ലഹരിക്ക് തൊലിപ്പുറത്ത് പോര ചികിത്സ

Wednesday 03 July 2024 2:04 AM IST

ധനാഭ്യർത്ഥനയിൽ എക്സൈസ് വകുപ്പ് കൂടി ഉൾപ്പെട്ടതിനാലാവണം ചർച്ചയിൽ പങ്കടുത്ത ചില അംഗങ്ങൾ ബാറും കോഴയുമൊക്കെ ഉയർത്തിക്കൊണ്ടുവന്നത്. എന്നാൽ രാഷ്ട്രീയ പ്രസംഗം വിട്ട് ലഹരി വിപത്തിന്റെ ഭീകരതയിലേക്ക് വിരൽ ചൂണ്ടിയായിരുന്നു സി.പി.എം അംഗം യു.പ്രതിഭയുടെ പ്രസംഗം. ഏതാനും ദിവസം മുമ്പ് തന്റെ മണ്ഡലത്തിൽ (കായംകുളം)​ ഒരു വൃദ്ധയ്ക്ക് നേരെയുണ്ടായ അതിക്രമം അവർ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. നമ്മുടെ യുവാക്കൾ മോശക്കാരല്ല,​ കഴിവും അറിവും വേണ്ടുവോളമുണ്ട്. പക്ഷെ അവരുടെ ശരീരത്തിലേക്ക് ആഗ്രഹിക്കാത്ത ചില വസ്തുക്കൾ എത്തുമ്പോഴാണ് കുഴപ്പങ്ങളിലേക്ക് വഴുതുന്നത്,​ ഇതിന് തൊലിപ്പുറത്തെ ചികിത്സ പോരാ. ഒരു കിലോയിൽ താഴെ ലഹരി വസ്തുക്കൾ കൈവശം വച്ചാലും ജാമ്യം കിട്ടുമെന്ന അവസ്ഥ. കേന്ദ്ര നിയമത്തിൽ ഭേദഗതി കൊണ്ടുവന്നെങ്കിലേ ഇതിന് പരിഹാരമാവൂ എന്നും അവർ ചൂണ്ടിക്കാട്ടി.

ലീഗിനിട്ട് കൊട്ടിക്കൊണ്ടാണ് സി.പി.എം അംഗം കെ.പി കുഞ്ഞമ്മദ് കുട്ടി ചർച്ചയ്ക്ക് തുടക്കമിട്ടത്. ബാബറി മസ്ജിദ് തകർക്കാൻ ആർ.എസ്.എസിന് ഒത്താശ ചെയ്ത പാർട്ടിയാണ് കോൺഗ്രസെന്നും എന്നിട്ടാണ് ലീഗ് ഇപ്പോൾ രാഹുലിനെ പുകഴ്ത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിന്നീട് തന്റെ ഊഴമെത്തിയപ്പോൾ ലീഗ് അംഗം ടി.വി ഇബ്രാഹിം ഇതിന്റെ കണക്ക് തീർത്തു. സി.പി.എമ്മുകാർ ബാബറി മസ്ജിദെന്ന് പറയാൻ തുടങ്ങിയത് അടുത്തകാലത്തല്ലേയെന്നു ചോദിച്ച ഇബ്രാഹിം, ഇ.എം.എസ് വിശേഷിപ്പിച്ചിരുന്നത് തർക്ക ഭൂമിയെന്നാണെന്ന കാര്യവും ഓർമ്മിപ്പിച്ചു.

തിങ്കളാഴ്ച വാഴൂർ സോമൻ വനം വകുപ്പിനിട്ട് കൊടുത്ത താങ്ങിന് പിന്നാലെ, ഇന്നലെ മാത്യു .ടി തോമസിന്റെ വക ചെറിയ പ്രഹരം കിട്ടിയത് തദ്ദേശ സ്വയംഭരണ വകുപ്പിനാണ്. മുഴത്തിന് മുഴം തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് അനുവദിക്കുന്നതിനെ ചൊല്ലി പ്രതിപക്ഷം സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു മാത്യു ടി.തോമസിന്റെ സെൽഫ് ഗോൾ. തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനിയറിംഗ് വിഭാഗം ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്നും സർക്കാർ ഇടപെടണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അമിളി മനസിലായിട്ടോ എന്തോ, ഭരണപക്ഷ എം.എൽ.എ എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്ന ആത്മഗതവും. സി.പി.എം ജില്ലാ കമ്മിറ്റികളിലെ വിമർശനങ്ങളെക്കുറിച്ചുള്ള വാർത്തകളാണ് ഐ.ബി.സതീഷിനെ ചൊടിപ്പിച്ചത്. മാദ്ധ്യമങ്ങളെ അടപടലെ കുറ്റം പറഞ്ഞ അദ്ദേഹം, മനക്ഷയ ഹേതുവാക്കുന്ന വാർത്തകൾ സൃഷ്ടിക്കുന്ന പ്രവണത നിറുത്തണമെന്നും ഉപദേശിച്ചു.

Advertisement
Advertisement