മാത്യു കുഴൽനാടന്റെ ഹർജി: സർക്കാരിനെ കക്ഷിചേർക്കും

Wednesday 03 July 2024 1:11 AM IST

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾക്ക് സി.എം.ആർ.എൽ കമ്പനി ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്ന മാത്യു കുഴൽനാടൻ എം.എൽ.എയുടെ ഹർജിയിൽ സർക്കാരിനെ കക്ഷിയാക്കാൻ ഹൈക്കോടതി നിർദ്ദേശം. സർക്കാരിനെ കക്ഷിയാക്കാതെയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നതെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി ചൂണ്ടിക്കാട്ടിയപ്പോഴാണ് ജസ്റ്റിസ് കെ. ബാബുവിന്റെ നിർദ്ദേശം.
തിരുവനന്തപുരം വിജിലൻസ് കോടതിയിൽ കുഴൽനാടൻ നൽകിയ പരാതിയിൽ സർക്കാരിനെയും കക്ഷി ചേർത്തിരുന്നെന്നും കോടതി നിർദ്ദേശപ്രകാരം സർക്കാർ വിശദീകരണം നൽകിയതാണെന്നും ഡി.ജി.പി വ്യക്തമാക്കി.വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് സി.എം.ആർ.എൽ പ്രതിഫലം നൽകിയത് അഴിമതി വിരുദ്ധനിയമത്തിന്റെ പരിധിയിൽ വരുമെന്നും അതിനാൽ അന്വേഷണം വേണമെന്നും കുഴൽനാടനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.
ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന ഇൻകംടാക്സ് ഇന്ററിം സെറ്റിൽമെന്റ് ബോർ‌ഡ് റിപ്പോർട്ടിന് ഏറെ പ്രാധാന്യമുണ്ട്. ഇത് സ്വകാര്യ പരാതിയിലുള്ള കണ്ടെത്തലല്ല. ഇതിന് വിരുദ്ധമായ വിജിലൻസ് കോടതിയുടെ നടപടി തെറ്റാണെന്നും ഹർജിക്കാരൻ വാദിച്ചു.മുഖ്യമന്ത്രിക്കും മകൾക്കുമെതിരേ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ ഭേദഗതി വരുത്തിയ ശേഷം വ്യാഴാഴ്ച വാദം തുടരും. പരാതി വീണ്ടും വിജിലൻസ് കോടതിയുടെ പരിഗണനയ്ക്കു വിടണമെന്നാണ് കുഴൽനാടന്റെ ആവശ്യം.

Advertisement
Advertisement