കല കൊലക്കേസ് ; അനിൽ ക്വട്ടേഷൻ നൽകി; സംഘം ഏറ്റെടുത്തില്ല

Wednesday 03 July 2024 2:15 AM IST

മാന്നാർ: 15 വർഷം മുൻപു കാണാതായ കലയെ കൊലപ്പെടുത്താൻ ഭർത്താവ് അനിൽ ക്വട്ടേഷൻ നൽകിയിരുന്നതായി ബന്ധുവിന്റെ വെളിപ്പെടുത്തൽ.

നാട്ടിലുള്ള ഒരു സംഘത്തിന് അനിൽ ക്വട്ടേഷൻ നൽകിയെങ്കിലും അവർ ഏറ്റെടുത്തില്ല. കലയുടെ സഹോദരൻ നടത്തിയ അന്വേഷണത്തിലാണ് ഇതു കണ്ടെത്തിയതെന്ന് മാതൃസഹോദരി ശോഭന മാദ്ധ്യമങ്ങളോട് പറഞ്ഞു. അറിയാവുന്ന കുട്ടി ആയതു കൊണ്ടാണ് ക്വട്ടേഷൻ എടുക്കാതിരുന്നതെന്നും മറ്റാർക്കെങ്കിലും ക്വട്ടേഷൻ കൊടുത്തേക്കുമെന്നും അവർ പറഞ്ഞിരുന്നു.

ഭർത്താവിന്റെ വീട്ടിൽ കലയ്ക്ക് നിരന്തരം പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നിരുന്നു. ജീവിച്ചിരുന്നെങ്കിൽ ഒരിക്കലെങ്കിലും മകനെ കാണാൻ ഉറപ്പായും അവൾ വരുമായിരുന്നെന്നും ശോഭന പറഞ്ഞു.

‘‘അനിലിനൊപ്പം പോകുമ്പോൾ കലയ്ക്ക് 20 വയസ്സേ പ്രായം കാണൂ. പ്ലസ് ടു കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. ഞങ്ങൾ വിവാഹം ക‌ഴിച്ചു നൽകില്ലെന്ന് അറിയിച്ചതോടെ അനിൽ കലയെ വന്നു കൊണ്ടുപോവുകയായിരുന്നു. അനിലിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം നടത്തിയത്. കല മറ്റൊരാളുമായി സ്നേഹത്തിലാണെന്ന് ഇതിനിടയ്ക്ക് അനിൽ പറഞ്ഞിരുന്നു. അനിലിന്റെ അമ്മ എന്നും കലയുമായി ബഹളമുണ്ടാക്കുമായിരുന്നു. പക്ഷേ അച്ഛനു സ്നേഹമായിരുന്നു'- ശോഭന പറഞ്ഞു.

മിസിംഗ് കേസെന്ന് അന്ന് ഒതുക്കി

ആലപ്പുഴ: വർഷങ്ങൾക്ക് മുമ്പ് കലയുടെ അമ്മ ചന്ദ്രികയും പിന്നാലെ അച്ഛൻ ചെല്ലപ്പനും മരണപ്പെടുകയും മിസിംഗ് കേസിലെ പൊലീസ് അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുകയും ചെയ്തത് കൊലപാതകം പുറംലോകം അറിയാതിരിക്കാൻ സഹായകമായി. ചെന്നിത്തല പഞ്ചായത്തിലെ പായിക്കാട്ട് മീനത്തതിൽ വീട്ടിൽ ചെല്ലപ്പന്റെയും വീട്ടമ്മയായ ചന്ദ്രികയുടെയും ഇളയ മകളാണ് കല. മേസ്തിരിപ്പണിക്കാരനായ അനിലുമായി പ്രണയത്തിലായി. അനിലിന്റെ വീട്ടുകാർക്ക് ഇതരസമുദായക്കാരിയായ കലയുമായുളള വിവാഹത്തിന് താൽപര്യമുണ്ടായില്ല. വിവാഹ ശേഷം കലയുടെയും കലയുടെ സഹോദരൻ കവികുമാറിന്റെയും വീട്ടിൽ മാറിമാറി താമസിച്ചു. ഒരു കുട്ടിയായശേഷമാണ് അനിലിന്റെ വീട്ടുകാർ ഇവരുമായി സഹകരിക്കാൻ തയ്യാറായത്.

അനിലിന്റെ വീട്ടുകാരുമായി യോജിപ്പിലെത്തിയശേഷം ഇരുവരും തമ്മിൽ പ്രശ്നങ്ങൾ തലപൊക്കി. പിണങ്ങി കുടുംബ വീട്ടിലെത്തിയ കലയെയും കുഞ്ഞിനെയും അനിൽ പിന്നീട് അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി. എന്നിട്ടായിരുന്നു അതിക്രൂരമായി കൊലപ്പെടുത്തിയത്.

Advertisement
Advertisement