വിംബിൾഡൺ : വനിതാ ചാമ്പ്യൻ ആദ്യ റൗണ്ടിൽ വീണു
ലണ്ടൻ : വിംബിൾഡൺ ടെന്നിസിന്റെ വനിതാ സിംഗിൾസിൽ നിലവിലെ ചാമ്പ്യനായ മാർക്കേറ്റ വാൻഡ്രൂസോവ ആദ്യ റൗണ്ടിൽ പുറത്തായി, ഇന്നലെ നടന്ന മത്സരത്തിൽ സ്പെയ്നിന്റെ ജസീക്ക ബൗസാസ് മനേയ്റോയാണ് നേരിട്ടുള്ള സെറ്റുകൾക്ക് ചെക് റിപ്പബ്ളിക്കുകാരിയായ മാർക്കേറ്റയെ തോൽപ്പിച്ചത്. സ്കോർ 6-4,6-2. 1993ൽ സ്റ്റെഫി ഗ്രാഫിന് ശേഷം വിംബിൾഡണിന്റെ ആദ്യ റൗണ്ടിൽ പുറത്താവുന്ന നിലവിലെ ചാമ്പ്യനാണ് മാർക്കേറ്റ.ലോക 83-ാം നമ്പർ താരമായ മനേയ്റോയുടെ ഗ്രാൻസ്ളാമിലെ ആദ്യ വിജയമാണിത്. ഇടുപ്പിലെ പരിക്കിനെത്തുടർന്ന് മാർക്കേറ്റയുടെ ടൂർണമെന്റിന് മുമ്പുള്ള പരിശീലനം മുടങ്ങിയിരുന്നു.
അതേസമയം വനിതാ സിംഗിൾസിൽ നാലാം സീഡ് എലേന റൈബാക്കിനയും അഞ്ചാം സീഡ് ജെസീക്ക പെഗുലയും രണ്ടാം റൗണ്ടിലെത്തി. ആദ്യ റൗണ്ടിൽ 6-1,6-3ന് എലേന റൊമേനിയയുടെ ഗബ്രിയേല റൂസിനെ തോൽപ്പിച്ചു. ജസീക്ക 6-2,6-0ത്തിന് അമേരിക്കയുടെ ക്രൂഗറെയാണ് കീഴടക്കിയത്. പുരുഷ സിംഗിൾസിൽ നിന്ന് പ്രമുഖ ബ്രിട്ടീഷ് താരം ആൻഡി മുറേ പിന്മാറി. ഇത്തവണ ഡബിൾസിൽ മാത്രമേ താൻ കളിക്കാനുളളൂവെന്ന് മുറേ അറിയിച്ചു.
സുമിത് പുറത്ത്
വിംബിൾഡൺ മെയിൻ ഡ്രായിൽ ഇടം നേടിയ ഇന്ത്യൻ പുരുഷ സിംഗിൾസ് താരം സുമിത് നാഗൽ ആദ്യറൗണ്ടിൽ പൊരുതിത്തോറ്റു.സെർബിയയുടെ മിയോമിർ കെച്മാനോവിച്ചിനോട് നാലുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നാഗൽ കീഴടങ്ങിയത്. 2-6,6-3,3-6,4-6 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ താരത്തിന്റെ തോൽവി. ആദ്യ സെറ്റ് കൈമോശം വന്ന നാഗൽ രണ്ടാം സെറ്റ് സ്വന്തമാക്കിയിരുന്നു. എന്നാൽ തുടർന്നുള്ള സെറ്റുകളിൽ സെർബിയൻ താരം ആധിപത്യം പുലർത്തി.