അങ്കണവാടി കെട്ടിടം മെമ്പർ പൂട്ടി, പഞ്ചായത്ത് പൊളിച്ചു

Wednesday 03 July 2024 12:09 AM IST

അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ തച്ചക്കോട് അങ്കണവാടി കെട്ടിടത്തിന്റെ ഒരു ഭാഗം പൂട്ടി മെമ്പർ താക്കോലുമായി പോയി. പഞ്ചായത്ത് അധികൃതർ പലതവണ ആവശ്യപ്പെട്ടിട്ടും താക്കോൽ തിരികെ നൽകാത്തതിനാൽ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം അധികൃതർ പൂട്ട് പൊളിച്ചു.

കുട്ടികൾക്ക് കിടന്നുറങ്ങാനും കളിക്കാനും ഉപയോഗിച്ചിരുന്ന ഹാളാണ് പൂട്ടിയത്. പ്രതിഷേധം ശക്തമായതോടെ അങ്കണവാടി ലെവൽ മോണിറ്ററിംഗ് കമ്മിറ്റിയും സർവകക്ഷിയോഗവും ചേർന്ന് കെട്ടിടം തുറന്ന് കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ താക്കോൽ കൈമാറാൻ മെമ്പർ തയ്യാറായില്ല. തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഐ.സി.ഡി.എസ് സൂപ്പർ വൈസർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പൂട്ട് പൊളിച്ചത്. പുതിയ പൂട്ടിന്റെ താക്കോൽ അങ്കണവാടി സൂപ്പർ വൈസറെ ഏൽപ്പിക്കുകയും ചെയ്തു. അങ്കണവാടി സൂപ്പർ വൈസർക്കെതിരെ വാർഡ് മെമ്പർ പൊലീസിൽ പരാതി നൽകിയതായും പറയുന്നു.

Advertisement
Advertisement