിറ്റഴിക്കേണ്ടി വന്നത് മത്സ്യതൊഴിലാളികളെ നിരാശപ്പെടുത്തി.

എല്ലാ സ്ഥലങ്ങളിലും ചെമ്മീൻ അധികമായി ഉണ്ടാകുന്നതാണ് വിലകുറയാൻ കാരണമെന്ന് ചെമ്മീൻ വ്യാപാരികൾ പറയുന്നത്.കയറ്റുമതിയും കുറവാണ് വ്യാപാരികൾ സംഘടിച്ചു ചെമ്മീന്റെ വിലകുറയ്ക്കുന്ന അവസ്ഥയാണുള്ളതെന്ന് തൊഴിലാളികൾ ആരോപിക്കുന്നു

മത്സ്യ മേഖലയിൽ നടക്കുന്ന ചൂഷണം അവസാനിപ്പിക്കാനുള്ള ഹാർബർ മാനേജ്‌മെന്റ് കമ്മിറ്റി പ്രവർത്തന സജ്ജമല്ല. കൊവിഡിന് ശേഷം കമ്മിറ്റി കൂടിയിട്ടില്ല. ജില്ലാ ഭരണകൂടം ഇതിൽ മൗനം പാലിക്കുന്നതിൽ ആരോപണമുണ്ട്

കച്ചവടക്കാർ സംഘടിതമായി പിന്മാറിയതിനെ തുടർന്നു കിട്ടുന്ന വിലക്ക് മത്സ്യം വിൽക്കേണ്ട സ്ഥിതിയാണ്. ഹാർബർ മാനേജ്‌മെന്റ് കമ്മിറ്റി പ്രവർത്തന സജ്ജമാക്കി ചെമ്മീൻ ഉൾപ്പെടെയുള്ള മത്സ്യത്തിന് ന്യായ വിലയിൽ സംഭരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം.

വി.ദിനകരൻ, ജനറൽ സെക്രട്ടറി, ധീവരസഭ

Advertisement
Advertisement